Uae
ദേശീയ ദിനാഘോഷം: ഷാർജയിൽ115 വാഹനങ്ങൾ പിടിച്ചെടുത്തു
ഫുജൈറയിൽ 16 പേർക്കെതിരെ കേസ്
ഷാർജ | 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് ഷാർജ പോലീസ് 115 വാഹനങ്ങൾ പിടിച്ചെടുത്തു. 106 കാറുകളും ഒമ്പത് മോട്ടോർ ബൈക്കുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്. അമിതമായ ശബ്ദമുണ്ടാക്കൽ, മറ്റുള്ളവർക്ക് ശല്യമുണ്ടാക്കൽ, അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കൽ, ലൈസൻസില്ലാതെ വാഹനം ഓടിക്കൽ എന്നിവയാണ് നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു.
ഫുജൈറ പോലീസും നടപടി കടുപ്പിച്ചു. അവധി ദിനത്തിൽ അശ്രദ്ധമായ ഡ്രൈവിംഗിനും സുരക്ഷാ നിയമലംഘനങ്ങൾക്കും 16 യുവാക്കളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. 27 വാഹനങ്ങൾ കണ്ടുകെട്ടുകയും 270 വാഹനാപകടങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഇതിൽ 269 ചെറിയ അപകടങ്ങളാണ്. പരുക്കുകൾക്ക് കാരണമായത് ഒരു അപകടവുമാണ്.
ദുബൈയിലും സമാനമായ പിടിച്ചെടുക്കലും പിഴയും പുറപ്പെടുവിച്ചിരുന്നു.
ഇത്തരം പ്രവൃത്തികൾ പൊതുസുരക്ഷക്ക് കാര്യമായ അപകടമുണ്ടാക്കുന്നതായി അധികൃതർ പറഞ്ഞു. ആഘോഷ വേളകളിൽ അടക്കം റോഡ് സുരക്ഷ ഉറപ്പാക്കാൻ പോലീസ് രാജ്യത്തുടനീളം പട്രോളിംഗും നിരീക്ഷണവും തുടരുമെന്നും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.





