Connect with us

Articles

തിരുത്ത് വേണം, അകത്തും പുറത്തും

പാര്‍ട്ടിക്കകത്ത് വിമര്‍ശങ്ങളുണ്ടാകുമ്പോള്‍ തന്നെ അവരെ കേള്‍ക്കാനും അവരെ ഉള്‍ക്കൊള്ളാനും പാര്‍ട്ടിക്ക് കഴിയണം. പാര്‍ട്ടിയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കാന്‍ പാര്‍ട്ടി ഇടം നല്‍കുന്നില്ലെന്ന് നേതാക്കള്‍ക്ക് തന്നെ തോന്നുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ജി 23 പറയുന്നതിലെ കാര്യം കാണാന്‍ നേതൃത്വത്തിന് കഴിയട്ടെ. ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ലാതായാല്‍ കോണ്‍ഗ്രസ്സ് ദുര്‍ബലപ്പെടുമെന്നത് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്.

Published

|

Last Updated

പ്രവര്‍ത്തനത്തിലും നേതൃത്വത്തിലും സ്ഥിരതയുണ്ടാകുക എന്നതാണ് ഏറ്റവും അനിവാര്യമായ ഒന്ന്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയാല്‍ സ്ഥിരതയില്ലായ്മ എന്ന പരാതി തിരുത്താന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ട്. ഒരുപക്ഷേ, പൂര്‍ണമായി വസ്തുതകളോട് നിരക്കുന്ന വിമര്‍ശങ്ങളല്ലെങ്കില്‍ കൂടി ഇത്തരം പൊതു ധാരണകളെ ബോധപൂര്‍വം തിരുത്തേണ്ടതായുണ്ട്. അതുപോലെ നേതൃത്വം ഒരിടത്തുതന്നെ നിന്നുപഴകുമ്പോള്‍ ഉണ്ടാകാനിടയുള്ള ഉപഗ്രഹ സമ്മര്‍ദങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലുണ്ട് എന്നത് നേരാണ്. അത് ഒരു സ്വാഭാവികതയാണ്. അങ്ങനെ വരുന്ന ഉപഗ്രഹ സമ്മര്‍ദങ്ങള്‍ വഴി ചിലര്‍ പാര്‍ട്ടിക്കകത്ത് അര്‍ഹിക്കാത്ത പല സ്ഥാനങ്ങളും നേടിയെടുക്കുന്നു എന്ന വിമര്‍ശത്തെ നേതൃത്വം ഗൗരവത്തിലെടുക്കണം. എന്നുമാത്രമല്ല, വര്‍ക്കിംഗ് കമ്മിറ്റി അടക്കമുള്ള സംവിധാനങ്ങള്‍ സ്ഥിരമായി ചേരുന്ന ഒരു സജീവ വൃത്തമാക്കി നിലനിര്‍ത്തുന്നതോടെ ഇത്തരം പിന്‍വാതില്‍ സ്വാധീന ശ്രമങ്ങളും ഇല്ലാതാകും. ഒരാള്‍ ഒറ്റക്ക് പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും എടുക്കുന്നു എന്ന രീതി കോണ്‍ഗ്രസ്സിനകത്ത് വരുന്നത് ആ തീരുമാനമെടുക്കുന്ന ആള്‍ക്ക് കൂടി വലിയ ഭാരമാണ്. കൂട്ടായ ചര്‍ച്ചകള്‍ക്കൊടുവില്‍ തീര്‍പ്പുണ്ടാകാന്‍ ഒരൊറ്റ നേതാവെന്ന കോണ്‍ഗ്രസ്സിന്റെ തനത് രീതിയിലേക്ക് കാര്യങ്ങള്‍ മടങ്ങി വരണം. സംഘടനാ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി സ്ഥാനം തന്നെ നേരത്തേ പറഞ്ഞ ഒരാള്‍ ഒറ്റക്ക് എടുക്കുന്ന തീരുമാനങ്ങളെ സര്‍ക്കുലറാക്കുന്ന ജോലിയുള്ള ഒരാളായി പരിമിതപ്പെടുന്നത് പതിയെ പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ ഒന്നാകെ ദുര്‍ബലപ്പെടുത്തും. ഇപ്പോള്‍ ആ സ്ഥാനത്തിരിക്കുന്ന കെ സി വേണുഗോപാല്‍ എ ഐ സി സി സെക്രട്ടറിമാരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്ന ഒരാളാണ്. പക്ഷേ, അദ്ദേഹം ആ സ്ഥാനത്തേക്ക് വരുന്നതിനു മുന്നേ തന്നെ സംഘടനാ ചുമതലയുള്ള സെക്രട്ടറി എന്നത് ഏറെ പരിമിതപ്പെട്ട ഒരു സ്ഥാനമായി മാറിയിട്ടുണ്ടായിരുന്നു. ഘടക കക്ഷികള്‍, പാര്‍ട്ടിക്കകത്ത് തന്നെയുള്ള വിമര്‍ശകര്‍, വ്യത്യസ്ത അഭിപ്രായക്കാര്‍, വിവിധ മേഖലകളിലുള്ള നേതാക്കള്‍, പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കള്‍, പ്രദേശ് കമ്മിറ്റികള്‍, പോഷക സംഘടനകള്‍ തുടങ്ങിയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും സ്ഥിര ഏകോപന സംവിധാനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു സ്ഥാനമായി വേണം ഈ സെക്രട്ടറി പ്രവര്‍ത്തിക്കാന്‍. അങ്ങനെയൊരു സംവിധാനമായി പാര്‍ട്ടിയിലെ ഈ രണ്ടാം പദവി മാറ്റാന്‍ കഴിയണം. ഇപ്പോഴത്തെ സ്ഥിതിയില്‍ തിരഞ്ഞെടുപ്പ് തോല്‍വികളുടെ പഴി ചാരിവെക്കാനുള്ള ഒരു സംവിധാനമായി മാത്രമാണ് പലപ്പോഴും സംഘടനാ സെക്രട്ടറിയെ പലരും കാണുന്നത്. ഇങ്ങനെ ആളെ തിരഞ്ഞ് തോല്‍വിഭാരം അടിച്ചേല്‍പ്പിക്കുന്ന പരിപാടി കോണ്‍ഗ്രസ്സ് നേതാക്കളും അണികളും അടിയന്തരമായി നിര്‍ത്തുകയും വേണം.

