Kerala
പാലക്കാട് കാണാതായ ഇരട്ട സഹോദരങ്ങള്‍ കുളത്തില്‍ മരിച്ച നിലയില്‍
ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മക്കളാണ് ഇരുവരും
പാലക്കാട് | ചിറ്റൂരില്‍ കാണാതായ ഇരട്ടസഹോദരന്മാര്‍ കുളത്തില്‍ മരിച്ച നിലയില്‍. ചിറ്റൂര്‍ സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ ലക്ഷ്മണന്റെ മൃതദേഹമാണ് ആദ്യം കുളത്തില്‍ നിന്ന് കണ്ടെത്തിയത്. ഇരട്ട സഹോദരന്‍ രാമന്റെ മൃതദേഹം പിന്നാലെ കണ്ടെത്തി. 14 വയസ്സുകാരായ രാമന്‍, ലക്ഷ്മണന്‍ എന്നിവരെ ഇന്നലെ വൈകിട്ട് ആറ് മണി മുതലാണ് കാണാതായത്.
ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മക്കളാണ് ഇരുവരും. ചിറ്റൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് രാമനും ലക്ഷ്മണനും. ഇരട്ടക്കുട്ടികളായ ഇവരെ ഇന്നലെ വൈകിട്ട് മുതലാണ് വീട്ടില്‍ നിന്ന് കാണാതായത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു ഇരുവര്‍ക്കും. പതിവുപോലെ വീട്ടില്‍ നിന്ന് പോയ ഇവര്‍ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. തുടര്‍ന്നാണ് ഇവരെ കാണാതായത്. ചിറ്റൂര്‍ ശിവന്‍കോവിലിലെ കുളത്തിലാണ് ലക്ഷ്മണന്റെ മൃതദേഹം ആദ്യം കണ്ടെത്തിയത്. രാമന്റെ വസ്ത്രങ്ങള്‍ അവിടെത്തന്നെയുണ്ടായിരുന്നു.
പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാമന്റെ മൃതദേഹവും കണ്ടെത്തിയത്. ഇരുവര്‍ക്കും നീന്തലറിയില്ലായിരുന്നു. കുളിക്കാനല്ല, മീന്‍ പിടിക്കാനിറങ്ങിയതായിരിക്കും എന്നാണ് പോലീസിന്റെ സംശയം. പ്രദേശത്ത് ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഒരാള്‍ അപകടത്തില്‍പെട്ടപ്പോള്‍ അടുത്തെയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചതാകാം എന്ന അനുമാനവും പുറത്തുവരുന്നുണ്ട്.


