Connect with us

Kerala

ശബരിമലയില്‍ 45 ലക്ഷത്തോളം തീര്‍ഥാടകരെത്തിയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

മകരവിളക്ക് ദര്‍ശനത്തിനു ശേഷം മടങ്ങുന്ന അയ്യപ്പഭക്തര്‍ക്കായി കെ എസ് ആര്‍ ടി സി 1,000 അധിക സര്‍വീസുകള്‍ നടത്തി.

Published

|

Last Updated

പത്തനംതിട്ട | ഈ വര്‍ഷത്തെ മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ വെള്ളിയാഴ്ച വരെ  45 ലക്ഷത്തോളം പേർ ശബരിമലയില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ ഭരണകൂടങ്ങൾ തീര്‍ഥാടനം മെച്ചപ്പെട്ട രീതിയിലാക്കാന്‍ നല്ല ഇടപെടലുകള്‍ നടത്തി. കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും തീര്‍ഥാടകരെ സ്വീകരിക്കാനുള്ള സംവിധാനമൊരുക്കിയത് ഈ വര്‍ഷത്തെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമായും അഞ്ച് ദേവസ്വം ബോര്‍ഡുകള്‍, അവക്ക് കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭക്തര്‍ക്കടക്കം ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ സന്നദ്ധരായി. സന്നദ്ധ സേവന സംഘടനകളും കാര്യമായ സഹായങ്ങള്‍ ചെയ്തു. തെലങ്കാന, കര്‍ണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ഭക്തരെത്തിയെന്നത് ഇത്തവണത്തെ തീര്‍ഥാടനകാലത്തിന്റെ പ്രത്യേകതയാണ്.  എല്ലാ അര്‍ഥത്തിലും ഇത്തവണത്തെ ശബരിമല തീര്‍ഥാടന കാലം ഏറ്റവും ഭംഗിയായി നടത്തുന്നതിന് എല്ലാ തലത്തില്‍ നിന്നുള്ള സഹായസഹകരണങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്തജന തിരക്ക് വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്. ഓരോ ഭക്തനും സ്വയം നിയന്ത്രിക്കാന്‍ വേണ്ടിയുള്ള ശ്രദ്ധ ഇതുവരെ ഉണ്ടായിട്ടുണ്ട്. ഇനിയങ്ങോട്ടും ആ ശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, ശനിയാഴ്ച വൈകിട്ട് 6.45ന് മകരവിളക്ക് കണ്ട് തീർഥാടകർ മലയിറക്കം ആരംഭിച്ചു. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്നെത്തിയ തിരുവാഭരണ ഘോഷയാത്രാ സംഘത്തിന് വൈകിട്ട് ആറ് മണിയോടെ ശരംകുത്തിയില്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ദേവസ്വം ഭാരവാഹികള്‍ വന്‍ വരവേല്‍പ് നല്‍കി സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമര ചുവട്ടില്‍വെച്ച് തിരുവാഭരണപ്പെട്ടി മന്ത്രി കെ രാധാകൃഷ്ണന്‍, കെ യു ജെനീഷ് കുമാര്‍ എം എല്‍ എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം എസ് എസ് ജീവന്‍, സെക്രട്ടറി എസ് ഗായത്രി ദേവി, ദേവസ്വം സെക്രട്ടറി കെ ബിജു, ശബരിമല എ ഡി എം. പി വിഷ്ണു രാജ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് തിരുവാഭരണം ശ്രീകോവിലിലേക്ക് ആചാരപൂര്‍വം ആനയിച്ചു. ശ്രീകോവിലില്‍ തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയും ചേര്‍ന്ന് സ്വീകരിച്ച് തിരുവാഭരണങ്ങള്‍ അയ്യപ്പന് ചാര്‍ത്തി. തുടര്‍ന്ന് മഹാദീപാരാധന കഴിഞ്ഞയുടനെയാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് മൂന്ന് പ്രാവശ്യം തീർഥാടകർ കണ്ടത്.

മകരജ്യോതി കാണാൻ സന്നിധാനത്തും പരിസരത്തെ വ്യൂപോയിന്റുകളായ പാണ്ടിത്താവളം, നൂറ്റെട്ട് പടി, മാഗുണ്ട അയ്യപ്പനിലയം, കൊപ്രക്കളം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി ഭക്തരാണ് ദിവസങ്ങളായി തമ്പടിച്ചിരുന്നത്. മകരജ്യോതി ദര്‍ശന ശേഷം അയ്യപ്പഭക്തരുടെ മലയിറക്കത്തിനായി പാണ്ടിത്താവളത്ത് നിന്നും സമീപ ഇടങ്ങളില്‍ നിന്നുമായി രണ്ട് പാതകള്‍ പോലീസ് ക്രമീകരിച്ചിരുന്നു. ഈ സമയം ഇതുവഴിയുള്ള ട്രാക്ടര്‍ യാത്രയോ സന്നിധാനത്തേക്കുള്ള യാത്രയോ അനുവദിച്ചില്ല. രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചത്. മകരവിളക്ക് ദര്‍ശനത്തിനു ശേഷം മടങ്ങുന്ന അയ്യപ്പഭക്തര്‍ക്കായി കെ എസ് ആര്‍ ടി സി 1,000 അധിക സര്‍വീസുകള്‍ നടത്തി. നിലവിലെ സര്‍വീസുകള്‍ക്ക് പുറമേയാണ് ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന ഭക്തരുടെ യാത്രാക്ലേശമൊഴിവാക്കാനുള്ള നടപടി. ദീര്‍ഘദൂര സര്‍വീസിന് 795 ബസും പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 205 ബസുമാണ് ഏര്‍പ്പെടുത്തിയത്.

 

Latest