Career Notification
എൻ സി ഇ ആർ ടി; ഗൈഡൻസ് ആൻഡ് കൗൺസലിംഗിൽ ഡിപ്ലോമ കോഴ്സിന് ചേരാം
ഒരു വർഷം കൊണ്ട് പൂർത്തിയാക്കാവുന്ന ഗൈഡൻസ് ആൻഡ് കൗൺസലിംഗ് കോഴ്സിന് നേരിട്ടുള്ള പഠനത്തിന് മൂന്ന് മാസം മാത്രമേ പങ്കെടുക്കേണ്ടതുള്ളൂ
തങ്ങൾ പഠിപ്പിക്കുന്ന വിദ്യാർഥികളുടെ മാനസിക ക്ഷേമത്തിലും വ്യക്തിത്വ വികസനത്തിലും അധ്യാപകരുടെ പങ്കാളിത്തം രക്ഷിതാക്കളോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ്. കാലത്തിന്റെ വേഗതയേറിയ മാറ്റം ഏറെ സ്വാധീനിച്ചത് നമ്മുടെ വിദ്യാലയങ്ങളെയാണ്. ഇങ്ങനെയുള്ള പുതിയ സാമൂഹിക പശ്ചാത്തലത്തിൽ കുട്ടികൾ അനുഭവിക്കുന്ന വൈകാരിക പ്രശ്നങ്ങൾ, പെരുമാറ്റത്തിലെ അപാകതകൾ, പഠന വൈകല്യങ്ങൾ എന്നിവ കണ്ടെത്തി പരിഹരിക്കുന്നതിന് അധ്യാപകർക്ക് കൃത്യമായ അവബോധവും ശാസ്ത്രീയമായ പരിശീലനവും നൽകുന്ന ഡിപ്ലോമ പഠന പ്രോഗ്രാമിന് നാഷനൽ കൗൺസിൽ ഓഫ് എജ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ സി ഇ ആർ ടി) രൂപകൽപ്പന ചെയ്തിട്ടുണ്ട്.
ഒരു വർഷം കൊണ്ട് പൂർത്തിയാക്കാവുന്ന ഗൈഡൻസ് ആൻഡ് കൗൺസലിംഗ് കോഴ്സിന് നേരിട്ടുള്ള പഠനത്തിന് മൂന്ന് മാസം മാത്രമേ പങ്കെടുക്കേണ്ടതുള്ളൂ. ബാക്കി കാലയളവിൽ സൗകര്യപ്രദമായ വിധത്തിൽ ഓൺലൈൻ ക്ലാസ്സുകളിൽ ഹാജരാകുകയും ഇന്റേൺഷിപ്പ് സ്വദേശത്ത് പൂർത്തിയാക്കുകയോ ചെയ്യാം. ഡിപ്ലോമ പ്രോഗ്രാമിന്റെ ഈ അധ്യയന വർഷത്തിലെ പ്രവേശനത്തിന് വെള്ളിയാഴ്ച വരെ ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്.
കോഴ്സ് ഘടന
ദൈർഘ്യം ഒരു വർഷം. ആറ് മാസം നീണ്ടുനിൽക്കുന്ന ഡിസ്റ്റൻസ് മോഡി(വിദൂര)ലുള്ള പഠനം, മൂന്ന് മാസത്തെ നേരിട്ടുള്ള പ്രായോഗിക ക്ലാസ്സുകളും പരിശീലനവും മൂന്ന് മാസത്തെ ഇന്റേൺഷിപ്പ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് കോഴ്സ് ആവിഷ്കരിച്ചിരിക്കുന്നത്. പഠന കാലയളവിൽ തന്നെ കുട്ടികളിലെ അപാകതകളും പരിമിതികളും മനസ്സിലാക്കി അവരെ അവർക്ക് ഉചിതമായ പഠന വഴികളിലേക്ക് നയിക്കാൻ പരിശീലനം ലഭിക്കുന്ന ഈ പഠന പ്രോഗ്രാം പൂർത്തിയാക്കുക വഴി ഈ വിഷയത്തിൽ വൈദഗ്ദ്യമുള്ള അധ്യാപകരുടെ സേവനം വിദ്യാലയങ്ങളിൽ ഉറപ്പാക്കാൻ കഴിയും.
