Connect with us

kerala niyamasabha

രമക്കെതിരായ എം എം മണിയുടെ പരാമര്‍ശം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം: സഭ ഇന്നത്തേക്ക് പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | കെ കെ രമക്കെതിരെ എം എം മണി നടത്തിയ പരാമര്‍ശത്തെ ചൊല്ലി നിയമസഭയില്‍ ബഹളം. നിയമസഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെക്കുകയായിരുന്നു. രമയെ അവഹേളിച്ച എം എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.

എന്നാല്‍ ഒരു മാപ്പും പറയില്ലെന്ന് പറഞ്ഞ് ഭരണപക്ഷവും തിരിച്ചടിച്ചു. ഇടുക്കിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകനായ ധീരജ് കൊല്ലപ്പെട്ടപ്പേള്‍ ഇരന്ന് വാങ്ങിയ മരണമെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശം ഭരണപക്ഷം സഭയില്‍ ഉന്നയിച്ചു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുള്ള ബഹളമായി.

ഇതിനിടെ സ്പീക്കര്‍ ചോദ്യോത്തര വേളയുടെ റൂളിംഗ് നല്‍കി. മന്ത്രി എം വി ഗോവിന്ദനെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനായി സ്പീക്കര്‍ ക്ഷണിച്ചു. ഇതിനിടെ എം വി ഗോവിന്ദന്‍ മറുപടി നല്‍കല്‍ തുടങ്ങിയെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ സ്ഥാപിച്ചു. ഇതോടെ ചോദ്യാത്തര വേള സ്പീക്കര്‍ റദ്ദാക്കുകയായരുന്നു. തുടര്‍ന്ന് സഭാ നടപടികള്‍ പെട്ടന്ന് പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. ഇനി തിങ്കളാഴ്ചയാണ് സഭ സമ്മേളിക്കുക.

മുഖ്യമന്ത്രിക്കെതിരെ, ഇടതുപക്ഷ സര്‍ക്കാറിനെതിരെ ഒരു മഹതി ഇവിടെ പ്രസംഗിച്ചു. ആ മഹതി ഒരു വിധവയായിപ്പോയി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല- ഇതായിരുന്നു കഴിഞ്ഞ ദിവസം നിയമസഭയില്‍ എം എം മണി പറഞ്ഞത്.

 

 

Latest