Connect with us

siraj editorial

കോണ്‍ഗ്രസ്സ് ഇല്ലാത്ത ദേശീയ സഖ്യം?

കോണ്‍ഗ്രസ്സിനെ അകറ്റിനിര്‍ത്തുന്ന മമതയുടെ വിദ്വേഷ രാഷ്ട്രീയവും പഴയ പ്രതാപത്തിന്റെ ഓര്‍മയില്‍ യു പിയിലടക്കം ഒറ്റക്കു മത്സരിക്കാമെന്ന കോണ്‍ഗ്രസ്സ് നിലപാടും ഒരുപോലെ അപകടകരവും മതേതര വിശ്വാസികളെ ആശങ്കാകുലരാക്കുന്നതുമാണ്

Published

|

Last Updated

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂലിന്റെ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ ഇക്കഴിഞ്ഞ ജൂലൈ അവസാനത്തില്‍ പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജി ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയത് ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തിയ സംഭവമായിരുന്നു. കോണ്‍ഗ്രസ്സും തൃണമൂലും ഉള്‍പ്പെടുന്ന വിശാല മതേതര സഖ്യത്തിലേക്കുള്ള ചുവടുവെപ്പായാണ് അത് വിലയിരുത്തപ്പെട്ടിരുന്നത്. ആ പ്രതീക്ഷക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന സംഭവ വികാസങ്ങളാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

കോണ്‍ഗ്രസ്സിനെ തഴഞ്ഞ് ഒരു ദേശീയ സഖ്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് മമതാ ബാനര്‍ജിയെന്നാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ എന്‍ സി പി നേതാവ് ശരത് പവാറുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അവര്‍ നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു പി എ സഖ്യം നിലവില്‍ ഇല്ലാതായി. ബി ജെ പി ഫാസിസത്തെ തോല്‍പ്പിക്കാന്‍ പുതിയ കൂട്ടുകെട്ട് രൂപപ്പെടേണ്ടതുണ്ടെന്നു അഭിപ്രായപ്പെട്ട മമത കോണ്‍ഗ്രസ്സ് ബലഹീനമായിട്ടും അവര്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ്സിന് കൃത്യമായ നിലപാട് എടുക്കാന്‍ സാധിക്കാത്തതാണ് ബി ജെ പിയുടെ വളര്‍ച്ചക്കും രാജ്യം ഇന്നനുഭവിക്കുന്ന ദുരിതത്തിനും കാരണമെന്നും അവര്‍ പറയുന്നു. സോണിയാ ഗാന്ധിയും മമതാ ബാനര്‍ജിയും കുറച്ചു നാളുകളായി സ്വരച്ചേര്‍ച്ചയിലല്ല. ഈ പശ്ചാത്തലത്തിലാണ് മമതയുടെ പവാറുമായുള്ള കൂടിക്കാഴ്ചയും യു പി എ സഖ്യത്തെ തള്ളിപ്പറഞ്ഞുള്ള പ്രസ്താവനയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുംബൈയില്‍ സിവില്‍ സൊസൈറ്റി അംഗങ്ങളോട് സംസാരിക്കവെ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശവും നടത്തി മമത. പകുതി സമയവും വിദേശത്തു പോയിരുന്നാല്‍ എങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാകുമെന്നായിരുന്നു രാഹുലിനെ ലക്ഷ്യമാക്കി മമതയുടെ ഒളിയമ്പ്. ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ തൃണമൂലിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും മമതാ ബാനര്‍ജി നേരത്തേ ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് അനുകൂല മറുപടിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ്‌രഹിത സഖ്യശ്രമവുമായി അവര്‍ മുന്നോട്ടു പോകാന്‍ കാരണമെന്നും പറയപ്പെടുന്നുണ്ട്.

