Connect with us

Kerala

ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന്

അഭിനയരംഗത്തെ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാലിന്. 2023-ലെ പുരസ്‌കാരത്തിനാണ് മോഹൻലാൽ അർഹനായത്. ദാദാസാഹിബ് ഫാൽക്കെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയത്.

അഭിനയരംഗത്തെ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം മോഹൻലാൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലയിരുത്തി. അദ്ദേഹത്തിന്റെ അതുല്യമായ കഴിവുകളും കഠിനാധ്വാനവും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായം സൃഷ്ടിച്ചു.

സെപ്റ്റംബർ 23-ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.

രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്ര സർക്കാർ 1969-ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.

മലയാള സിനിമയ്ക്കും മലയാള ഭാഷയ്ക്കും ലഭിച്ച അംഗീകാരം: മോഹൻ ലാൽ

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് എന്നെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അവാര്‍ഡ് ജേതാവായ മോഹന്‍ലാല്‍. ഇത് എനിക്ക് മാത്രമായി കിട്ടിയ അംഗീകാരമല്ലെന്നും മലയാള സിനിമയ്ക്കും മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും മലയാള ഭാഷയ്ക്കും കേരളത്തിനുമെല്ലാം ചേര്‍ന്ന് ലഭിച്ചിരിക്കുന്ന അംഗീകാരമായാണ് ഇതിനെ കണക്കാക്കുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Latest