Connect with us

Aksharam Education

ലോകം നിറങ്ങളുടേതാകുന്നത് എങ്ങനെ?

നാം കാണുന്ന ഈ ലോകം വർണങ്ങളുടേതാണ്. നീലാകാശവും, ചുവന്ന പൂക്കളും, പച്ചപ്പുൽമേടുകളും നമുക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു. എന്നാൽ, ഈ നിറങ്ങളെല്ലാം നമ്മുടെ കണ്ണിന്റെ മാത്രം സൃഷ്ടിയല്ല, മറിച്ച് പ്രകാശം എന്ന പ്രതിഭാസം നടത്തുന്ന അത്ഭുതകരമായ കളികളാണ്. ആ കളികളുടെ ശാസ്ത്രം എന്താണെന്ന് നോക്കാം.

Published

|

Last Updated

അപവർത്തനം:വളഞ്ഞു പോകുന്ന പ്രകാശം

പ്രകാശം സാധാരണയായി നേർരേഖയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ, ഒരു സുതാര്യ മാധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ അതിന്റെ ദിശക്ക് വ്യതിയാനം സംഭവിക്കും. ഇതിനെയാണ് അപവർത്തനം എന്ന് പറയുന്നത്.

വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു വടി ഒടിഞ്ഞതായി തോന്നുന്നതും നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നതും ഈ പ്രതിഭാസം കൊണ്ടാണ്.

വായുവിൽ നിന്ന് ഗ്ലാസ്സിലേക്ക് കടക്കുമ്പോൾ പ്രകാശം ലംബത്തോട് അടുക്കുകയും തിരിച്ച് ഗ്ലാസ്സിൽ നിന്ന് വായുവിലേക്ക് വരുമ്പോൾ ലംബത്തിൽ നിന്ന് അകലുകയും ചെയ്യുന്നു.

എന്തുകൊണ്ട് ആകാശം നീലയാകുന്നു?

പ്രകാശം അന്തരീക്ഷത്തിലെ കണങ്ങളിൽ തട്ടി ചിതറുന്ന പ്രതിഭാസമാണ് വിസരണം അഥവാ സ്‌കാറ്ററിംഗ്. തരംഗദൈർഘ്യം കുറഞ്ഞ നിറങ്ങൾക്ക് വിസരണം കൂടുതലാണ്.

സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ വരുമ്പോൾ, തരംഗദൈർഘ്യം കുറഞ്ഞ നീല നിറം വായു തന്മാത്രകളിൽ തട്ടി നാലുപാടും ചിതറുന്നു. ആ ചിതറിയ നീല വെളിച്ചമാണ് നമ്മുടെ കണ്ണുകളിലെത്തുന്നത്. അതുകൊണ്ടാണ് ആകാശം നീലയായി കാണപ്പെടുന്നത്.

നേരെമറിച്ച്, സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും സൂര്യപ്രകാശത്തിന് അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. അപ്പോൾ നീലയും വയലറ്റുമൊക്കെ വഴിയിൽ തന്നെ ചിതറി ഇല്ലാതാകും. വിസരണം ഏറ്റവും കുറഞ്ഞ ചുവപ്പ് മാത്രം നമ്മളിലെത്തും. അതിനാലാണ് അപ്പോൾ സൂര്യൻ ചുവന്നു തുടുത്തു കാണപ്പെടുന്നത്.

വസ്തുക്കൾക്ക് നിറം ലഭിക്കുന്നത് എങ്ങനെ

ഒരു വസ്തുവിന്റെ നിറം നിർണയിക്കുന്നത് അത് ഏത് പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. ചുവന്ന ആപ്പിൾ ചുവപ്പിനെ പ്രതിഫലിപ്പിക്കുകയും മറ്റുള്ളവയെ ആഗിരണം ചെയ്യുകയും ചെയ്യുന്നു.
വെളുത്ത വസ്തു എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുമ്പോൾ, കറുത്ത വസ്തു എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്നു.

വിസരണം: വെളിച്ചത്തിനുള്ളിലെ മഴവില്ല്

സർ ഐസക് ന്യൂട്ടൺ തന്റെ പരീക്ഷണശാലയിൽ ഒരു പ്രിസത്തിലൂടെ സൂര്യപ്രകാശം കടത്തിവിട്ടപ്പോൾ ചുമരിൽ ഒരു മഴവില്ല് തെളിഞ്ഞു. വെളുത്തതെന്ന് നാം കരുതുന്ന പ്രകാശം യഥാർഥത്തിൽ ഏഴ് നിറങ്ങളുടെ സമ്മിശ്രണമാണെന്ന് അദ്ദേഹം തെളിയിച്ചു. വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ ഏഴ് നിറങ്ങളാണവ.

