Connect with us

Articles

രാഷ്ട്രം: പുരോഗതിയും മുന്‍ഗണനാക്രമങ്ങളും

കൊവിഡ് പ്രതിസന്ധിമൂലം ആഗോള വ്യാപാരത്തില്‍ ഇപ്പോള്‍ തന്നെ ഉണ്ടായിരിക്കുന്ന ഇടിവ് 32 ശതമാനമാണെന്ന് ഡബ്ല്യു എച്ച് ഒ വിലയിരുത്തുന്നുണ്ട്. ഇന്ത്യയുടെ കാര്യത്തിലാകട്ടെ ഇത് കൂടുതല്‍ മോശമാണ്. രാജ്യത്തിന്റെ ദേവാലയങ്ങള്‍ എന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളുടെ വില്‍പ്പന, പൗരത്വ- കാര്‍ഷിക പ്രക്ഷോഭങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി, താളംതെറ്റിയ ആരോഗ്യമേഖല എന്നിവയൊക്കെ രാജ്യത്തെ പതിറ്റാണ്ടുകള്‍ പിറകോട്ടു നയിക്കുന്നു.

Published

|

Last Updated

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷിക ദിനവും കഴിഞ്ഞുപോയി. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഒന്നാം തീയതി മുതല്‍ തന്നെ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാ പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്കും വോട്ടവകാശം നല്‍കി ലോകത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഒന്നാം കിട ജനാധിപത്യ രാജ്യമായി ഇന്ത്യ നിലനില്‍ക്കുന്നു എന്നത് ഇന്ത്യക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനപൂരിതമാണ്. നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പട്ടാള ഭരണത്തിലേക്കും സ്വേച്ഛാധികാരത്തിലേക്കും വഴിമാറി. സ്വാതന്ത്ര്യം നേടി 150 വര്‍ഷത്തിനു ശേഷം മാത്രമാണ് അമേരിക്കയില്‍ പോലും എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം യാഥാര്‍ഥ്യമായത്. ബ്രിട്ടീഷുകാര്‍ ആരംഭിച്ച ലോകത്തെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയുടെ വികസനവും രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടിത്തറയായ ബേങ്കുകളുടെ ദേശസാത്കരണവുമൊക്കെ എടുത്തുപറയത്തക്ക നേട്ടമാണ്. ക്ഷീരോത്പാദക-ഭക്ഷ്യ-കാര്‍ഷിക രംഗങ്ങളിലൊക്കെയും സ്വാതന്ത്ര്യത്തിന് 10 വര്‍ഷത്തിനുള്ളില്‍ തന്നെ സ്വയംപര്യാപ്തത കൈവരിച്ച ലോകത്തെ ഏറ്റവും വലിയ രാജ്യമായി നാം മാറി. 1951ല്‍ തന്നെ ഏഷ്യന്‍ ഗെയിംസിന് വേദിയായ ഇന്ത്യ 1983ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടി. 1956ല്‍ ഏഷ്യയിലെ തന്നെ ആദ്യ ന്യൂക്ലിയര്‍ റിയാക്ടര്‍ ആരംഭിച്ചു. പല പ്രാവശ്യം ചൈനയെയും പാക്കിസ്ഥാനെയുമൊക്കെ നേരിട്ട് ലോകത്തെ അഞ്ചാമത്തെ സൈനിക ശക്തിയായി രാജ്യം നിലകൊള്ളുന്നു. 1975ല്‍ ആര്യഭട്ടയിലൂടെ തുടങ്ങിയ ബഹിരാകാശ യജ്ഞം 1984ല്‍ രാകേഷ് ശര്‍മയെ വാനലോകത്തേക്കയച്ച് ക്രമപ്രവൃദ്ധമായി പുരോഗമിച്ച് ജി സാറ്റ് 15ല്‍ എത്തി നില്‍ക്കുന്നു. വിദ്യാഭ്യാസ രംഗത്തെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന ഫലമായി 1951ല്‍ കേവലം 5.7 കോടി മാത്രമുണ്ടായിരുന്ന സാക്ഷരരെ 2001 ആയപ്പോഴേക്കും 57 കോടിയിലെത്തിച്ചു. ഇപ്പോഴത് മൊത്തം ജനസംഖ്യയുടെ 77.7 ശതമാനത്തിലെത്തി നില്‍ക്കുകയും ചെയ്യുന്നു. രണ്ട് നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷുകാരുടെ അടിമത്തത്തിനും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന രാജ്യ വിഭജനത്തിനുമൊക്കെ ശേഷവും ലോകത്തെ അതിവേഗം വളരുന്ന രണ്ടാമത്തെ സമ്പദ്്വ്യവസ്ഥയാണ് നമ്മുടേത്. ഇതൊക്കെ ഒരു ഭാഗത്ത് നിലനില്‍ക്കുമ്പോഴും സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തിയഞ്ചാം വര്‍ഷത്തിനു ശേഷവും ശിശു മരണങ്ങളും കര്‍ഷക ആത്മഹത്യകളും മനുഷ്യാവകാശ ധ്വംസനങ്ങളും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കരളലിയിക്കുന്ന കഥകളും പെണ്‍ഭ്രൂണഹത്യകളും ശൈശവ ബലാത്സംഗങ്ങളും സ്ത്രീധന പീഡനങ്ങളുമൊക്കെയായല്ലാതെ ഒരു ദിനം പോലും കടന്നുപോകുന്നില്ല എന്നത് വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്.

