National
പഹല്‍ഗാം ഭീകരാക്രമണം: ഹാഫിസ് സയീദ് മുഖ്യസൂത്രധാരന്‍; അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ ഐ എ
ജമ്മുവിലെ പ്രത്യേക എന്‍ ഐ എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ജമ്മു | 26 പേര്‍ കൊല്ലപ്പെട്ട ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണ കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ലശ്കര്‍-ഇ-തൊയ്ബ തലവന്‍ ഹാഫിസ് സയീദ് ആണെന്ന് വ്യക്തമാക്കിയാണ് എന്‍ഐഎ ഞായറാഴ്ച അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ജമ്മുവിലെ പ്രത്യേക എന്‍ ഐ എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിരോധിത ഭീകര സംഘടനയായ ലശ്കര്‍-ഇ-തൊയ്ബയുടെയും അതിന്റെ നിഴല്‍ സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെയും സ്ഥാപകനും തലവനും എന്ന നിലയിലും, വ്യക്തിഗതമായ ചുമതലയിലുമാണ് ഹാഫിസ് സയീദിനെതിരെ ഭീകരവിരുദ്ധ ഏജന്‍സി കുറ്റം ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസാരന്‍ താഴ്വരയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക ഗൈഡും ഉള്‍പ്പെടെ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
എന്‍ ഐ എയുടെ കണ്ടെത്തല്‍ പ്രകാരം, ഈ ആക്രമണത്തിന്റെ മുഴുവന്‍ ആസൂത്രണവും നടന്നത് പാകിസ്ഥാനിലാണെന്നാണ്്. സയീദ് പാകിസ്ഥാനിലിരുന്ന് ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, ഓപ്പറേഷന്‍ ആസൂത്രണം ചെയ്യുകയും, അതിന്റെ നടത്തിപ്പ് നിരീക്ഷിക്കുകയും ചെയ്തതായി ഏജന്‍സി കണ്ടെത്തി
ഭാരതീയ ന്യായ സംഹിത , 2023, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം , 1967 എന്നിവയിലെ കര്‍ശനമായ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
ആദ്യം സമര്‍പ്പിച്ച 1,597 പേജുള്ള കുറ്റപത്രത്തിന്റെ തുടര്‍ച്ചയായാണ് ഈ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക്, സയീദിന്റെ നേരിട്ടുള്ള ഇടപെടല്‍, ആക്രമണ സ്ഥലത്തുനിന്ന് ശേഖരിച്ച ശാസ്ത്രീയ, ഫോറന്‍സിക്, സാങ്കേതിക തെളിവുകള്‍ എന്നിവ ഇതില്‍ വിശദീകരിക്കുന്നുണ്ട്.
2025 ഡിസംബര്‍ 15ന് എന്‍ ഐ എ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരബന്ധമുള്ള സാജിദ് ജാട്ടിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ, 2025 ജൂലൈയില്‍ നടന്ന ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന സൈനിക നടപടിയില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരര്‍, അറസ്റ്റിലായ രണ്ട് പ്രതികള്‍, ആക്രമണത്തിന് ഗൂഢാലോചന നടത്തുകയും അത് നടപ്പിലാക്കുകയും ചെയ്ത നിരോധിത സംഘടനകളായ ലശ്കര്‍, ടി ആര്‍ എഫ് എന്നിവരുടെ പേരുകളും ഇതിലുണ്ടായിരുന്നു.
Content Highlights: The NIA filed a supplementary chargesheet in Jammu naming LeT chief Hafiz Saeed as the mastermind behind the Pahalgam terror attack. The attack in Baisaran valley killed 26 people including 25 tourists and a local guide. The agency stated the conspiracy was entirely planned and monitored from Pakistan.




