Connect with us

riyas v/s satheesan

വി ഡി സതീശൻ്റെത് ഫോട്ടോഷൂട്ട് സമരമാണെന്ന് മന്ത്രി റിയാസ്; രണ്ടാം ദിവസവും അടിതട

സതീശൻ പ്രതിപക്ഷ നേതാവായത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും റിയാസ് പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്നത് ഫോട്ടോഷൂട്ട് സമരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയമായി നേരിടാൻ കഴിവില്ലാത്ത പ്രതിപക്ഷ നേതാവ് വ്യക്തിപരമായാണ് മന്ത്രിമാരെ ആക്രമിക്കുന്നത്. വി ഡി സതീശനെ പ്രതിപക്ഷ നേതാവായി സ്വീകരിക്കാൻ പാർട്ടി പോലും തയ്യാറായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇതോടെ രണ്ടാം ദിവസവും ഇരുനേതാക്കളും ആരോപണപ്രത്യാരോപണങ്ങൾ തുടരുകയാണ്.

സ്വന്തം പാർട്ടി പോലും പ്രതിപക്ഷ നേതാവിന്റെ പ്രമാണിത്വം അംഗീകരിക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചേർന്ന കോൺഗ്രസ് പാർലിമെൻ്ററി യോഗത്തിൽ നാല് പേർ മാത്രമാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് സതീശനെ പിന്തുണച്ചത്. എല്ലാവരും പറഞ്ഞത് ചെന്നിത്തലയുടെ പേരാണ്. എന്നിട്ടും സതീശൻ പ്രതിപക്ഷ നേതാവായത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും റിയാസ് പറഞ്ഞു.

ബി ജെ പിക്കെതിരെ വി ഡി സതീശൻ ഒരു വാക്ക് പോലും ഉരിയാടാത്തതിനെയും മന്ത്രി വിമർശിച്ചു. പത്രക്കട്ടിംഗ് ഉയർത്തിയാണ് പ്രതിപക്ഷ നേതാവ് ബി ജെ പിക്കെതിരെ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്ന് പറയുന്നത്. കേന്ദ്ര ബജറ്റിനെതിരെയും അമിത് ഷാക്കെതിരെയും പോലും പ്രതികരിച്ചിട്ടില്ല. എന്ത് ഗതികെട്ട അവസ്ഥയാണ് ഇതെന്നും ജനങ്ങൾക്ക് മുൻപിൽ ഇതെല്ലം തുറന്നുകാട്ടുമെന്നും മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ ദിവസം, സ്പീക്കർക്ക് നട്ടെല്ലില്ല എന്ന പ്രതിപക്ഷ നിരയിലെ ആരോപണത്തിന്, ചോദ്യത്തിന് മറുപടി പറയാൻ എഴുന്നേറ്റ റിയാസ് രൂക്ഷമായി പ്രതികരിച്ചിരുന്നു. നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയവരോട് മറുപടി പറയേണ്ടതില്ല സാർ എന്നായിരുന്നു റിയാസിൻ്റെ മറുപടി. ഇതിനെതിരെ വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രൂക്ഷമായി തിരിച്ചടിച്ചിരുന്നു. മാനേജ്മെൻ്റ് ക്വാട്ടയിൽ മന്ത്രിയായ ആളാണ് റിയാസ് എന്നായിരുന്നു സതീശൻ്റെ പരിഹാസം.

Latest