International
സ്വതന്ത്ര ഫലസ്തീന്‍ അംഗീകരിക്കില്ലെന്ന് നെതന്യാഹു; പരമാധികാരം ഇസ്‌റാഈലിന് തന്നെ വേണമെന്ന്
ദ്വിരാഷ്ട്ര പരിഹാരം സാധ്യമാണോ എന്ന ചോദ്യത്തിന് എനിക്കറിയില്ലെന്ന് ട്രംപിന്റെ മറുപടി

വാഷിംഗ്ടണ്‍ | സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമുണ്ടാകുന്നത് അംഗീകരിക്കില്ലെന്നുറപ്പിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. സ്വതന്ത്ര രാഷ്ട്രമായാല്‍ ഇസ്‌റാഈലിനെ നശിപ്പിക്കുമെന്ന് നെതന്യാഹു ആശങ്കപ്പെട്ടു. ഇതിനാല്‍ സുരക്ഷാ പരമാധികാരം എന്നും ഇസ്‌റായേലിന്റെ കൈകളില്‍ തന്നെ തുടരണമെന്ന് നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയ ശേഷം വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരം സാധ്യമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘എനിക്കറിയില്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇതോടെ മറുപടി നെതന്യാഹു രംഗത്തെത്തി. ഫലസ്തീനികള്‍ക്ക് സ്വയം ഭരിക്കാനുള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്നുവെന്നും പക്ഷേ നമ്മളെ ഭീഷണിപ്പെടുത്താന്‍ അത് ഉണ്ടായിരിക്കരുതെന്നും നെതന്യാഹു പറഞ്ഞു. അതായത് മൊത്തത്തിലുള്ള സുരക്ഷ പോലെ ഒരു പരമാധികാരം എപ്പോഴും നമ്മുടെ കൈകളിലായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം ലോക മഹായുദ്ധത്തിനും ഹോളോകോസ്റ്റിനും ശേഷം നമ്മള്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കൂട്ടക്കൊലകളാണ് ഹമാസ് ഇസ്‌റാഈലില്‍ നടത്തിയതെന്ന് നെതന്യാഹു ആരോപിച്ചു. അതിനാല്‍ അവര്‍ക്ക് ഒരു രാഷ്ട്രം നല്‍കാമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഇനി ഒരിക്കലും അവര്‍ക്ക് അത് ഉണ്ടാകില്ലെന്നാണ് ഞങ്ങള്‍ പ്രതിജ്ഞയെടുത്തിരിക്കുന്നത്. ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന് നെതന്യാഹു ആവര്‍ത്തിച്ച് പറഞ്ഞു.