Connect with us

Kerala

ചേരാനല്ലൂര്‍ വാഹനാപകടം; പതിനേഴുകാരന്റെ ജാമ്യം തുടരും, രണ്ട് അപ്പീലുകളും കോടതി തള്ളി

എന്ത് അടിസ്ഥാനത്തിലാണ് പതിനേഴുകാരനെതിരെ എഫ്ഐആറിട്ടതെന്ന് ചോദിച്ച കോടതി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പട്ടം പറത്തുകയാണോയെന്നും ചോദിച്ചു.

Published

|

Last Updated

എറണാകുളം|ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം തുടരും. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും നല്‍കിയ അപ്പീലുകള്‍ എറണാകുളം സെഷന്‍സ് കോടതി തള്ളി. എന്ത് അടിസ്ഥാനത്തിലാണ് പതിനേഴുകാരനെതിരെ എഫ്ഐആറിട്ടതെന്ന് ചോദിച്ച കോടതി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പട്ടം പറത്തുകയാണോയെന്നും ചോദിച്ചു. ജുവനൈല്‍ കേസുകളില്‍ കുറഞ്ഞത് ഏഴ് വര്‍ഷം വരെ തടവ് കിട്ടുന്ന കുറ്റകൃത്യങ്ങള്‍ക്ക് മാത്രമേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകുവെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകള്‍ ഉദ്യോഗസ്ഥന്‍ അറിഞ്ഞിരിക്കണമെന്നും നിങ്ങള്‍ പല കാര്യങ്ങളും സ്വയം കണ്ടെത്തുകയാണെന്നും കോടതി വിമര്‍ശിച്ചു. ഈ കേസിന് മാത്രമിതെന്താണ് പ്രത്യേകത? കുട്ടിക്കെതിരെ എങ്ങനെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്? ഒരു ദിവസം രണ്ട് തവണ ജുവനൈല്‍ ബോര്‍ഡിന് മുന്‍പില്‍ കുട്ടിയെ ഹാജരാക്കുന്നു. ഉച്ചയ്ക്ക് വീട്ടില്‍ വിട്ട് രാത്രി പിന്നെയും കൂട്ടിക്കൊണ്ടു പോകുന്നു. പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കെതിരെ എന്ത് ഗുരുതര കുറ്റകൃത്യമാണുള്ളത്? ആരെങ്കിലും സമ്മര്‍ദം നല്‍കിയാല്‍ ഉടന്‍ മാറ്റങ്ങള്‍ വരുത്തുകയാണോയെന്നും കോടതി ചോദിച്ചു.

Content Highlights: The Ernakulam Sessions Court rejected appeals to cancel bail for the 17-year-old accused in the Cheranalloor car accident case. The court strongly criticized the investigating officer for registering an FIR against a minor in violation of the Juvenile Justice Act provisions.