National
'മാതാപിതാക്കളേക്കാൾ ഞങ്ങൾക്ക് ഇഷ്ടം കൊറിയക്കാരെ'; ഗാസിയാബാദിൽ ജീവനൊടുക്കിയ സഹോദരിമാരുടെ ഡയറിക്കുറിപ്പ് പുറത്ത്
കൊറിയൻ പോപ്പ് സംസ്‌കാരം (കെ പോപ്പ്), ഓൺലൈൻ ഗെയിമുകൾ, അന്താരാഷ്ട്ര വിനോദ പരിപാടികൾ എന്നിവയോടുള്ള ഇവരുടെ അമിതമായ ആസക്തി വെളിപ്പെടുത്തുന്നതാണ് കുറിപ്പുകൾ.
ഗാസിയാബാദ് | കൊറിയൻ പോപ്പ് സംസ്‌കാരത്തോടും ഓൺലൈൻ ഗെയിമുകളോടുമുള്ള അമിതമായ ലഹരി മുത്ത് ജീവനൊടുക്കിയ മൂന്ന് പെൺകുട്ടികൾ എഴുതിയ ഡയറിക്കുറിപ്പുകളും എട്ട് പേജുള്ള കത്തും പോലീസ് കണ്ടെടുത്തു. കൊറിയൻ പോപ്പ് സംസ്‌കാരം (കെ പോപ്പ്), ഓൺലൈൻ ഗെയിമുകൾ, അന്താരാഷ്ട്ര വിനോദ പരിപാടികൾ എന്നിവയോടുള്ള ഇവരുടെ അമിതമായ ആസക്തി വെളിപ്പെടുത്തുന്നതാണ് കുറിപ്പുകൾ. ഗാസിയാബാദിലെ ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടിയാണ് സഹോദരിമാരായ നിഷിക (16), പ്രാചി (14), പാഖി (12) എന്നിവർ കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
കൊറിയൻ അധിഷ്ഠിതമായ ഒരു ടാസ്ക് ഗെയിമിന് കുട്ടികൾ അടിമപ്പെട്ടിരുന്നതായി എ സി പി അതുൽ കുമാർ സിങ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഈ ഗെയിം കളിക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ നിയന്ത്രിച്ചതാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോവിഡ് കാലത്താണ് സഹോദരിമാർ ഓൺലൈൻ ഗെയിമിംഗിൽ സജീവമായത്. പിന്നീട് ഇത് നിർത്താൻ കഴിയാത്ത അവസ്ഥയിലായി. ഇവരുടെ ഡയറിയിൽ നിരവധി സർവൈവൽ, ഹൊറർ ഗെയിമുകളെക്കുറിച്ച് പരാമർശമുണ്ട്. പോപ്പി പ്ലേ ടൈം, ദ ബേബി ഇൻ യെല്ലോ, ഈവിൾ നൺ തുടങ്ങിയ ഗെയിമുകളുടെ പേരും ഡയറിയിലുണ്ട്.
“ഞങ്ങൾ കൊറിയയെ അത്രമേൽ സ്നേഹിക്കുന്നു. കൊറിയ ഞങ്ങളുടെ ജീവിതമായിരുന്നു. ഞങ്ങളുടെ ജീവിതം ഞങ്ങളിൽ നിന്ന് മാറ്റാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു? കുടുംബത്തേക്കാളും മാതാപിതാക്കളെക്കാളും അധികം ഞങ്ങൾ കൊറിയൻ നടന്മാരെയും കെ പോപ്പ് ഗ്രൂപ്പുകളെയും സ്നേഹിക്കുന്നു” എന്നിങ്ങനെ വൈകാരികമായ വരികളാണ് ഡയറിയിലുള്ളത്.
കൊറിയൻ സംസ്‌കാരത്തിന് പുറമെ ചൈനീസ്, തായ്, ജാപ്പനീസ് സിനിമകളോടും പാട്ടുകളോടും ഇവർക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നു. ഹോളിവുഡ് സിനിമകളും ഇംഗ്ലീഷ് പാട്ടുകളും ഡയറിയിൽ ഇടംപിടിച്ചിട്ടുണ്ട്. ഗെയിമുകളിൽ നിന്നുള്ള റിവാർഡുകളും അഭിനന്ദനങ്ങളും കുട്ടികൾക്ക് വലിയ തോതിൽ സന്തോഷം നൽകുന്നുണ്ടെന്നും ഇത് പതുക്കെ ജീവിതം നിയന്ത്രണാതീതമാക്കുമെന്നും ഫോറൻസിക് സൈക്കോളജിസ്റ്റ് ദീപ്തി പുരാണിക് പറഞ്ഞു. ഡോറെമൻ, പെപ്പ പിഗ് തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളെയും ഡിസ്നി രാജകുമാരിമാരെയും കുറിച്ച് ഡയറിയിൽ വിവരിക്കുന്നുണ്ട്.



