Connect with us

National

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; പതഞ്ജലിയെ രൂക്ഷമായി ശാസിച്ച് സുപ്രീം കോടതി; തുടർന്നാൽ കോടികൾ പിഴ ചുമത്തും

പതഞ്ജലി ആയുർവേദിന്റെ ഇത്തരം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ എല്ലാ പരസ്യങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.

Published

|

Last Updated

ന്യൂഡൽഹി | ആധുനിക വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നത് തുടരുന്നതിന് ബാബാ രാംദേവ് സഹസ്ഥാപകനായ പതഞ്ജലി ആയുർവേദിനെ ശക്തമായി ശാസിച്ച് സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അഹ്‌സനുദ്ദീൻ അമാനുല്ലയും പ്രശാന്ത് കുമാർ മിശ്രയും അടങ്ങുന്ന ബെഞ്ച് കമ്പനിക്ക് താക്കീത് നൽകിയത്.

പതഞ്ജലി ആയുർവേദിന്റെ ഇത്തരം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ എല്ലാ പരസ്യങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. അത്തരത്തിലുള്ള ഏതൊരു ലംഘനവും കോടതി വളരെ ഗൗരവമായി കാണുമെന്നും ഒരു പ്രത്യേക രോഗം സുഖപ്പെടുത്താൻ കഴിയുമെന്ന് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ഒരു കോടി രൂപ വരെ പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

പതഞ്ജലി ആയുർവേദ് ഭാവിയിൽ അത്തരം പരസ്യങ്ങളൊന്നും പ്രസിദ്ധീകരിക്കരുതെന്നും മാധ്യമങ്ങളിൽ കാഷ്വൽ പ്രസ്താവനകൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വിഷയം അലോപ്പതിയും ആയുർവേദവും തമ്മിലുള്ള തർക്കമായി മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ പരസ്യങ്ങളുടെ പ്രശ്‌നത്തിന് യഥാർത്ഥ പരിഹാരം കണ്ടെത്താനാണ് ആഗ്രഹിക്കുന്നതെന്നും വാദം കേൾക്കുന്നതിനിടെ ബെഞ്ച് നിരീക്ഷിച്ചു. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസർക്കാർ കാര്യക്ഷമമായ പരിഹാരം കാണണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ കെഎം നടരാജന് കോടതി നിർദേശം നൽകി.

കേസ് വീണ്ടും2024 ഫെബ്രുവരി 5-ന് പരിഗണിക്കും.

Latest