Connect with us

Aksharam Education

Modal Auxiliaries

Noun ആയാലും Verb ആയാലും Adjective ആയാലും സ്വന്തമായി ഒന്നോ ചിലപ്പോൾ ഒന്നിൽ കൂടുതലോ അർഥമുണ്ടാകും. അർഥമറിയാമെങ്കിൽ നമുക്ക് സന്തോഷം; അറിയില്ലെങ്കിൽ നിഘണ്ടുവിൽ നോക്കി മനസ്സിലാക്കാം

Published

|

Last Updated

എന്താണ് Modal Auxiliaries

ഇംഗ്ലീഷിലെ ഓരോ വാക്കിനും ഓരോ അർഥമുണ്ടെന്നാണ് നമ്മുടെ ധാരണ. Noun ആയാലും Verb ആയാലും Adjective ആയാലും സ്വന്തമായി ഒന്നോ ചിലപ്പോൾ ഒന്നിൽ കൂടുതലോ അർഥമുണ്ടാകും. അർഥമറിയാമെങ്കിൽ നമുക്ക് സന്തോഷം; അറിയില്ലെങ്കിൽ നിഘണ്ടുവിൽ നോക്കി മനസ്സിലാക്കാം. എന്നാൽ would, should, could, shall തുടങ്ങിയ ചില വാക്കുകളുടെ കാര്യമെടുത്താലോ? ഇവയുടെ അർഥം ചോദിച്ചാൽ എന്താ പറയുക. ഇവക്ക് അർഥമില്ലാത്തതാണോ? അല്ല. എന്നാൽ, വാക്യത്തിൽ വരുമ്പോൾ മാത്രമേ അർഥം വരുന്നുള്ളു. സ്വാതന്ത്രമായി നിൽക്കുമ്പോൾ അർഥമില്ല.

ഉദാഹരണം: should

  • You should study well- നീ നന്നായി പഠിക്കണം
  • Should I call him? – അവനെ വിളിക്കണോ
  • He should be at home now- അവൻ ഇപ്പോൾ വീട്ടിലുണ്ടായിരിക്കും

ഒരേ should തന്നെ! അപ്പോൾ ഇതിന്റെ യഥാർഥ മലയാളം അർഥം എന്താണ്? പഠിക്കണം എന്നോ, വേണോ എന്നോ, ഉണ്ടായിരിക്കണം എന്നോ? ഒറ്റവാക്കിൽ ഉത്തരം പറയാൻ ശ്രമിച്ചാൽ should നമ്മളെക്കൊണ്ട് മൂന്ന് ഉത്തരങ്ങൾ പറയിപ്പിക്കും!

would

ഒമ്പതാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ രണ്ടാം യൂനിറ്റിൽ would നെക്കുറിച്ച് പ്രത്യേകം പഠിക്കാനുണ്ട്.

  • Would you help me?- നിങ്ങൾ എന്നെ സഹായിക്കുമോ (വിനയപൂർവമായ അഭ്യർഥന)
  • I would buy a car if I had enough money- പണമുണ്ടായിരുന്നെങ്കിൽ കാർ വാങ്ങുമായിരുന്നു (സാങ്കൽപ്പിക ആഗ്രഹം)
  • When I was young, I would play here- ചെറുപ്പത്തിൽ ഇവിടെ കളിക്കാറുണ്ടായിരുന്നു( പഴയകാലത്തെ പതിവ്)
    അപ്പോൾ would ഒരു അഭ്യർഥനക്കാരനാണോ, സ്വപ്നം കാണുന്നവനാണോ, പഴയകാലം ഓർത്തിരിക്കുന്നവനാണോ?

ഇത്തരം വാക്കുകളെയാണ് ഇംഗ്ലീഷ് വ്യാകരണത്തിൽ Modal Auxiliaries എന്ന് വിളിക്കുന്നത്.

കഴിവ്, സാധ്യത, അനുമതി, ഉപദേശം, നിർബന്ധം, അഭ്യർഥന തുടങ്ങിയ ആശയങ്ങൾ പ്രകടിപ്പിക്കാനാണ് ഇവ പ്രധാനമായും സഹായിക്കുന്നത്.

Can

She can sing well എന്ന് പറഞ്ഞാൽ അവൾക്ക് നന്നായി പാടാൻ കഴിയും. എന്നാൽ Can I come in? എന്ന് ചോദിച്ചാൽ പാടാനുള്ള കഴിവല്ല, അകത്തേക്ക് വരാനുള്ള അനുമതിയാണ് അന്വേഷിക്കുന്നത്. ഒരേ can തന്നെ! ആദ്യത്തെ വാക്യത്തിൽ കഴിവ് തെളിയിക്കുന്നു; രണ്ടാമത്തേതിൽ അനുവാദത്തിനായി കാത്തുനിൽക്കുന്നു.

