local body election 2025
മലിനീകരണ നിയന്ത്രണം കര്‍ശനമാക്കി നഗരസഭാ ആരോഗ്യ വിഭാഗം
ബോര്‍ഡുകളില്‍ ക്യൂ ആര്‍ കോഡ് പതിക്കേണ്ടതുണ്ട്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഉള്ളതാണോയെന്ന് മനസ്സിലാക്കാനും സാധിക്കും
തിരൂരങ്ങാടി | മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരോധിച്ച പി വി സി പ്ലസില്‍ നിര്‍മിച്ച ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനായി നഗരസഭ ഇലക്ഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തി. ഇത്തരത്തില്‍ സ്ഥാപിച്ച 15 ബോര്‍ഡുകള്‍ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കി.
അതോടൊപ്പം ഇത്തരം ബോര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തി. മാര്‍ഗനിര്‍ദേശം പാലിക്കാതെ പ്രിന്റ് ചെയ്ത സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാറും രണ്ട് വ്യത്യസ്ത ഉത്തരവുകളിലായി ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് നടത്തണമെന്ന് നിഷ്‌കര്‍ഷിച്ച് ഉത്തരവിറക്കിയിരുന്നു. അത് പ്രകാരം ബോര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നതിന് പോളിഎത്ത്‌ലിന്‍, കോട്ടണ്‍ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് പ്രിന്റ് ചെയ്യാന്‍ പാടുള്ളൂവെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്.
അതോടൊപ്പം ഇത്തരം ബോര്‍ഡുകളില്‍ ക്യൂ ആര്‍ കോഡ് പതിക്കേണ്ടതുണ്ട്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഉള്ളതാണോയെന്ന് മനസ്സിലാക്കാനും സാധിക്കും. ഇത്തരത്തില്‍ ക്യൂ ആര്‍ കോഡ് പതിക്കാത്ത ബോര്‍ഡുകള്‍ സ്ഥാപിച്ച സ്ഥാനാര്‍ഥികള്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്.
സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും ഹൈക്കോടതി ഉത്തരവുകള്‍ക്കും വിരുദ്ധമായി പൊതുസ്ഥലങ്ങളിലും റോഡിലും നടപ്പാതയിലും സ്ഥാപിച്ചിരിക്കുന്ന സ്ഥാനാര്‍ഥികളുടെ ബോര്‍ഡുകള്‍ നഗരസഭയുടെ ഉത്തരവാദിത്വത്തില്‍ നീക്കുകയാണെങ്കില്‍ ഓരോ ബോര്‍ഡിനും 5,000 രൂപ വീതം പിഴ ഈടാക്കും. തുക സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തുന്നതിനും ഉത്തരവായിട്ടുണ്ട്. നിയമാനുസരണം ചെലവഴിക്കുന്ന തുകയുടെ തോത് വര്‍ധിച്ചാല്‍ സ്ഥാനാര്‍ഥികളുടെ അയോഗ്യതക്ക് കാരണമാകുകയും ചെയ്യും.
പരിശോധനക്ക് ക്ലീന്‍ സിറ്റി മാനേജര്‍ ടി കെ പ്രകാശന്‍, സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ മോഹന്‍ദാസ്, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീജി, കെ എസ് ഡബ്ല്യു എം പി എന്‍ജിനീയര്‍ സി അലിന്‍ നേതൃത്വം നല്‍കി. പരിശോധന തുടര്‍ദിവസങ്ങളിലും കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി നഗരസഭ ആരോഗ്യ വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ടി കെ പ്രകാശന്‍ അറിയിച്ചു.

