National
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് പേര്‍ അറസ്റ്റില്‍
കൊലപാതകത്തിനു പിന്നാലെ കലാപ സമാനമായ സാഹചര്യം

ബെംഗളുരു | കര്‍ണാടക ശിവമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നാലെ കലാപ സമാനമായ സാഹചര്യം. 26കാരനായ ഹര്‍ഷയെന്ന യുവാവാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. കൊലപാതകത്തിന് പിന്നില്‍ അഞ്ച് പ്രതികളാണെന്ന് ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര പറഞ്ഞു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഘര്‍ഷാവസ്ഥ പരിഗണിച്ച് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും ക്രമസമാധാനനില നിലനിര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷ എന്ന യുവാവിനെ അക്രമികള്‍ കുത്തിക്കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇയാളെ കാറിലെത്തിയ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേ സമയം ഹിജാബ് വിവാദത്തിന് കൊലപാതകവുമായി ബന്ധമില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.