2005ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ അറിയാനുള്ള അവകാശത്തിനിടയിലും ഭരണകൂടവും ജനങ്ങളും തമ്മിലുള്ള സുതാര്യ ബന്ധം അറ്റുപോകുന്നു. 2009ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ എല്ലാവര്‍ക്കും നല്‍കേണ്ട വിദ്യാഭ്യാസ അവകാശ നിയമത്തിനിടയിലും പള്ളിക്കൂടം കാണാത്ത കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിരഹിത പ്രക്ഷോഭത്തിനുശേഷം 2013ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ലോക്പാല്‍ ബില്ലിന് മുമ്പാണോ ശേഷമാണോ കൂടുതല്‍ അഴിമതി എന്ന് നമ്മള്‍ സംശയിച്ചു തുടങ്ങിയിരിക്കുന്നു. 2013ല്‍ ദേശീയ ഭക്ഷ്യ സുരക്ഷാനയം നടപ്പാക്കിയിട്ടും പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണമടയുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയുമൊക്കെ പെരുപ്പം നമ്മെ ഏറെ അസ്വസ്ഥപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സമ്പൂര്‍ണമായ അര്‍ഥത്തില്‍ രാജ്യം സ്വാതന്ത്ര്യം നേടാന്‍ ഇനി എത്ര പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരും എന്ന ചിന്തയാണ് രാജ്യത്തെ മഹാ ഭൂരിപക്ഷത്തെയും ഇന്ന് ഭരിക്കുന്ന ചേതോവികാരം.

ജാതികളും ഉപജാതികളുമൊക്കെയായി ചിതറിക്കിടക്കുന്ന ഇന്ത്യന്‍ സമൂഹത്തെ ഒരൊറ്റ സമൂഹം ഒരൊറ്റ രാജ്യം എന്ന അര്‍ഥത്തില്‍ കോര്‍ത്തിണക്കാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് “ടീമില്‍ ദളിത് കായിക താരങ്ങള്‍ ഉള്ളതു കൊണ്ടാണ് സ്വര്‍ണ മെഡല്‍ നമുക്ക് നഷ്ടമായത്’ എന്നതു പോലുള്ള ആക്രോശങ്ങള്‍. ഇത്തരം അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളെ പുനരുദ്ധരിക്കുന്നതിന് മുന്തിയ പരിഗണന നല്‍കേണ്ട ഈ സമയത്തും പട്ടിക ജാതിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടിലേക്കോ പട്ടിക ജാതിക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമായുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിലേക്കോ ഇക്കുറിയും ഒന്നും നീക്കിവെച്ചിട്ടില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. അതുപോലെ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ വേര്‍തിരിവുകള്‍ക്ക് കാരണമാകാന്‍ പോകുന്ന അക്കാദമിക് ബേങ്ക് ഓഫ് ക്രെഡിറ്റ് (ABC) നിലവില്‍ വന്നിരിക്കുകയാണ്. ഇതോടെ ഉന്നത വിദ്യാഭ്യാസ രംഗം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുമെന്നര്‍ഥം.

പണപ്പെരുപ്പവും നോട്ട് നിരോധവും ജി എസ് ടി യുമൊക്കെ ഇന്ത്യന്‍ സാമ്പത്തികരംഗം താറുമാറാക്കിക്കൊണ്ടിരിക്കവേയാണ് കൊവിഡ് എന്ന മഹാമാരി കൂടി പിടിമുറുക്കുന്നത്. കൊവിഡ് പ്രതിസന്ധിമൂലം ആഗോള വ്യാപാരത്തില്‍ ഇപ്പോള്‍ തന്നെ ഉണ്ടായിരിക്കുന്ന ഇടിവ് 32 ശതമാനമാണെന്ന് ഡബ്ല്യു എച്ച് ഒ വിലയിരുത്തുന്നുണ്ട്. ഇന്ത്യയുടെ കാര്യത്തിലാകട്ടെ, ഇത് കൂടുതല്‍ മോശമാണ്. രാജ്യത്തിന്റെ ദേവാലയങ്ങള്‍ എന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളുടെ വില്‍പ്പന, പൗരത്വ- കാര്‍ഷിക പ്രക്ഷോഭങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി, താളംതെറ്റിയ ആരോഗ്യമേഖല എന്നിവയൊക്കെ രാജ്യത്തെ പതിറ്റാണ്ടുകള്‍ പിറകോട്ടു നയിക്കുന്നു.