ഓരോ തിരഞ്ഞെടുപ്പ് പരാജയങ്ങളും ആകെയുണ്ടാക്കുന്ന വിമര്‍ശം നേതൃത്വത്തെ കുറിച്ചാകുന്നു എന്നത് തന്നെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചുള്ള അജ്ഞതയുടെ ഫലമാണ്. നിലവിലുള്ള കോണ്‍ഗ്രസ്സ് നേതൃത്വം മാറിയാല്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മാറുമെന്ന് തോന്നുന്നില്ല. എന്നുമാത്രമല്ല, നിലവിലുള്ള നേതാക്കള്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ മൂല്യങ്ങളെ കുറിച്ചും ഇന്ത്യയുടെ ആത്മാവിനെ കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ്. സോണിയാ ഗാന്ധി പാര്‍ട്ടിയെ അതിന്റെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍ നയിച്ചവരും പാര്‍ട്ടിയെ തിരികെ അധികാരത്തിലെത്തിച്ച നേതാവുമാണ്. ഇപ്പോഴും കാര്യമായ അനാരോഗ്യങ്ങള്‍ക്കിടയിലും അവര്‍ സജീവമായി തന്നെ പാര്‍ട്ടിക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയാകട്ടെ രാജ്യം മുഴുവന്‍ മോദി ഭരണത്തിന്റെ പിഴവുകള്‍ വിളിച്ചുപറയുന്ന, സംഘ്പരിവാരത്തിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ വേരറുത്തെതിര്‍ക്കുന്ന നേതാവാണ്. രാഹുല്‍ എത്ര തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്കിടയിലും രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ ക്രൗഡ് പുള്ളറാണ്. മാത്രവുമല്ല, നെഹ്റുവിനെയും ആ കുടുംബത്തെയും ഉന്നംവെച്ച് അവഹേളിച്ച്, നുണപ്രചാരണങ്ങള്‍ക്ക് വിധേയമാക്കി കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താമെന്ന ബി ജെ പി അജന്‍ഡയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ നേതൃത്വം നെഹ്റു കുടുംബത്തെ തന്നെ ഏല്‍പ്പിക്കുന്നതും ഒരു രാഷ്ട്രീയമാണ്. നെഹ്റു വലിയ ശരിയാണ് എന്ന ആവര്‍ത്തനം ബി ജെ പിയെ ഇപ്പോഴും അലോസരപ്പെടുത്തുന്ന ഒന്നാണല്ലോ. നെഹ്റു, ഗാന്ധി, പട്ടേല്‍, ആസാദ്, ബോസ് തുടങ്ങിയ നേതൃ ബിംബങ്ങളെ കോണ്‍ഗ്രസ്സ് ഇനി കൂടുതല്‍ സമയമെടുത്ത് ആഘോഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴുള്ള പ്രശ്‌നം പാര്‍ട്ടിയുടെ സംവിധാനത്തില്‍ വന്ന അലസതയാണ്. അത് നേതൃത്വം മുതല്‍ അടിത്തട്ടിലുള്ള പ്രവര്‍ത്തകന്‍ വരെ ആത്മാര്‍ഥമായി ചിന്തിച്ചു തിരുത്തേണ്ടതുമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉണ്ടായ കനത്ത പരാജയത്തില്‍ ഏറ്റവും കൂടുതല്‍ പഴികേള്‍ക്കേണ്ടി വരുന്നത് അതാത് സംസ്ഥാന നേതൃത്വങ്ങളേക്കാള്‍ ദേശീയ നേതൃത്വത്തിനാണ്.

