Kerala
നിമിഷ പ്രിയയുടെ വധശിക്ഷ; കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
നിമിഷ പ്രിയക്ക് വധശിക്ഷ ഈ മാസം 16ന് നടപ്പാക്കണമെന്നാണ് ജയില്‍ അധികൃതര്‍ക്ക് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിര്‍ദേശം.

ന്യൂഡല്‍ഹി| യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമം തുടരുന്നു. വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ രംഗത്തെത്തി. കെ രാധാകൃഷ്ണന്‍ എംപി,അടൂര്‍ പ്രകാശ് എം.പി, എ എ റഹീം എംപി എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡോ. ജോണ്‍ ബ്രിട്ടാസ് എംപി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു. നിമിഷ പ്രിയക്ക് വധശിക്ഷ ഈ മാസം 16ന് നടപ്പാക്കണമെന്നാണ് ജയില്‍ അധികൃതര്‍ക്ക് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിര്‍ദേശം.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേന്ദ്രത്തിന്റെ സമയബന്ധിത ഇടപെടല്‍ അനിവാര്യമാണ്. യെമനിലെ സാമൂഹ്യപ്രവര്‍ത്തകരടക്കം വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നും അതില്‍ കേന്ദ്രത്തിന്റെ സഹായവും കൂടി ലഭിച്ചാല്‍ നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ ചെയ്യാനാകുമെന്ന് കെ രാധാകൃഷ്ണന്‍ എം പി പറഞ്ഞു. ഇറാനുമായി ഇന്ത്യക്കുള്ള സൗഹൃദം ഉപയോഗിച്ച് വിഷയത്തില്‍ ഇടപെടണമെന്ന് കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലെ ചോദ്യോത്തരവേളയില്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
2017 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ പൗരനായ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്കു ശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ.