Connect with us

Kerala

സിസേറിയനു വിധേയയായ യുവതിയുടെ വയറ്റില്‍ അണുബാധ; ആരോഗ്യ മന്ത്രിക്കു പരാതി നല്‍കിയെങ്കിലും ഇടപെട്ടില്ല

നെയ്യാറ്റിന്‍കര സ്വദേശിയും സ്വകാര്യ ആശുപത്രി നഴ്‌സുമായ സജിതക്കു ചികിത്സാ പിഴവുണ്ടായെന്നാണു പരാതി

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സിസേറിയനു വിധേയയായ യുവതിയുടെ വയറ്റില്‍ അണുബാധ കണ്ടെത്തി. അഞ്ച് മാസമായി കടുത്ത വേദനയില്‍ കഴിയുകയായിരുന്ന നെയ്യാറ്റിന്‍കര സ്വദേശിയും സ്വകാര്യ ആശുപത്രി നഴ്‌സുമായ സജിതക്കു ചികിത്സാ പിഴവുണ്ടായെന്നാണു പരാതി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. പ്രസവത്തിന് പിന്നാലെ കിടപ്പിലായ സജിതയ്ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.

ജനുവരി 28നായിരുന്നു സജിതയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ഫെബ്രുവരി ആറിന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. രണ്ട് ദിവസത്തിന് ശേഷം കടുത്ത പനിയും വേദനയും അനുഭവപ്പെട്ടു. ഒന്‍പതാം തീയതി ആശുപ്രത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അതിന് ശേഷവും കടുത്ത വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് സ്‌കാനിങ് ചെയ്തു. സ്‌കാനിങ് റിപ്പോര്‍ട്ടുമായി വീണ്ടും നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഡോക്ടര്‍ രേണുകയെ കണ്ടു.

സ്‌കാനിങില്‍ കുഴപ്പമില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. വെള്ളം കുടിക്കാത്തതിനാല്‍ യൂറിനറി ഇന്‍ഫെക്ഷനായതായിരിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ ഇതിന് മരുന്ന് നല്‍കിയിരുന്നു.
വേദന മാറാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം ജൂബിലി ആശുപത്രിയില്‍ ചികിത്സ തേടി. അവിടെവെച്ച് എം ആര്‍ ഐ സ്‌കാനിങ് നടത്തി. അതിലാണ് അണുബാധ കണ്ടെത്തിയത്.

ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായ പിഴവാകാം ഇതെന്നാണ് സൂചന. സജിതയുടെ തുടര്‍ ചികിത്സയ്ക്കായി ഇതിനോടകം രണ്ട് ലക്ഷം രൂപയ്ക്കു മുകളില്‍ ചെലവായി. എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സജിതയ്ക്ക് ഇനിയും സര്‍ജറി ആവശ്യമുണ്ട്. അണുബാധ മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നുപിടിച്ചിട്ടുണ്ട്.

Content Highlights:
A woman suffered a severe infection due to alleged medical negligence during a cesarean at Neyyattinkara General Hospital. Despite complaining to the Health Minister, no action has been taken so far. The patient requires further surgery at SAT Hospital as the infection has spread to other organs.

 

Latest