പാര്‍ട്ടിക്കകത്ത് വിമര്‍ശങ്ങളുണ്ടാകുമ്പോള്‍ തന്നെ അവരെ കേള്‍ക്കാനും അവരെ ഉള്‍ക്കൊള്ളാനും പാര്‍ട്ടിക്ക് കഴിയണം. പാര്‍ട്ടിയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കാന്‍ പാര്‍ട്ടി ഇടം നല്‍കുന്നില്ലെന്ന് നേതാക്കള്‍ക്ക് തന്നെ തോന്നുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ജി 23 പറയുന്നതിലെ കാര്യം കാണാന്‍ നേതൃത്വത്തിന് കഴിയട്ടെ. ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ലാതായാല്‍ കോണ്‍ഗ്രസ്സ് ദുര്‍ബലപ്പെടുമെന്നത് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. ബഹുസ്വരങ്ങളെ കോണ്‍ഗ്രസ്സിന്റെ അടിസ്ഥാന മൂല്യങ്ങളിലേക്ക് ക്ഷണിച്ചും അതുവെച്ച് തിരുത്തിയും മുന്നോട്ടു പോകുകയാണ് വേണ്ടത്. അതേസമയം, ആസ്ഥാന വിമര്‍ശകരായി വരുന്നവര്‍ വിമര്‍ശങ്ങള്‍ക്ക് അപ്പുറത്ത് താഴെത്തട്ടില്‍, തെരുവുകളില്‍, ഗ്രാമങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി എന്തുചെയ്തു എന്നാലോചിക്കണം. രാജ്യസഭ പോലുള്ള വഴികളിലൂടെയല്ലാതെ ജനഹിതത്തെ നേരിട്ടാല്‍ ജയിച്ചുകയറാനുള്ള ത്രാണിയും ജനപ്രീതിയും തങ്ങള്‍ക്കുണ്ടോ എന്ന ആത്മവിമര്‍ശവും കൂടെ വേണം.
ഓരോ തിരഞ്ഞെടുപ്പ് കാലത്തും അക്ബര്‍ റോട്ടിലെ എ ഐ സി സി ആസ്ഥാനത്ത് എത്തുന്ന സീറ്റുമോഹികളുടെ എണ്ണം കണ്ടാല്‍ അതിശയം തോന്നും. പാര്‍ട്ടി എത്രതന്നെ തകര്‍ന്നുവെന്ന് തോന്നിയാലും തിരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടി ആസ്ഥാനത്ത് തിക്കും തിരക്കും കൂട്ടാന്‍ ആളുകളുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമല്ല, അതല്ലാത്ത സമയത്തും പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന നേതാക്കളെ ആവശ്യമുണ്ടെന്ന ചിന്ത ഇത്തരക്കാര്‍ക്ക് ഒട്ടും ഗൗരവമുള്ള ഒന്നേയല്ല. അധികാര മോഹികളായ താപ്പാനകളും കപട നേതാക്കളും കോണ്‍ഗ്രസ്സ് പാര്‍ട്ടി വിട്ടുപോകുക എന്നതാണ് ഈ പാര്‍ട്ടി നല്ലതാകാന്‍ വേണ്ട ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. അതുകൊണ്ടുതന്നെ പാര്‍ട്ടി വിടുന്ന നേതാക്കളെ നോക്കി കോണ്‍ഗ്രസ്സ് സങ്കടപ്പെടേണ്ടതില്ല. അതേസമയം, ജനഹിതം പോലും അട്ടിമറിക്കപ്പെടും വിധം ബി ജെ പിക്ക് വിലക്കെടുക്കാന്‍ കഴിയുന്നവര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ അവസരം കൊടുക്കാതിരിക്കാന്‍ ജാഗ്രത വേണം.
താഴെത്തട്ടിലുള്ള പാര്‍ട്ടി വൃത്തങ്ങള്‍ ദേശീയ നേതൃത്വം വരെയുള്ള സംഘടനാ സംവിധാനത്തോട് ഏറെ അടുത്തിടപെടുന്ന രീതിയില്‍ സംവിധാനിക്കപ്പെടണം. പ്രവര്‍ത്തകര്‍ക്ക് നേതാക്കളെ കാണണം. ഇന്ന് അങ്ങനെ പ്രവര്‍ത്തക സമ്പര്‍ക്ക പരിപാടികള്‍ കോണ്‍ഗ്രസ്സ് നടത്തുന്നുണ്ടോ? ജില്ലാ പ്രസിഡന്റുമാര്‍ മുതല്‍ മുകളിലേക്ക് ദേശീയ പ്രസിഡന്റ് വരെയുള്ളവര്‍ ആഴ്ചയില്‍ നിശ്ചിത സമയം പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കാന്‍ തിരഞ്ഞെടുക്കണം. നേതാക്കളുമായും സഹപ്രവര്‍ത്തകരുമായും അത്തരത്തില്‍ കൂടിക്കാഴ്ചകള്‍ വേണ്ടിവരും. ഇത് മേല്‍ത്തട്ട് മുതല്‍ താഴെത്തട്ടുവരെയുള്ള പാര്‍ട്ടി സംവിധാനത്തിനകത്ത് പരസ്പര വിശ്വാസവും സാഹോദര്യ ബോധവും വര്‍ധിപ്പിക്കും. ഇങ്ങനെ നേതാക്കളെ കാണാനെത്തുന്നവരാകട്ടെ ഏഷണിയോ പരദൂഷണമോ പറയില്ലെന്ന് സ്വയം തീര്‍ച്ചപ്പെടുത്തുകയും വേണം.

