Connect with us

NIPAH

നിപ ജാഗ്രത വീണ്ടും; ഓര്‍മ മായാതെ സൂപ്പിക്കട

2018 മെയ് അഞ്ചിനാണു കേരളത്തില്‍ ആദ്യമായി നിപ വൈറസ് മൂലമുള്ള മരണം സ്ഥിരീകരിച്ചത്.

Published

|

Last Updated

കോഴിക്കോട് | കേരളത്തില്‍ നിപ ജാഗ്രത തലപൊക്കുമ്പോഴെല്ലാം ഓര്‍മയില്‍ ഓടിയെത്തുന്ന പേരാണു സൂപ്പിക്കട. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത ചങ്ങരോത്ത് പഞ്ചായത്തിലാണു സൂപ്പിക്കട എന്ന ഉള്‍ നാടന്‍ ഗ്രാമം. ഏതാനും കടകളുള്ള ചെറിയൊരു കവലകഴിഞ്ഞു നീണ്ടുപോകുന്ന റോഡ്. അതാണു കേരളത്തെ നടുക്കി ആദ്യമായി നിപയുടെ വിത്തു വീണ ഇടം. ഇന്നും ആ ഗ്രാമത്തിന്റെ മനസ്സില്‍ നിന്നു പഴയനാളുകളുടെ ഓര്‍മകള്‍ അകന്നിട്ടില്ല.

2018 മെയ് അഞ്ചിനാണു കേരളത്തില്‍ ആദ്യമായി നിപ വൈറസ് മൂലമുള്ള മരണം സ്ഥിരീകരിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ച പതിനേഴു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. കേരളം അതുവരെ ദര്‍ശിച്ചിട്ടില്ലാത്ത പോരാട്ടത്തിലൂടെ രോഗബാധ കണ്ട രണ്ടുപേര്‍ ജീവിതത്തിലേക്കു തിരിച്ചെത്തി.

ആദ്യമരണം നടന്നുകഴിഞ്ഞു 12 ദിവസങ്ങള്‍ക്കു ശേഷമാണ് അജ്ഞാതമായ ആ വൈറസ് സാന്നിധ്യം സംശയിക്കപ്പെടുന്നത്. ആരോഗ്യവകുപ്പിന്റെ ജാഗ്രതാപൂര്‍ണമായ ഇടപെടലില്‍ വിദഗ്ധ പരിശോധന നടക്കുന്നു. മരണം നിപ വൈറസ് ബാധ മൂലമാണെന്നു സ്ഥിരീകരിച്ചുകൊണ്ട് മേയ് 19നു ഫലം വന്നു. രോഗനിര്‍ണയത്തിന് രണ്ടാഴ്ചയോളം വേണ്ടിവന്നെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങള്‍ കേരളം കണ്ട ഏറ്റവും കരുത്തുറ്റ ജാഗ്രതയുടേതായിരുന്നു. പഴുതടച്ച പ്രതിരോധത്തിലൂടെ വൈറസ് വ്യാപനത്തെ കേരളം പ്രതിരോധിച്ചു.

 

സൂപ്പിക്കടയില്‍ വളച്ചുകെട്ടിവീട്ടില്‍ സാബിത്ത് മെയ് അഞ്ചിനാണു മരിച്ചത്. പനി ബാധിച്ചുള്ള ചികിത്സക്കിടെയായിരുന്നു മരണം. കേരളത്തില്‍ നിപ ബാധിച്ചു മരിച്ച ആദ്യ രോഗി സാബിത്ത് ആണെന്നാണ് ഇതുവരെയുള്ള നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു സാബിത്തിന്റെ മരണം. മെയ് 18ന് സാബിത്തിന്റെ സഹോദരന്‍ സ്വാലിഹിനും ജീവന്‍ നഷ്ടമായി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു മരണം. പഴംതീനി വവ്വാലുകളില്‍ നിന്നു സാബിത്തിലേക്കാണ് ആദ്യമായി നിപ വൈറസ് പടര്‍ന്നതെന്നായിരുന്നു നിഗമനം.

സാലിഹ് മരിച്ചതോടെയാണു പനിക്കു പിന്നിലെ അജ്ഞാതമായ കാരണം വൈദ്യശാസ്ത്രം അന്വേഷിച്ചത്. ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കുണ്ടായ സംശയം കേരളത്തെ കൂട്ടമരണത്തില്‍ നിന്നു കാത്തു. സാലിഹ് മരണപ്പെട്ടതിനു പിന്നാലെ പിതാവ് മൂസയും അവരുടെ സഹോദരി മറിയവും മരണപ്പെട്ടതോടെ കേരളം നടുങ്ങി. പിന്നാലെ സാബിത്തിനെ ആശുപത്രിയില്‍ പരിചരിച്ച നഴ്സ് പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ സിസ്റ്റര്‍ ലിനിയും ചികിത്സയിലായി. മരണം മുഖാമുഖം കണ്ടു വെന്റിലേറ്ററില്‍ കിടന്ന സിസ്റ്റര്‍ ലിനി കേരളത്തിന്റെ കണ്ണീരായി.

