Connect with us

Kerala

സൗജന്യ വിമാനയാത്ര; അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് ലോകായുക്ത നോട്ടീസ്

ആരാണ് മുഖ്യമന്ത്രിയുടെ യാത്രക്ക് വിമാനം സ്‌പോണ്‍സര്‍ ചെയ്തതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ലോകായുക്തയില്‍ ഉത്തരം നല്‍കേണ്ടിവരും

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ സൗജന്യ വിമാനയാത്ര വിവാദത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്തയുടെ നോട്ടീസ്. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വിമാനയാത്ര അഴിമതിയാണെന്ന് ആരോപിക്കുന്ന കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആരാണ് മുഖ്യമന്ത്രിയുടെ യാത്രക്ക് വിമാനം സ്‌പോണ്‍സര്‍ ചെയ്തതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. ഇക്കാര്യം ലോകായുക്തക്കുമുമ്പില്‍ വെളിപ്പെടുത്തേണ്ടിവരും. ചാര്‍ട്ടേഡ് വിമാന യാത്രാ വിവാദം കോണ്‍ഗ്രസിലും കലഹത്തിന് കാരണമായിരുന്നു. യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കം മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നത്. മറ്റ് കോണ്‍ഗ്രസ് നേതാക്കളും സമാന വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

2027 ജനുവരി 12നാണ് ഇനി ഹര്‍ജി പരിഗണിക്കുക. മലപ്പുറത്തേക്ക് പോകാന്‍ വേണ്ടിയായിരുന്നു മുഖ്യമന്ത്രി വി സി സതീശന്‍ അവസാനമായി ചാര്‍ട്ടേഡ് വിമാനം ഉപയോഗിച്ചത്. വിമാനം സ്പോണ്‍സര്‍ ചെയ്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിവരം. സ്‌പോണ്‍സറെ വിവാദങ്ങളിലേക്കു വലിച്ചിഴക്കാനില്ലെന്നു പറഞ്ഞ് ഒഴിയുകയായിരുന്നു മുഖ്യമന്ത്രി. വിമാനത്തിന്റെ തുക അടച്ചത് ചിപ്സണ്‍ ഏവിയേഷന്‍സ് ആണെന്ന വിവരവും പണമടച്ചതിന്റെ ഇന്‍വോയിസും പിന്നീട് പുറത്തുവന്നു. ചിപ്സണ്‍ ഏവിയേഷന് മറ്റാരെങ്കിലും പണം നല്‍കിയോ എന്നതടക്കമുള്ള സംശയങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതില്‍ ഒന്നും തന്നെ മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറായിരുന്നില്ല.

അതിനിടെയാണ് കെ എം ഷാജഹാന്‍ ഹര്‍ജിയുമായി ലോകായുക്തയെ സമീപിച്ചത്. സ്പോണ്‍സര്‍ഷിപ്പ് അഴിമതിയായി കാണണമെന്നും തുടര്‍ നടപടി സ്വീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സര്‍ക്കാരിന്റ ആവശ്യത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി സഞ്ചരിച്ചതെന്നും വിമാനം സ്പോണ്‍സര്‍ ചെയ്തത് ആരാണെന്ന് വെളിപ്പെടുത്തേണ്ടതില്ല എന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാരിന് വേണ്ടി ടി അസഫലി വാദിച്ചത്. കെ എം ഷാജഹാന്റെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് ലോകായുക്ത ഹര്‍ജിയില്‍ തുടര്‍ നടപടി സ്വീകരിച്ചത്.

Content Highlights: Kerala Lokayukta issued a notice to Chief Minister V D Satheesan and the Chief Secretary regarding his controversial chartered flight trip. The preliminary inquiry stems from a petition filed by K M Shajahan alleging corruption in the sponsored travel. The case is scheduled for hearing on January 12.

 

---- facebook comment plugin here -----

Latest