online scam
ഓൺലൈൻ തട്ടിപ്പിനായി വീണ്ടും പുത്തൻ ലിങ്കുകൾ
ഏത് സമയത്തും "പൊട്ടാൻ' സാധ്യതയുള്ള ഇത്തരം ലിങ്കുകളിലേക്ക് തുടക്കത്തിൽ ചെറിയ തുകയാണ് പലരും നിക്ഷേപിക്കുന്നത്.

കോഴിക്കോട് | പണമിരട്ടിപ്പിക്കാൻ കാത്തിരിക്കുന്നവരെ വലയിലാക്കാൻ നിരവധി ഓൺലൈൻ ലിങ്കുകൾ. കാറ്റർപില്ലർ കമ്പനിയുടെ ആളുകളെന്ന് പരിചയപ്പെടുത്തി നിക്ഷേപകരിൽ നിന്ന് വൻ തുക തട്ടിയെടുത്തതിന് പിന്നാലെയാണ് അഞ്ച് ഓൺലൈൻ ലിങ്കുകൾ ആളുകളെ തേടി വലവിരിച്ചിരിക്കുന്നത്.
വൻ തുക കമ്മീഷനായി വാഗ്്ദാനം ചെയ്ത് മൂന്ന് മാസത്തിലധികം നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് കാറ്റർപില്ലർ കമ്പനിയുടെ പേരിലുള്ള ഓൺലൈൻ ലിങ്ക് ഈ മാസം ആദ്യം അപ്രത്യക്ഷമായതോടെയാണ് “കമ്പനി’ അധികൃതർ മുങ്ങിയ വിവരം പലരും അറിയുന്നത്. തട്ടിപ്പാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ ഈ ലിങ്കിലൂടെ പണം നഷ്ടപ്പെടുത്തിയ നിരവധി പേരുണ്ട്.
വൻതുക നഷ്ടപ്പെട്ട ചിലരാണ് നിയമ നടപടിയെക്കുറിച്ച് ആലോചിക്കുന്നത്. അതിനിടെയാണ് ഇതേ മാതൃകയിൽ വീണ്ടും ഓൺലൈൻ ലിങ്കുകൾ നിക്ഷേപകരെ തേടിയെത്തിയിരിക്കുന്നത്. ഇ വി ബോക്‌സ്, ടെസ്‌ല, ഷോപ്പിംഗ് മാൾ, ഭാരത് ബെൻസ്, ടി ഡി ഡബ്ല്യൂ ഉൾപ്പെടെയുള്ള ലിങ്കുകളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പേർക്കിടയിൽ ഈ ലിങ്കുകൾ വ്യാപകമായി പ്രചരിക്കുന്നതായാണ് വിവരം. നേരത്തേ കാറ്റർപില്ലർ വഴി പണം നഷ്ടപ്പെട്ടവരും ഈ ലിങ്കുകളിൽ പണം നിക്ഷേപിക്കുന്നുണ്ട്. ഏത് സമയത്തും “പൊട്ടാൻ’ സാധ്യതയുള്ള ഇത്തരം ലിങ്കുകളിലേക്ക് തുടക്കത്തിൽ ചെറിയ തുകയാണ് പലരും നിക്ഷേപിക്കുന്നത്.
ചെറിയ തുകക്ക് പോലും വലിയ വരുമാനം കിട്ടുന്നതോടെ വീണ്ടും പണം നിക്ഷേപിക്കാൻ ഇവർ ഉത്സാഹം കാട്ടുന്നു. ഓൺലൈൻ ലിങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനെതിരെ പോലീസ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തുണ്ടെങ്കിലും പലരും ഇതിനെ അവഗണിക്കുന്നു. ഫലം പണം നഷ്ടപ്പെടുന്നതായിരിക്കും. കൊവിഡിന് ശേഷമാണ് വ്യാപകമായ തോതിൽ പണമിരട്ടിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്ക് പ്രചാരം ലഭിക്കുന്നത്.