Connect with us

wpl- 23

പ്രഥമ ഡബ്ല്യു പി എല്ലില്‍ ഗംഭീര ജയവുമായി മുംബൈ ഇന്ത്യന്‍സ്; നാണംകെട്ട് ഗുജറാത്ത്

143 റണ്‍സിനാണ് മുംബൈയുടെ ജയം.

Published

|

Last Updated

മുംബൈ | പ്രഥമ വനിത പ്രീമിയര്‍ ലീഗ് (ഡബ്ല്യു പി എല്‍) മത്സരത്തില്‍ ആദ്യ ജയം നേടി മുംബൈ ഇന്ത്യന്‍സ്. 143 റണ്‍സിനാണ് മുംബൈയുടെ ജയം. ഗുജറാത്ത് ജയന്റ്‌സ് വഴങ്ങിയതാകട്ടെ നാണംകെട്ട തോല്‍വിയും.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഗുജറാത്തിന്റെ മറുപടി 15.1 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 64 റണ്‍സിലൊതുങ്ങി. ക്യാപ്റ്റൻ ബെത് മൂണി റിട്ടയേഡ് ഹർട്ട് ആയത് ഗുജറാത്തിന് തിരിച്ചടിയായിരുന്നു. നാല് വിക്കറ്റ് നേടിയ സെയ്ക ഇസ്ഹാഖ് ആണ് ഗുജറാത്തിന്റെ കഥ കഴിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. നാത് സീവര്‍ ബ്രണ്ട്, അമേലിയ കെര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ഗുജറാത്ത് ബാറ്റിംഗ് നിരയില്‍ പുറത്താകാതെ 29 റണ്‍സെടുത്ത ദയാലന്‍ ഹേമലതയാണ് ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്റെ വെടിക്കെട്ട് ബാറ്റിംഗിലാണ് മുംബൈ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 30 ബോളില്‍ നിന്ന് 65 റണ്‍സാണ് കൗര്‍ നേടിയത്. ഹെയ്‌ലി മാത്യൂസ് 47ഉം അമേലിയ കെര്‍ പുറത്താകാതെ 45ഉം റണ്‍സെടുത്തു. ഗുജറാത്തിന്റെ സ്‌നേഹ റാണ രണ്ട് വിക്കറ്റെടുത്തു.