മറ്റൊരു വശത്ത് ദേശീയ മുന്നണി രൂപവത്കരണത്തിലും യു പി തിരഞ്ഞെടുപ്പിലും ഏകപക്ഷീയമായ നിലപാടാണ് കോണ്‍ഗ്രസ്സ് പുലര്‍ത്തി വരുന്നത്. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ്സ് നേതാക്കളെ മാത്രമേ മത്സരിപ്പിക്കൂവെന്നാണ് ബുലന്ദേശ്വറില്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചത്. യു പിയില്‍ പാര്‍ട്ടി ഒറ്റക്കു വിജയിക്കുമെന്നും അവര്‍ അവകാശപ്പെട്ടു. മറ്റൊരു പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്ന് യു പിയിലെ നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രിയങ്കാ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നതായും ഇതേത്തുടര്‍ന്നാണ് പ്രിയങ്കയുടെ പ്രഖ്യാപനമെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. യു പിയിലെ ഇപ്പോഴത്തെ കോണ്‍ഗ്രസ്സിന്റെ അടിത്തറ വെച്ചു നോക്കുമ്പോള്‍ ഇത്തരമൊരു നീക്കം ആത്മഹത്യാപരമാണ്. സംസ്ഥാനത്ത് ബി ജെ പിയുടെ വിജയം ഇത് എളുപ്പമാക്കും. ദേശീയ രാഷ്ട്രീയത്തില്‍ മറ്റു സംസ്ഥാന തിരഞ്ഞെടുപ്പുകളേക്കാള്‍ വന്‍ പ്രാധാന്യമുണ്ട് യു പി തിരഞ്ഞെടുപ്പിന്. യു പി പിടിച്ചെടുക്കുന്നവരാണ് ഇന്ദ്രപ്രസ്ഥം വാഴുകയെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബി ജെ പിയെ താഴെയിറക്കി മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെങ്കില്‍ അതിന്റെ മുന്നോടിയായി യു പിയില്‍ ഒരു മതേതരസഖ്യം അധികാരത്തില്‍ വരേണ്ടതുണ്ട്. കോണ്‍ഗ്രസ്സ് ഒറ്റക്കു വിചാരിച്ചാല്‍ അവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല.

മമതയുടെ ദേശീയ സഖ്യ ശ്രമങ്ങളോടും കോണ്‍ഗ്രസ്സ് നിസ്സഹകരണമാണ് പ്രകടിപ്പിക്കുന്നത്. ബംഗാള്‍ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തില്‍ നിന്ന് ലഭ്യമായ ആര്‍ജവവും ആത്മവിശ്വാസവുമാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് കാലൂന്നാനും ഒരു ദേശീയ സഖ്യം രൂപപ്പെടുത്താനും മമതക്ക് പ്രചോദനം. മികവുറ്റ നേതൃത്വത്തിന്റെ അഭാവവും ആഭ്യന്തര കലഹവും കാരണം ശക്തി ക്ഷയിച്ച കോണ്‍ഗ്രസ്സിനേക്കാള്‍ ഇപ്പോള്‍ ഒരു ദേശീയ സഖ്യം നയിക്കാന്‍ മമതക്കാണ് കൂടുതല്‍ സാധ്യതയെന്നും കോണ്‍ഗ്രസ്സിനേക്കാള്‍ നല്ല രീതിയില്‍ പ്രതിപക്ഷത്തെ ഏകോപിപ്പിക്കാന്‍ മമതക്കു സാധിക്കുമെന്നും രാജ്യത്തെ മതേതര കക്ഷികള്‍ക്കിടയില്‍ തന്നെ അഭിപ്രായവുമുണ്ട്. പ്രതിപക്ഷ നിരയില്‍ മമതക്ക് വര്‍ധിച്ചു വരുന്ന ഈ അംഗീകാരം കോണ്‍ഗ്രസ്സ് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അതൃപ്തരായ കോണ്‍ഗ്രസ്സ് നേതാക്കളെ മമത വലയിലാക്കുന്നതും കോണ്‍ഗ്രസ്സിനു ഭീഷണിയാണ്.

കോണ്‍ഗ്രസ്സിനെ അകറ്റിനിര്‍ത്തുന്ന മമതയുടെ വിദ്വേഷ രാഷ്ട്രീയവും പഴയ പ്രതാപത്തിന്റെ ഓര്‍മയില്‍ യു പിയിലടക്കം ഒറ്റക്കു മത്സരിക്കാമെന്ന കോണ്‍ഗ്രസ്സ് നിലപാടും ഒരുപോലെ അപകടകരവും മതേതര വിശ്വാസികളെ ആശങ്കാകുലരാക്കുന്നതുമാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പ് മതേതര ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യവും നിര്‍ണായകവുമാണ്. ഇന്ദ്രപ്രസ്ഥം ഇത്തവണയും ബി ജെ പി കൈയടക്കിയാല്‍ ഹിന്ദുത്വ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള അവരുടെ വഴി കൂടുതല്‍ എളുപ്പമാകും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബി ജെ പി ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ ദേശീയ പര്യടനം അടുത്ത ദിവസം തുടങ്ങാനിരിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ പ്രതിപക്ഷം കക്ഷിരാഷ്ട്രീയ ഭിന്നതകള്‍ മറന്നും വിട്ടുവീഴ്ചകള്‍ കാണിച്ചും ഐക്യത്തോടെ മുന്നോട്ടു പോകുന്നില്ലെങ്കില്‍ അത് രാജ്യത്തോട് ചെയ്യുന്ന കടുത്ത ദ്രോഹമായിരിക്കും.

Latest