എന്താണ് കോണ്‍ഗ്രസ്സ് എന്ന് പഠിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണം. ഗ്രൂപ്പുകളും ഗ്രൂപ്പ് നേതാക്കളും അവരോടുള്ള വിധേയത്വവുമല്ല പാര്‍ട്ടി എന്ന തിരിച്ചറിവും ദേശീയ സ്വാതന്ത്ര്യ സമരം മുതലുള്ള പാര്‍ട്ടിയുടെ പോരാട്ട ചരിത്രവും ഉയര്‍ച്ച താഴ്ചകളും ഓരോ പ്രവര്‍ത്തകനും അറിയട്ടെ. കോണ്‍ഗ്രസ്സിന്റെ ഭരണ നേട്ടങ്ങളും കോട്ടങ്ങളും അവര്‍ മനസ്സിലാക്കണം. പാര്‍ട്ടിയുടെ നിലപാടുകളില്‍ വന്ന പരിണാമം മുതല്‍ നിലപാടുകളുടെ വേരുകള്‍ വരെ പ്രവര്‍ത്തകര്‍ക്ക് പരിചിതമാകണം. ഇതര പാര്‍ട്ടികളുടെയും വിചാരധാരകളുടെയും ശരിതെറ്റുകളും ഇതുപോലെ അടുത്തറിയണം. അതിനായി പാര്‍ട്ടി ബൂത്ത് തലം മുതല്‍ സംഘടനാ ക്ലാസ്സുകളും ശില്‍പ്പ ശാലകളും സംഘടിപ്പിക്കട്ടെ. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഭാഗമായ വിചാര്‍ വിഭാഗിനും റിസര്‍ച് ഡിപാര്‍ട്ട്‌മെന്റിനും പ്രൊഫഷനല്‍ കോണ്‍ഗ്രസ്സിനുമൊക്കെ ഇക്കാര്യത്തില്‍ വളരെ നല്ല കാര്യങ്ങള്‍ ചെയ്യാനാകും. മുമ്പ് തൃശൂര്‍ കേന്ദ്രമാക്കി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി ദേശീയ പൊളിറ്റിക്കല്‍ സ്‌കൂള്‍ തുടങ്ങാനുള്ള ശ്രമം ടി എന്‍ പ്രതാപന്‍ നടത്തിയിരുന്നെങ്കിലും അത് സാക്ഷാത്കരിക്കപ്പെട്ടില്ല. അത്തരത്തിലുള്ള സംരംഭങ്ങള്‍ ഓരോ സംസ്ഥാനത്തും പാര്‍ട്ടിക്ക് സ്ഥാപിക്കാന്‍ കഴിയും. പാര്‍ട്ടിയെ കുറിച്ചും ആശയങ്ങളെ കുറിച്ചും കൃത്യമായ ധാരണയോടെ കോണ്‍ഗ്രസ്സിന്റെ ഭാഗമാകുന്ന ഒരാള്‍ക്ക് അധികാര രാഷ്ട്രീയം പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ ഒരു മാനദണ്ഡമാകില്ല.