May

ഈ വാക്കും ഒട്ടും മോശക്കാരനല്ല. May I come in? എന്ന് ചോദിച്ചാൽ അനുമതി തേടുകയാണ്. It may rain today എന്ന് പറഞ്ഞാൽ മഴ പെയ്‌തേക്കാമെന്ന സാധ്യതയാണ്. ആദ്യത്തെ വാക്യത്തിൽ വാതിൽ തുറക്കാൻ കാത്തുനിൽക്കുമ്പോൾ രണ്ടാമത്തേതിൽ ആകാശത്തേക്ക് നോക്കി നിൽക്കുന്നു! ഒരേ വാക്ക്, രണ്ട് സന്ദർഭങ്ങൾ, രണ്ട് വ്യത്യസ്ത ആശയങ്ങൾ!

must

You must obey the rules എന്നതിൽ നിർബന്ധമുണ്ട്. നിയമങ്ങൾ അനുസരിച്ചേ മതിയാകൂ! എന്നാൽ He must be tired എന്നു പറഞ്ഞാൽ അവൻ ക്ഷീണിതനായിരിക്കണം എന്ന നിഗമനമാണ്. ആദ്യത്തെ വാക്യത്തിൽ must അധികാരിയുടെ കസേരയിലാണ്; രണ്ടാമത്തേതിൽ കാര്യങ്ങൾ നിരീക്ഷിച്ച് നിഗമനത്തിലെത്തുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ കസേരയിലും!

Could

ഈ വാക്കിനും പല മുഖങ്ങളുണ്ട്. He could swim well when he was young എന്നു പറഞ്ഞാൽ ചെറുപ്പത്തിൽ നന്നായി നീന്താൻ കഴിയുമായിരുന്നു എന്നർഥം. It could rain tonight എന്ന് പറഞ്ഞാൽ ഇന്ന് രാത്രി മഴ പെയ്‌തേക്കാം. Could you help me? എന്നു ചോദിച്ചാൽ വിനയപൂർവമായ അഭ്യർഥന. കഴിവ്, സാധ്യത, അഭ്യർഥന-മൂന്ന് കാര്യങ്ങൾക്കും ഒരേ വാക്ക്! ഇംഗ്ലീഷിലെ ചില വാക്കുകൾക്ക് നമ്മളെക്കാൾ തിരക്കാണെന്നു തോന്നിപ്പോകും!

വ്യാകരണ നിയമങ്ങൾ

Modal Auxiliaries ന് അർഥത്തിന്റെ കാര്യത്തിൽ മാത്രമല്ല, വ്യാകരണത്തിന്റെ കാര്യത്തിലും ചില പിടിവാശികളുണ്ട്. ഇവക്ക് ശേഷം ക്രിയയുടെ അടിസ്ഥാനരൂപം (base form) മാത്രമേ വരൂ. She can sing ശരിയാണ്; She can sings തെറ്റാണ്. He should study ശരിയാണ്; He should studies തെറ്റാണ്. ഇവിടെ can, should എന്നിവയ്ക്കുശേഷം വരുന്ന ക്രിയകൾക്ക് മൂന്നാം പുരുഷ ഏകവചനത്തിന്റെ -s ചേർക്കാൻ അനുവാദമില്ല. അതായത്, does പോലുള്ള സഹായക്രിയകൾക്ക് -s കൊടുക്കുന്ന വ്യാകരണം ഇവയുടെ കാര്യത്തിൽ പ്രയോഗിക്കാനാകില്ല.

ചോദ്യങ്ങൾ നിർമിക്കുമ്പോഴും ഇവയുടെ സ്വഭാവം പ്രകടമാണ്. Can you swim? എന്നു ചോദിക്കാൻ Do you can swim? എന്നു പറയേണ്ടതില്ല. Will he come? എന്നു ചോദിക്കാൻ Does he will come? എന്നും വേണ്ട. Modal Auxiliary തന്നെ മുന്നോട്ടുവന്ന് ചോദ്യം നിർമിച്ചുകൊള്ളും. അതുപോലെ നിഷേധരൂപത്തിന് സാധാരണയായി not ചേർത്താൽ മതി: cannot, should not, will not, might not എന്നിങ്ങനെ.

അപ്പോൾ ഇവക്ക് അർഥമില്ലെന്നാണോ? ഒരിക്കലുമല്ല. അർഥമുണ്ട്; പക്ഷേ, എല്ലാ സന്ദർഭങ്ങളിലും ഒരേ അർഥം പ്രതീക്ഷിക്കരുത്. ഇവരെ മനസ്സിലാക്കാൻ നിഘണ്ടു മാത്രം പോരാ; അൽപ്പം ക്ഷമയും കുറച്ച് സന്ദർഭബോധവും വേണം. 13 modal auxiliary verbs ന്റെയും ഉപയോഗങ്ങൾ (usages) അടുത്ത അക്ഷരത്തിൽ പഠിക്കാം.

Content Highlights: Modal auxiliaries are special helping verbs in English that change their meanings depending on the context of the sentence. Words like should and would express various functions such as advice, requests, past habits, or hypothetical situations. This article explains their usage clearly with simple Malayalam examples.