Connect with us

monsoon

കാലവർഷം ജൂൺ ആദ്യവാരം; അഞ്ചിനുള്ളിൽ ശക്തിപ്രാപിക്കും

ഇത്തവണ കൂടുതൽ മഴ ലഭിച്ചേക്കും

Published

|

Last Updated

പാലക്കാട്| തെക്ക് പടിഞ്ഞാറൻ മൺസൂൺ ഇത്തവണ സാധാരണപോലെ കേരളത്തിലെത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐ എം ഡി) അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം പ്രാപിച്ച “മോഖ’ നേരത്തേ ആശങ്ക സൃഷ്ടിച്ചിരുന്നു. മൺസൂൺ വരുന്ന സമയത്ത് ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ അത് കാലാവസ്ഥയെ ബാധിക്കുക പതിവാണ്. എന്നാൽ “മോഖ’ ഇപ്പോൾ ദുർബലമായതോടെ തെക്ക് പടിഞ്ഞാറൻ മൺസൂണിന് തടസ്സമില്ല. അതേസമയം, ചുഴലിക്കാറ്റ് തിരിച്ചുവരികയാണെങ്കിൽ മൺസൂണിന്റെ വരവിനെ ബാധിക്കും.

നിലവിലെ സാഹചര്യത്തിൽ ഈ മാസം 22 ഓടെ മൺസൂൺ ആൻഡമാൻ നിക്കോബർ ദ്വീപുകളിലെത്തുകയും തുടർന്ന് ജൂൺ ആരംഭത്തിൽ തന്നെ മഴ ലഭിക്കാനുമുള്ള സാധ്യതയാണ് തെളിയുന്നത്. ജൂൺ അഞ്ചിനുള്ളിൽ കാലവർഷം ശക്തിപ്രാപിക്കും. മധ്യ പസഫിക്കിലെ ചൂട് കൂടുന്നതിന്റെ ചാക്രിക പ്രതിഭാസമായ “എൽനിനോ’യുടെ ശക്തി കുറയുന്നതിനാൽ കേരളത്തിന് ഈ വർഷം ലഭിക്കേണ്ട സാധാരണ മഴ ലഭിക്കും.

സംസ്ഥാനത്ത് ജൂൺ, ജൂലൈ മാസങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ജൂൺ, ജൂലൈ മാസങ്ങളിൽ മഴ കുറഞ്ഞ് ആഗസ്റ്റിൽ കൂടുതൽ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ജൂൺ, ജൂലൈ മാസങ്ങളിൽ എൽനിനോ പ്രഭാവം കുറയുന്നതിനാൽ ഇത്തവണ കൂടുതൽ മഴ ലഭിക്കുമെന്നാണ് സൂചനയെന്ന് ഐ എം ഡി അധികൃതർ വ്യക്തമാക്കി. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മഴക്കുറവും അനുഭവപ്പെടും.

നിലവിൽ സംസ്ഥാനത്ത് സാധാരണ പോലെ മഴ ലഭിക്കാനാണ് സാധ്യതയെന്നും കേരളത്തിലെ മൺസൂൺ കാലവസ്ഥയെ സംബന്ധിച്ച് വിശദമായ നിരീക്ഷണം നടത്തി കൃത്യമായ പ്രവചനം നൽകുമെന്നും അധികൃതർ അറിയിച്ചു.

Latest