Editors Pick
മുജ്തബ ഖാംനഈക്ക് സുരക്ഷ ഒരുക്കാൻ ഇറാന്റെ കരിമ്പട; എന്താണ് നോപോ (NOPO)?
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനേക്കാൾ (ഐ ആർ ജി സി) ക്രൂരവും മാരകവുമായ രീതിയിൽ ദൗത്യങ്ങൾ നടപ്പിലാക്കുന്നവരാണ് ഇവരെന്നു പറയപ്പെടുന്നു
ടെഹ്റാൻ | ഇസ്റാഈൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖാംനഇക്ക് പിന്നാലെ ഇറാന്റെ പരമോന്നത നേതാവായി നിയമിതനായ ആയത്തുള്ള മുജ്തബ ഖാംനഇയുടെ സുരക്ഷക്കായി എലൈറ്റ് കൗണ്ടർ ടെററിസം യൂണിറ്റായ ‘നോപോ’ (NOPO) യെ നിയോഗിച്ചു. ഫെബ്രുവരി 28 ന് നടന്ന ആക്രമണത്തിൽ മുജ്തബ ഖമനയിക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.
ഞായറാഴ്ച പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട ശേഷം മുജ്തബ ഖമനയി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ പ്രസ്താവനകൾ ഇറക്കുകയോ ചെയ്തിട്ടില്ല. മുജ്തബ ഖമനയി നിലവിൽ രഹസ്യ കേന്ദ്രത്തിൽ കഴിയുകയാണെന്നും കറുത്ത വസ്ത്രധാരികളായ നോപോ സേനാംഗങ്ങൾ അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നുണ്ടെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്താണ് നോപോ (NOPO)?
ഇറാൻ സ്പെഷ്യൽ യൂണിറ്റ് കമാൻഡിന് കീഴിലുള്ള ഏറ്റവും ഉയർന്ന പരിശീലനം ലഭിച്ച എലൈറ്റ് കൗണ്ടർ ടെററിസം യൂണിറ്റാണ് നോപോ. 1991 ലാണ് ഇത് രൂപീകരിച്ചത്. ‘നിറൂയേ വിജെ പസ്ദാരൻ വിലായത്ത്’ എന്ന പേരിന്റെ ചുരുക്കരൂപമാണ് നോപോ. ‘പരമോന്നത നേതാവിനെ സംരക്ഷിക്കാനുള്ള പ്രത്യേക സേന’ എന്നാണ് ഇതിന്റെ അർത്ഥം.

മുജ്തബ അലി ഖാംനഈ
ഔദ്യോഗികമായി ബന്ദികളെ മോചിപ്പിക്കുക എന്നതാണ് ഇവരുടെ ചുമതലയെങ്കിലും, ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ഇവർ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനേക്കാൾ (ഐ ആർ ജി സി) ക്രൂരവും മാരകവുമായ രീതിയിൽ ദൗത്യങ്ങൾ നടപ്പിലാക്കുന്നവരാണ് ഇവരെന്നു പറയപ്പെടുന്നു. സേനയുടെ പൂർണ്ണമായ കൂറ് പരമോന്നത നേതാവിനോട് മാത്രമാണ്.
സേനയുടെ വിന്യാസവും രീതികളും
ഇറാനിലുടനീളമായി നോപോയ്ക്ക് ആറ് ബ്രിഗേഡുകളാണുള്ളത്. ഇതിൽ നാലെണ്ണം തലസ്ഥാനമായ ടെഹ്റാനിലും ബാക്കിയുള്ളവ മശ്ഹദിലും ഇസ്ഫഹാനിലുമാണ്. നിലവിൽ മുജ്തബ ഖാംനഈ കഴിയുന്ന അതീവ സുരക്ഷിത കേന്ദ്രത്തിന് പുറമെ, രാഷ്ട്രീയ തടവുകാരുള്ള ജയിലുകൾക്ക് ചുറ്റും ഈ സേനയെ വലിയ തോതിൽ വിന്യസിച്ചിട്ടുണ്ട്. മുൻപ് നടന്ന മഹ്സ അമിനി പ്രതിഷേധങ്ങൾ ഉൾപ്പെടെയുള്ള ജനകീയ പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കിക്കൊന്നതിൽ ഈ സേനയ്ക്ക് വലിയ പങ്കുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
റെവല്യൂഷണറി ഗാർഡിന്റെ പങ്ക്
മുജ്തബ ഖമനയിയെ അധികാരത്തിലെത്തിക്കുന്നതിന് പിന്നിൽ റെവല്യൂഷണറി ഗാർഡിന്റെ (IRGC) ശക്തമായ ഇടപെടലുണ്ട്. മുജ്തബയിലൂടെ ഒരു ‘സൈനിക ഭരണകൂടം’ എന്ന നിലയിലേക്ക് ഇറാനെ മാറ്റാനാണ് ഇവർ ശ്രമിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. മുജ്തബയുടെ കീഴിൽ ഇറാൻ കൂടുതൽ കടുത്ത വിദേശനയങ്ങളും ആഭ്യന്തര നിയന്ത്രണങ്ങളും ഏർപ്പെടുത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്.
Summary
Iran has deployed its elite “black-clad” NOPO counterterrorism unit to safeguard the new Supreme Leader, Mojtaba Khamenei, following the assassination of his father, Ali Khamenei. While reports suggested Mojtaba was injured in the recent strikes, Iranian officials maintain he is safe and healthy in a secure location. The NOPO force, known for its rigorous training and loyalty to the Supreme Leader, is now managing security to prevent internal unrest during this transition.