മാത്രമല്ല അധ്യാപകർ, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, കൗൺസലിംഗ് രംഗത്ത് താത്പര്യമുള്ളവർ തുടങ്ങിയവർക്കെല്ലാം ഉപകാരപ്രദമാകുന്ന വിധത്തിലുള്ളതാണ് കോഴ്സിലെ പഠന വിഷയങ്ങൾ. ജനുവരി മുതൽ ആറ് മാസം വിദൂര ശൈലിയിൽ സ്വയം പഠനം നടത്തണം. ആഴ്ച്ചയിൽ ഒരു ദിവസം ട്യൂട്ടോറിയൽ പിന്തുണ, ഓഡിയോ വീഡിയോ സംവിധാനത്തിന്റെ സഹായം എന്നിവയും ഉണ്ടാകും. വിശദമായ സ്റ്റഡി മെറ്റീരിയൽസും ലഭിക്കും. തുടർന്ന് മൂന്ന് മാസം (ജൂലൈ – സെപ്തംബർ) എൻ സി ഇ ആർ ടി യുടെ പഠന സെന്ററുകളിൽ നേരിട്ടുള്ള ക്ലാസ്സുകളിൽ പങ്കെടുക്കണം. പ്രത്യേക പരിശീലന പരിപാടിയും ക്ലാസ്സിന്റെ ഭാഗമായി ഉണ്ടാകും. അതിന് ശേഷമുള്ള മൂന്ന് മാസം ഇന്റേൺഷിപ്പ് കാലയളവാണ്. ഇത് സ്വന്തം വിദ്യാലയത്തിലോ നാട്ടിൽ ഉചിതമായ സ്ഥാപനങ്ങളിലോ സ്വയം സൗകര്യങ്ങൾ ക്രമീകരിച്ച് പൂർത്തിയാക്കാവുന്നതാണ്. വിദ്യാലയങ്ങളിൽ കൗൺസലിംഗ് ആൻഡ് ഗൈഡൻസ് പ്രവർത്തനങ്ങൾ ഉചിതമായി നിർവഹിക്കാനുള്ള പ്രാവീണ്യവും പ്രായോഗിക വൈദഗ്ധ്യവും കോഴ്സ് കഴിഞ്ഞിറങ്ങുന്നവർക്ക് ലഭിക്കുകയും ചെയ്യുന്നു.
അപേക്ഷ, യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദവും അതോടൊപ്പം ബി എഡ്/തത്തുല്യം യോഗ്യതയും നേടി സർവീസിൽ ഉള്ള അധ്യാപകർക്ക് അപേക്ഷിക്കാം. ഇപ്പോൾ അധ്യാപകരല്ലെങ്കിലും നേരത്തേ രണ്ട് വർഷത്തെ അധ്യാപക പരിചയമുള്ളവർക്കും അർഹതയുണ്ട്.എജ്യൂക്കേഷൻ/സോഷ്യൽ വർക്ക്/സോഷ്യൽ എജ്യൂക്കേഷൻ/സൈക്കോളജി/ചൈൽഡ് ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പി ജി പാസ്സായവർക്കും അർഹതയുണ്ട്. എല്ലാ വിഭാഗം അപേക്ഷകർക്കും യോഗ്യതാ പരീക്ഷകളിൽ 50 ശതമാനം മാർക്ക് വേണം. പട്ടികജാതി, പട്ടിക വർഗത്തിലുള്ളവർക്ക് അഞ്ച് ശതമാനം മാർക്ക് ഇളവുണ്ട്. ഒരു വർഷം മുതൽ അധ്യാപക പരിചയമുള്ളവർക്ക് പ്രവേശനത്തിന് മുൻഗണന ലഭിക്കുന്നതാണ്.
പ്രവേശന രീതി
കേരളത്തിൽ നിന്നുള്ളവർക്ക് മൈസൂരിലെ റീജ്യനൽ ഇൻസ്റ്റ്യൂട്ട് ഓഫ് എജ്യൂക്കേഷനി(ആർ ഐ ഇ) ൽ ആയിരിക്കും പരിശീലനത്തിന് അവസരം ലഭിക്കുക. അതോടൊപ്പം ന്യൂഡൽഹിയിലെ എൻ സി ഇ ആർ ടി കേന്ദ്രത്തിലും ഭുവനേശ്വർ, ഭോപ്പാൽ, ഷില്ലോംഗ് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിലും പ്രവേശനം നൽകാറുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഡെപ്യൂട്ടേഷൻ വഴി അപേക്ഷിക്കുമ്പോൾ 6,000 രൂപ മാത്രമാണ് കോഴ്സ് ഫീസ്. കേന്ദ്രസർക്കാർ സർവീസിൽ നിന്നും ഡെപ്യൂട്ടേഷൻ വഴി ചേരുന്നവർക്ക് 19,500 രൂപ. നേരിട്ട് ചേരുന്നവർക്ക് 30,000 രൂപ നൽകേണ്ടിവരും. വിവരങ്ങൾക്ക്:www.ncert.nic.in ഇ മെയിൽ: dceta.ncert@nic.in ഫോൺ:0821/2515655.
Content Highlights: NCERT has introduced a one-year diploma course in guidance and counselling to help teachers address emotional and behavioral issues among students. The program includes six months of distance learning, three months of contact classes at regional institutes like RIE Mysuru, and a three-month internship. Eligible in-service teachers and education professionals can apply online until Friday.