ഈ നിറങ്ങളിൽ വയലറ്റിനാണ് തരംഗദൈർഘ്യം ഏറ്റവും കുറവ്, അതിനാൽ അത് ഏറ്റവും കൂടുതൽ വ്യതിചലിക്കും.
ചുവപ്പിന് തരംഗദൈർഘ്യം കൂടുതലായതിനാൽ വ്യതിചലനം ഏറ്റവും കുറവും. ഈ ഏഴ് നിറങ്ങളുടെ ക്രമീകരണത്തെയാണ് നാം വർണരാജി അഥവാ സ്‌പെക്ട്രം എന്ന് വിളിക്കുന്നത്.

ദൃശ്യപ്രകാശം മാത്രമല്ല, ഗാമാ കിരണങ്ങൾ മുതൽ റേഡിയോ തരംഗങ്ങൾ വരെ നീണ്ടുകിടക്കുന്ന വലിയൊരു കുടുംബമാണ് വൈദ്യുതകാന്തിക വർണരാജി. അതിൽ നമ്മുടെ കണ്ണിന് കാണാൻ കഴിയുന്ന ചെറിയൊരു ഭാഗം മാത്രമാണ് ഈ ഏഴ് നിറങ്ങൾ.

കണ്ണ്: പ്രകൃതിയുടെ അത്ഭുത ക്യാമറ

മനുഷ്യന്റെ കണ്ണ് അത്യാധുനിക ക്യാമറയാണ്. പുറത്തെ കോർണിയ പ്രകാശത്തെ അപവർത്തനം ചെയ്യുന്നു. ഐറിസ് എന്ന ഭാഗം പ്യൂപ്പിളിന്റെ വലുപ്പം നിയന്ത്രിച്ച് അകത്തേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവ് ക്രമീകരിക്കുന്നു. നേത്രലെൻസും സീലിയറി പേശികളും ചേർന്ന് ആ പ്രകാശത്തെ കണ്ണിന്റെ പിൻഭാഗത്തുള്ള റെറ്റിനയിൽ കൃത്യമായി ഫോക്കസ് ചെയ്യുന്നു. അവിടെ തലകീഴായി രൂപപ്പെടുന്ന ചെറിയ പ്രതിബിംബത്തെ ദൃഷ്ടിനാഡി തലച്ചോറിലെത്തിക്കുമ്പോൾ, തലച്ചോർ അതിനെ നേരെയാക്കി നമുക്ക് കാഴ്ച നൽകുന്നു.

നമ്മുടെ കണ്ണിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്- ദൃഷ്ടിസ്ഥായിത്വം. ഒരു വസ്തുവിനെ നോക്കിയതിന് ശേഷം അത് മാറ്റിയാലും ഏകദേശം 1/16 സെക്കൻഡ് നേരം അതിന്റെ ചിത്രം റെറ്റിനയിൽ തങ്ങിനിൽക്കും. കത്തുന്ന ചന്ദനത്തിരി വേഗത്തിൽ കറക്കുമ്പോൾ തീയുടെ വൃത്തം കാണുന്നതും, സിനിമയും ആനിമേഷനും പ്രവർത്തിക്കുന്നതും ഈ പ്രതിഭാസം കൊണ്ടാണ്. ഏഴ് നിറങ്ങളുള്ള ന്യൂട്ടന്റെ വർണചക്രം വേഗത്തിൽ കറക്കുമ്പോൾ വെള്ളയായി തോന്നുന്നതും ഇതേ കാരണം കൊണ്ടുതന്നെ.

അമിത വെളിച്ചവും അപകടം

രാത്രിയെ പകലാക്കി മാറ്റുന്ന കൃത്രിമ വെളിച്ചത്തിന്റെ അമിത ഉപയോഗം ഇന്ന് പ്രകാശ മലിനീകരണം എന്ന പുതിയ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്നു. അമിതമായ തെരുവുവിളക്കുകളും പരസ്യബോർഡുകളും മനുഷ്യരുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും രാത്രികാല ജീവികളുടെ ആവാസവ്യവസ്ഥ തകർക്കുകയും നക്ഷത്ര നിരീക്ഷണം ദുഷ്‌കരമാക്കുകയും ചെയ്യുന്നു. ആവശ്യത്തിന് മാത്രം വെളിച്ചം ഉപയോഗിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം.

Content Highlights: This article explains the fundamental concepts of light, including refraction, scattering, and the seven-color spectrum discovered by Isaac Newton. It details how the human eye functions like an advanced camera to process visual information. Additionally, it highlights the growing environmental concern of light pollution caused by excessive artificial lighting.