Connect with us

From the print

നെതന്യാഹുവിന് കടുത്ത രാഷ്ട്രീയ പ്രതിസന്ധി

ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നെതന്യാഹു പരാജയപ്പെടുമെന്ന് പ്രവചിക്കുന്ന പുതിയ സർവേകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധി.

Published

|

Last Updated

തെൽ അവീവ് | ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം ഇസ്‌റാഈൽ താത്കാലികമായി നിർത്തിവെച്ചതിനെതിരെ രാജ്യത്തിനകത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നേരെ കടുത്ത വിമർശം. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നെതന്യാഹു പരാജയപ്പെടുമെന്ന് പ്രവചിക്കുന്ന പുതിയ സർവേകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധി.

ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ പുതിയ വ്യോമാക്രമണങ്ങൾക്ക് നെതന്യാഹു ഉത്തരവിട്ട് മണിക്കൂറുകൾക്കകമാണ്, ഇസ്‌റാഈലും ഹിസ്ബുല്ലയും പരസ്പരം ആക്രമണം നിർത്താൻ ധാരണയായതായി ട്രംപ് പ്രഖ്യാപിച്ചത്. ഇസ്‌റാഈലിന്റെ ആക്രമണങ്ങൾ യു എസുമായുള്ള ഇറാന്റെ സമാധാന ചർച്ചകളെ ബാധിക്കുമെന്ന് തെഹ്‌റാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഇടപെടൽ. തുടർന്ന് ബെയ്‌റൂത്തിനെ ഒഴിവാക്കി പുതിയ വെടിനിർത്തൽ കരാർ നിലവിൽ വന്നതായി ലബനാൻ സർക്കാറും സ്ഥിരീകരിച്ചു.
ദേശീയ സുരക്ഷാ കാര്യങ്ങളിൽ നെതന്യാഹു അമേരിക്കക്ക് മുന്നിൽ പൂർണമായി കീഴടങ്ങിയെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. നെതന്യാഹു ഭരണകൂടത്തിന് ഇസ്‌റാഈലിന്റെ പരമാധികാരത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി മുൻ പ്രധാനമന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ നഫ്താലി ബെന്നറ്റ് കുറ്റപ്പെടുത്തി. ഇസ്‌റാഈലിനെ അമേരിക്കയുടെ ഒരു ആശ്രിത സംസ്ഥാനം പോലെയാക്കി മാറ്റാനാണ് നെതന്യാഹു അനുവദിച്ച് നൽകിയിരിക്കുന്നതെന്ന് പ്രതിപക്ഷ സഖ്യകക്ഷിയായ യായിർ ലാപിഡ് പരിഹസിച്ചു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വീറും ട്രംപിന്റെ നിർദേശത്തോട് ഇസ്‌റാഈൽ “നോ’ പറയണമായിരുന്നുവെന്ന് വ്യക്തമാക്കി രംഗത്തെത്തി.

അമേരിക്കയുടെ ഈ അപമാനകരമായ ആവശ്യം ചരിത്രത്തിൽ ഒരു ഇസ്‌റാഈൽ പ്രധാനമന്ത്രിയും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് പറഞ്ഞു.
സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ പോലും അമേരിക്കയുടെ അനുമതി തേടേണ്ടി വരുന്ന അപമാനകരമായ അവസ്ഥയിലാണ് ഇസ്‌റാഈൽ ഇപ്പോൾ ഉള്ളതെന്ന് പ്രമുഖ മാധ്യമമായ “ദി ജറുസലം പോസ്റ്റ്’ എഡിറ്റോറിയലിൽ കുറിച്ചു.

Latest