മെയ് രണ്ടിനായിരുന്നു സാബിത് പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ പനിക്കു ചികിത്സ തേടിയത്. അടുത്ത ദിവസം പനി കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണു താല്‍ക്കാലിക നഴ്‌സ് ലിനിക്കു വൈറസ് ബാധയുണ്ടായത്. ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്നുറപ്പായ ലിനിയുടെ കുറിപ്പ് കേരളത്തെ കണ്ണീരിലാഴ്തി. മെയ് നാലിനു സാബിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. സി ടി സ്‌കാനിനു വിധേയമാക്കാന്‍ കൊണ്ടുപോയ വഴിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു രോഗം പടര്‍ന്നു. സാബിത്തില്‍ നിന്നു പേരാമ്പ്ര താലുക്ക് ആശുപത്രിയിലെ നാലുപേരിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു പത്തുപേരിലേക്കും നിപ വൈറസ് പടര്‍ന്നു.

 

രോഗികളുമായി പല രീതിയില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട പതിമൂന്നു പേര്‍ നിപ്പ ബാധിച്ചു മരിച്ചു. മെഡിക്കല്‍ കോളജില്‍ നിന്നു രോഗികളെ കൂട്ടത്തോടെ ഒഴിവാക്കി. നിപ്പ സ്ഥിരീകരിച്ച അജന്യ, ഉബീഷ് എന്നിവര്‍ വൈദ്യശാസ്ത്രത്തിന്റെ സമാനതകളില്ലാത്ത ജാഗ്രതയാല്‍ അത്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവന്നു.

ഒരേ കുടുംബത്തിലെ നാലുപേര്‍ സമാനമായ ലക്ഷണങ്ങളോടെ മരിച്ചതാണ് രോഗത്തിനു പിന്നില്‍ അജ്ഞാതമായ വൈറസ് സാന്നിധ്യം സംശയിക്കാന്‍ ഇടയായത്. സ്രവ സാമ്പിളുകളൊന്നും ശേഖരിക്കാതെയായിരുന്നു സാബിത്തിന്റെ ഖബറടക്കം. സാബിത്തില്‍ നിന്നു രോഗം പകര്‍ന്ന സാലിഹിനു നിപ സ്ഥിരീകരിച്ചതിനാല്‍ സാബിത്തിന്റെ മരണകാരണവും നിപയാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.

കേരളത്തില്‍ നിപ സ്ഥിരീകരിച്ചതോടെ രാജ്യം അതുവരെ കണ്ടിട്ടില്ലാത്ത പ്രതിരോധ സംവിധാനമാണ് ഒരുക്കിയത്. കോഴിക്കോട്ടെ ഗ്രാമ, നഗരങ്ങള്‍ നിശ്ചലമായി. ഗതാഗതം സ്തംഭിച്ചു. കമ്പോളങ്ങള്‍ അടഞ്ഞു. ആരോഗ്യവകുപ്പു പ്രഖ്യാപിച്ച പഴുതടച്ച പ്രതിരോധ സംവിധാനങ്ങളുമായി ജനം ചേര്‍ന്നു നിന്നു. കോവിഡിനു മുമ്പുതന്നെ കേരളം സുരക്ഷയുടെ പുതിയ പാഠങ്ങള്‍ പഠിച്ചു. രോഗബാധയുണ്ടായ പ്രദേശത്തേയും സമ്പര്‍ക്കമുള്ളവരേയും പൂര്‍ണമായി വേര്‍തിരിച്ചു. മികച്ച ചികിത്സ ഉറപ്പാക്കി. മുന്‍കരുതലുകള്‍ ശക്തമാക്കി. രണ്ടു മാസങ്ങള്‍ക്കു ശേഷം പുതിയ രോഗികളില്ലെന്നു റപ്പാക്കിയശേഷമാണ് 2018 ജൂണ്‍ 30ന് മലപ്പുറം, കോഴിക്കോട് ജില്ലകളെ ആരോഗ്യവകുപ്പ് നിപ വിമുക്തമായി പ്രഖ്യാപിച്ചത്.

 

ആദ്യ നിപ വൈറസ് ബാധയുടെ ഭീതിയൊഴിയുന്നതിന് മുന്‍പ് 2019ല്‍ വീണ്ടും കേരളത്തില്‍ നിപ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഗോകുല്‍ കൃഷ്ണക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോട്ടെ നിപ വൈറസ് ബാധയുടെ ആദ്യാനുഭവങ്ങള്‍ കരുത്തായി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗവ്യാപനം തടഞ്ഞു.

2021ല്‍ മൂന്നാം തവണയും കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ചാത്തമംഗലം മുന്നൂരിലെ 12 കാരന്‍ മുഹമ്മദ് ഹിഷാന്‍ നിപ്പ ബാധിച്ചു മരണപ്പെട്ടു. അപ്പോഴും കര്‍ശനമായ മുന്‍കരുതലുകളിലൂടെ രോഗവ്യാപനം തടഞ്ഞു. വൈറസ് വാഹകരായ പഴം തീനി വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങള്‍ ധാരാളമുള്ള കേരളത്തില്‍ നിപ്പയുടെ ഭീതി ഒഴിയുന്നില്ലെന്നാണ് വ്യക്തമാവുന്നത്.