Connect with us

sajeev krishna murder

കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം; അര്‍ഷാദ് പിടിയില്‍

സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ മഞ്ചേശ്വരത്തുവെച്ചാണ്‌ പിടിയിലായത്‌

Published

|

Last Updated

കാസര്‍കോട് | കൊച്ചി ഫ്‌ളാറ്റില്‍ വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പോലീസ് പിടിയില്‍. കര്‍ണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് അര്‍ഷാദിനെ പോലീസ് പൊക്കിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദ് കുടുങ്ങിയത്. പ്രതിയെ ഇന്ന് രാത്രിയോടെ കൊച്ചിയിലെത്തിക്കും.

കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അര്‍ഷാദിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍. ഇതോടെ ഇയാള്‍ വടക്കന്‍ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പോലീസ് ഉറപ്പിച്ചു. തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ അതിര്‍ത്തികളും മറ്റും കേന്ദ്രീകരിച്ച് വിശദ അന്വേഷണം നടത്തുകയായിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് സംശയിക്കുന്നു

ഇന്നലെയാണ് വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ കാക്കനാട് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വൈകിട്ടോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.

സജീവിന്റെ തലയിലും കഴുത്തിലുമടക്കം 20 ലേറെ മുറിവുകളുണ്ട്. ഫ്‌ളാറ്റിലെ പൈപ്പ് ഡെക്റ്റിനിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകി എന്ന് സംശയിക്കുന്ന അര്‍ഷാദ് ഈ ഫ്‌ളാറ്റിലെ സ്ഥിരതാമസക്കാരന്‍ ആയിരുന്നില്ല. കൊലപാതകം നടക്കുമ്പോള്‍ സജീവും അര്‍ഷാദും മാത്രമായിരുന്നു ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. ടൂറിലായിരുന്ന മറ്റ് മൂന്ന് പേര്‍ ഞായറാഴ്ച രാത്രിവരെ സജീവുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് ഫോണ്‍ എടുത്തില്ല. പകരം സജീവിന്റെ ഫോണില്‍ നിന്ന് മേസേജുകള്‍ ഇന്നലെ ഉച്ചവരെ വന്നു. കൊലപാതക വിവരം പുറത്തായതോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. മെസേജുകള്‍ കണ്ടപ്പോള്‍ ഭാഷയില്‍ സംശയം തോന്നിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

Latest