Ongoing News
മിഥുന്‍ മന്‍ഹാസ് ബി സി സി ഐ പ്രസിഡന്റ്
ബി സി സി ഐയുടെ 37-ാമത് പ്രസിന്റാണ് 45കാരനായ മന്‍ഹാസ്. അമിത ശര്‍മയാണ് വനിതാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് പാനലിന്റെ പുതിയ അധ്യക്ഷ.

ന്യൂഡല്‍ഹി | ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി (ബി സി സി ഐ)ന്റെ പുതിയ പ്രസിഡന്റായി ഡല്‍ഹിയുടെ മുന്‍ ക്യാപ്റ്റന്‍ മിഥുന്‍ മന്‍ഹാസ് തിരഞ്ഞെടുക്കപ്പെട്ടു. റോജര്‍ ബിന്നിക്ക് പകരക്കാരനായാണ് മന്‍ഹാസ് എത്തുന്നത്. ബോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ (എ ജി എം) ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. ബി സി സി ഐയുടെ 37-ാമത് പ്രസിന്റാണ് 45കാരനായ മന്‍ഹാസ്. സൗരവ് ഗാംഗുലിക്കും റോജര്‍ ബിന്നിക്കും ശേഷം ബി സി സി ഐയുടെ ഉന്നത പദവിയിലെത്തുന്ന മൂന്നാമത്തെ മാത്രം മുന്‍ ക്രിക്കറ്റര്‍ കൂടിയാണ് മിഥുന്‍ മന്‍ഹാസ്.
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസമാദ്യം ബോര്‍ഡുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന സമിതിയുടെ അനൗദ്യോഗിക യോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ത്തന്നെ മിഥുന്‍ മന്‍ഹാസിനെ പദവിയില്‍ നിയോഗിക്കുന്നതില്‍ ധാരണ രൂപപ്പെട്ടിരുന്നു. മന്‍ഹാസിന്റെ നാമനിര്‍ദേശത്തെ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ജെ കെ സി എ) ശക്തമായി പിന്തുണക്കുകയും ചെയ്തു.
മധ്യനിര ബാറ്ററായ മന്‍ഹാസിന് മികച്ച ബാറ്റിംഗ് റെക്കോര്‍ഡുണ്ട്. 1997-98, 2016-17 കാലയളവുകളിലായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 157 മത്സരങ്ങളിലാണ് മന്‍ഹാസ് ബാറ്റേന്തിയത്. 130 ലിസ്റ്റ് എ, 55 ഐ പി എല്‍ മത്സരങ്ങളും കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 45.82 ശരാശരിയില്‍ 9,714 റണ്‍സ് മന്‍ഹാസിന്റെ പേരിലുണ്ട്. 27 ശതകങ്ങളും 49 അര്‍ശതകങ്ങളും ഇതിലുള്‍പ്പെടും. 2007-08 രഞ്ജി ട്രോഫി സീസണില്‍ 921 റണ്‍സാണ് ഡല്‍ഹി താരം സ്വന്തമാക്കിയത്. ഐ പി എലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, പൂനെ വാരിയേഴ്‌സ് ഇന്ത്യ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്ലബുകള്‍ക്കായും കളിച്ച മന്‍ഹാസ് 55 മത്സരങ്ങളില്‍ നിന്നായി 514 റണ്‍സ് നേടി. കോച്ച്, ഭരണാധികാരി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
ബോര്‍ഡിന്റെ മറ്റ് ചില പ്രധാന സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും എ ജി എം നടത്തി. ബി സി സി ഐ സെക്രട്ടറി ദേവജിത് സൈക്കിയയും ഐ പി എല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാലും തത്സ്ഥാനങ്ങള്‍ നിലനിര്‍ത്തി. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ തലവനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ രഘുറാം ഭട്ട് ആണ് പുതിയ ട്രഷറര്‍. നിലവിലെ ട്രഷറര്‍ പ്രഭ്‌തേജ് ഭാട്യയെ ജോയിന്റ് സെക്രട്ടറിയാക്കി. രോഹന്‍ ഗൗന്‍സ് ദേശായിയില്‍ നിന്നാണ് ഭാട്യ സ്ഥാനമേറ്റെടുക്കുന്നത്. ദിലീപ് വെംഗ്‌സാര്‍ക്കര്‍ക്കു പകരം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയ്‌ദേവ് ഷാ അപെക്‌സ് കൗണ്‍സില്‍ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
വനിതാ ടീം തിരഞ്ഞെടുപ്പ് പാനല്‍; അമിത ശര്‍മ ചെയര്‍പേഴ്‌സണ്‍
ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ അമിത ശര്‍മയാണ് വനിതാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് പാനലിന്റെ പുതിയ അധ്യക്ഷ. നീതു ഡേവിഡിന് പകരക്കാരിയായാണ് അമിത എത്തുന്നത്. ഇന്ത്യക്കായി 116 ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്. ശ്യാമ ഡേ, ജയ ശര്‍മ, ശ്രാവന്തി നായിഡു എന്നിവരും പാനലിന്റെ നേതൃ സ്ഥാനങ്ങളിലുണ്ട്. സെപ്തംബര്‍ 30 മുതല്‍ നവംബര്‍ രണ്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ലോകകപ്പിനു ശേഷമായിരിക്കും ഇവര്‍ ചുമതലയേല്‍ക്കുക.
മുന്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ പി സിംഗ്, പ്രഗ്യാന്‍ ഓജ എന്നിവരെ പുരുഷ തിരഞ്ഞെടുപ്പ് പാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, തമിഴ്‌നാടിന്റെ മുന്‍ ബാറ്റര്‍ എസ് ശറത് ജൂനിയര്‍ തിരഞ്ഞെടുപ്പ് പാനലിലേക്ക് മടങ്ങിയെത്തി.