ബി ജെ പി. ഐ ടി സെല്‍ രാപ്പകലില്ലാതെ പടച്ചുവിടുന്ന കല്ലുവെച്ച നുണകളെ കോണ്‍ഗ്രസ്സ് എങ്ങനെയാണ് ഇപ്പോള്‍ പ്രതിരോധിക്കുന്നത്? അങ്ങനെ പ്രതിരോധിക്കാനുള്ള സംവിധാനമൊന്നും ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സോഷ്യല്‍ മീഡിയാ സെല്ലിനില്ല എന്നതാണ് നേര്. വ്യാജ ഐഡികളുണ്ടാക്കി കോണ്‍ഗ്രസ്സിന്റെ ചരിത്രത്തെയും രാഷ്ട്രത്തിന്റെ ചരിത്രത്തെയും ദേശീയ നേതാക്കളെയും സ്വാതന്ത്ര്യ സമരത്തെ തന്നെയും ബി ജെ പി നിരന്തരം വക്രീകരിക്കുന്ന വേളയില്‍ ചെറുതായെങ്കിലും സത്യമെന്തെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കേണ്ടത് ഏറെ അനിവാര്യമായിരിക്കുന്നു. സംഘ്പരിവാരത്തിന്റെ വാട്‌സ്ആപ്പ് സര്‍വകലാശാലകള്‍ ശാഖാ നിലവാരത്തില്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന വ്യാജ വ്യവഹാരങ്ങള്‍ കോണ്‍ഗ്രസ്സിനെതിരെ ഇടതുപക്ഷ പാര്‍ട്ടിയിലെ പ്രവര്‍ത്തകരും നേതാക്കളും വരെ പ്രചരിപ്പിക്കുന്ന കാലത്ത് കോണ്‍ഗ്രസ്സിന്റെ സാമൂഹിക മാധ്യമ സംവിധാനത്തിലൂടെ പ്രതിരോധത്തിന്റെ ഭാഗമായി എന്തെങ്കിലും ചെയ്യാതിരിക്കുന്നത് ആത്മദ്രോഹപരമാണ്.

ഇന്ത്യയുടെ ഇപ്പോഴുള്ള അനേകായിരം പ്രതിസന്ധികളൊഴിഞ്ഞ് തെളിഞ്ഞൊരു മാനവും മനസ്സും ഇവിടെ പുലരാനുണ്ട് എന്ന പ്രതീക്ഷ കോണ്‍ഗ്രസ്സിന്റെ നവീകരണത്തോട് വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതാണ്. ലക്ഷോപലക്ഷം ജനങ്ങളുടെ ആ പ്രതീക്ഷ കോണ്‍ഗ്രസ്സിന്റെ വീഴ്ചകളില്‍ നേര്‍ത്തുനേര്‍ത്തു പോകുന്നതു പോലെ മറ്റൊരു സമയത്തും ദുര്‍ബലപ്പെടുന്നുണ്ടാകില്ല. പാര്‍ട്ടിയുടെ കാതലിനെ ബാധിച്ച രോഗവും രോഗകാരണങ്ങളും കണ്ടെത്തി ചികിത്സിക്കാന്‍ ത്രാണിയുള്ളവരായി ഉത്തരവാദപ്പെട്ട നേതാക്കളും പ്രവര്‍ത്തകരും മാറട്ടെ. കോണ്‍ഗ്രസ്സ് തന്നെ മൂല്യങ്ങളിലൂന്നി മാറട്ടെ.

Latest