രാഷ്ട്രീയ രംഗത്താകട്ടെ ശക്തമായ ഒരു പ്രതിപക്ഷമില്ലാതായിരിക്കുന്നു. മാധ്യമങ്ങള്‍ അടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ജുഡീഷ്യറിക്ക് വിശ്വാസ്യത്തകര്‍ച്ച സംഭവിക്കുന്നു. പ്രശംസനീയമായിരുന്ന നമ്മുടെ ചേരിചേരാനയം പൊളിച്ചെഴുതി ദേശീയ-അന്തര്‍ദേശീയ രംഗത്തെ നിലപാടും നിലവാരവും കളഞ്ഞു കുളിച്ചിരിക്കുന്നു.

2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രസ്താവിച്ചത് ഓര്‍മയുണ്ടാകണം. ‘പുതിയ നൂറ്റാണ്ടിലേക്ക് തിരിയുന്ന വേളയില്‍ ജനിച്ച ഇന്നത്തെ യുവ തലമുറയുടെയും മികച്ച ജീവിതം സ്വപ്‌നം കാണുന്ന പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാരുടെയും തലയുയര്‍ത്തിപ്പിടിച്ച് ജീവിതം നേരിടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെയും ന്യൂനപക്ഷ വിഭാഗക്കാരുടെയും ആഗ്രഹങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കുക എന്നത് ഈ ബജറ്റ് ലക്ഷ്യമിടുന്നു’ എന്ന അവരുടെ നെടുങ്കന്‍ പ്രസ്താവനകളൊക്കെയും വെറും പ്രസ്താവനകളായി മാത്രം അവശേഷിക്കുകയാണ്. 450 കോടി രൂപ ചെലവഴിച്ച് ചൊവ്വയിലേക്ക് മംഗള്‍യാന്‍ അയക്കുന്നതോടൊപ്പം മലവിസര്‍ജ്യനം നടത്തുന്നതിനു പോലും സൗകര്യമില്ലാത്ത ദാരിദ്ര്യ രേഖക്ക് താഴെ ജീവിക്കുന്ന 40 ശതമാനം ജനങ്ങളെ കരകയറ്റാന്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അഥവാ അഴിമതിയും വര്‍ഗീയതയും മത വിദ്വേഷവുമൊക്കെ അവസാനിപ്പിച്ച്, ബജറ്റിലെ മുന്‍ഗണനാ ക്രമങ്ങള്‍ മാറ്റേണ്ടതുണ്ട്.

യാഥാര്‍ഥ്യങ്ങളെ മറന്നുകൊണ്ടും അവഗണിച്ച് കൊണ്ടും സമ്പൂര്‍ണ സ്വാതന്ത്ര്യവും ഐശ്വര്യവുമുള്ള ഒരു സ്വതന്ത്ര ഭാരതം കെട്ടിപ്പടുക്കാന്‍ നമുക്ക് സാധ്യമല്ല. നൂറുകണക്കിന് നാട്ടുരാജ്യങ്ങളുള്ള, വൈവിധ്യവും വിഭിന്നവുമായ സംസ്‌കാരങ്ങളും ഭാഷകളും ജീവിത രീതികളും കൊണ്ട് ശിഥിലമായ ഒരു ജനതയായിരുന്നു ഇവിടുത്തേത്. നൂറ് വര്‍ഷത്തെ ചരിത്രമുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങള്‍ക്ക് അവരെ കോര്‍ത്തിണക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ സമാനമായ സംഭവങ്ങള്‍ ഇനിയും സാധ്യമാണ്. ലോക മഹായുദ്ധങ്ങള്‍ക്ക് ശേഷം തകര്‍ന്ന് തരിപ്പണമായ ജര്‍മനിയും ജപ്പാനും നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ ബഹ്‌റൈനും കൊറിയയുമൊക്കെ പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുമ്പോള്‍ വിശേഷിച്ചും. രാജ്യത്തിന്റെ ഇപ്പോഴുള്ള സാഹചര്യങ്ങള്‍ അത്തരമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ആഹ്വാനമാണ് നമുക്ക് നല്‍കുന്നത് എന്നാശിക്കാം.

---- facebook comment plugin here -----

Latest