National
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ 'കിംഗ്പിൻ' പിടിയിൽ; കുടുങ്ങിയത് എൻ ടി എ ഏജന്റായ കെമിസ്ട്രി പ്രൊഫസർ
പൂനെയിൽ നിന്നുള്ള അധ്യാപകനായ ഇദ്ദേഹത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻ ടി എ) വേണ്ടി പരീക്ഷാ നടത്തിപ്പിൽ പങ്കാളിത്തമുണ്ടായിരുന്നു.
ന്യൂഡൽഹി | മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു ജി 2026 ലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. പരീക്ഷാ ക്രമക്കേടിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന കെമിസ്ട്രി പ്രൊഫസർ പി വി കുൽക്കർണിയെ സി ബി ഐ അറസ്റ്റ് ചെയ്തു. പൂനെയിൽ നിന്നുള്ള അധ്യാപകനായ ഇദ്ദേഹത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻ ടി എ) വേണ്ടി പരീക്ഷാ നടത്തിപ്പിൽ പങ്കാളിത്തമുണ്ടായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്താണ് ഇയാൾ ചോദ്യപേപ്പർ ചോർത്തിയതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ അവസാന വാരത്തിൽ കുൽക്കർണി തന്റെ വീട്ടിൽ പ്രത്യേക കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. മനീഷ വാഗ്‌മറെ എന്ന മറ്റൊരു പ്രതിയുടെ സഹായത്തോടെയാണ് വിദ്യാർത്ഥികളെ ഇവിടേക്ക് എത്തിച്ചത്. ഈ ക്ലാസുകളിൽ വെച്ച് ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും കൃത്യമായ ഉത്തരങ്ങളും വിദ്യാർത്ഥികൾക്ക് പറഞ്ഞു നൽകി. വിദ്യാർത്ഥികൾ തങ്ങളുടെ നോട്ട്ബുക്കുകളിൽ കുറിച്ചെടുത്ത ഈ ചോദ്യങ്ങൾ നീറ്റ് പരീക്ഷയിലെ യഥാർത്ഥ ചോദ്യങ്ങളുമായി പൂർണ്ണമായും ഒത്തുപോകുന്നതായി സി ബി ഐ കണ്ടെത്തി.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയെത്തുടർന്ന് മേയ് 12 നാണ് റദ്ദാക്കിയത്. 22.79 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. നീറ്റിന്റെ 13 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പരീക്ഷ പൂർണ്ണമായും റദ്ദാക്കേണ്ടി വന്നത്. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ഏഴ് പേരെ സി ബി ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ ഓൺലൈൻ രീതിയിൽ (സി ബി ടി) നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. റദ്ദാക്കിയ പരീക്ഷയുടെ പുനർപരീക്ഷ ജൂൺ 21 ന് നടക്കും. എൻ ടി എ യുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും പരീക്ഷാ നടത്തിപ്പിൽ വികേന്ദ്രീകൃതമായ സംവിധാനം വേണമെന്നും ആവശ്യപ്പെട്ട് ഐ എം എ രംഗത്തെത്തിയിട്ടുണ്ട്.
Summary
The Central Bureau of Investigation (CBI) has arrested P.V. Kulkarni, a Chemistry professor from Pune, identifying him as the kingpin in the NEET UG 2026 paper leak case. Investigations revealed that Kulkarni used his access to NTA examination processes to leak questions and conduct secret coaching sessions for students. Following the massive paper leak, the Union Education Ministry has announced a re-examination on June 21 and confirmed that the test will transition to an online format from next year.







