Connect with us

health

മില്ലറ്റുകൾ മൂല്യമേറിയ പോഷക കലവറ

ചെറുധാന്യങ്ങളുടെ പോഷക ഗുണങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുന്ന കൃഷിയിനം എന്നതിനെ കുറിച്ചുമുള്ള അവബോധം പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കാർ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. കർഷകരെ ശാക്തീകരിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരതക്കുമുള്ള ഭാവി ധാന്യങ്ങളാണ് മില്ലറ്റുകൾ.

Published

|

Last Updated

മനുഷ്യരാശിക്ക് പരിചിതമായ പരമ്പരാഗത ധാന്യങ്ങളായ മില്ലറ്റുകൾ അഥവാ ചെറുധാന്യങ്ങൾ ഉദ്പാദിപ്പിക്കുന്നതിൽ ഇന്ത്യ ലോകത്ത് ഒന്നാമതാണ്. ന്യൂട്രി – ധാന്യങ്ങൾ (Nutri cereals) എന്നറിയപ്പെടുന്ന ചെറുധാന്യങ്ങൾ പോഷകങ്ങളാൽ സമ്പന്നമാണ്. പുല്ല് വർഗത്തിൽ പെടുന്ന, കാണാൻ ചെറു വിത്തുകൾ പോലെയുള്ള ധാന്യവിളകളാണ് മില്ലറ്റുകൾ. ഏഷ്യയിലെയും ആഫ്രിക്കയിലെയും അമ്പത് കോടിയിലധികം ആളുകളുടെ പരമ്പരാഗത ഭക്ഷണമാണിത്. വരണ്ട കാലാവസ്ഥയിലും അതിജീവനശേഷിയുള്ള ചെറു ധാന്യങ്ങളുടെ കൃഷി പരിസ്ഥിതി സൗഹൃദവും എളുപ്പം കൃഷി ചെയ്യാൻ സാധിക്കുന്നവയുമാണ്.

കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം ലോകത്ത് 200 കോടിയോളം ജനങ്ങൾ സൂക്ഷ്മ പോഷകങ്ങളുടെ അഭാവം (micronutrient deficiency) അനുഭവിക്കുന്നുണ്ട്. ചെറുധാന്യങ്ങളായ മുത്താറി(Ragi), ചാമ, തിന, വരക്, കമ്പം (Bajra) തുടങ്ങിയവ സൂക്ഷ്മ പോഷകങ്ങളാലും നാരുകളാലും സമ്പുഷ്ടമാണ്. ഇന്ത്യയിൽ ലഭ്യമാകുന്ന പലതരം ചെറുധാന്യങ്ങൾ കൊണ്ട് വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കുന്ന പൈതൃക ധാന്യങ്ങളാണ് മില്ലറ്റുകൾ.

ചെറുധാന്യങ്ങളുടെ പോഷക ഗുണങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുന്ന കൃഷിയിനം എന്നതിനെ കുറിച്ചുമുള്ള അവബോധം പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കാർ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. കർഷകരെ ശാക്തീകരിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരതക്കുമുള്ള ഭാവി ധാന്യങ്ങളാണ് മില്ലറ്റുകൾ.

ചെറു ധാന്യങ്ങളുടെ
പോഷക ഗുണങ്ങൾ

1. മില്ലറ്റുകൾ തവിടോട് കൂടിയ ധാന്യങ്ങളായതിനാൽ നാരിന്റെ അംശം കൂടുതലാണ്.

2. മില്ലറ്റുകൾ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്.

3. പുളിപ്പിച്ച ചെറുധാന്യങ്ങൾ പ്രോബയോട്ടിക് ഗുണങ്ങൾ വർധിപ്പിക്കുന്നു.

4. കുടലിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും നല്ലതാണ്.

5. ചെറു ധാന്യങ്ങളിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു.

6. “ഗ്ലൂട്ടൻ ഫ്രീ’ യാണ് ചെറു ധാന്യങ്ങൾ – പലർക്കും ഗ്ലൂട്ടൻ അലർജി കാരണം ഗോതമ്പ് പോലുള്ള ധാന്യങ്ങൾ കഴിക്കാൻ സാധിക്കില്ല. അക്കൂട്ടർക്ക് “ഗ്ലൂട്ടൻ രഹിതമായ’ ചെറുധാന്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്താം.

7. ചെറു ധാന്യങ്ങളിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവായത് കൊണ്ട് പ്രമേഹം, പൊണ്ണത്തടി മുതലായ ജീവിതശൈലീ രോഗങ്ങളുള്ളവർക്ക് ധാന്യങ്ങൾക്ക് പകരമായി ആഹാരത്തിലുൾപ്പെടുത്താവുന്നതാണ്.

8. ചെറുധാന്യങ്ങൾ പാകം ചെയ്യുന്നതിന് മുന്പ് 6-8 മണിക്കൂർ കുതിർത്ത് വെച്ച് ഉപയോഗിക്കുന്നത് ദഹനം സുഗമമാക്കുന്നതിനും പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യുന്നതിനും സഹായകമാകുന്നു.

9. നാടൻ പലഹാരങ്ങൾ (ഇഡ്ഡലി, ദോശ, കൊഴുക്കട്ട, ഇടിയപ്പം, ഉപ്പ്മാവ് ), പായസം, കുറുക്കുകൾ, സൂപ്പുകൾ, മിൽക്ക് ഷേക്കുകൾ മുതലായവ ചെറുധാന്യങ്ങൾ ഉപയോഗിച്ച് രുചികരമായി ഉണ്ടാക്കിയെടുക്കാം.

അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണം പോഷകാഹാര സുരക്ഷയിലേക്ക് നീങ്ങുന്നതിനുള്ള ഒരു തുടക്കമാണ്. വൈവിധ്യവും പോഷക സമൃദ്ധവുമായ ചെറുധാന്യങ്ങൾ നമ്മുടെ ആഹാര രീതിയുടെ ഭാഗമാക്കാം.

രജിസ്‌ട്രേഡ്ഡ് ഡയറ്റീഷ്യൻ കമ്മ്യൂണിറ്റി നൂട്രിഷ്യൻ ഫോറം, കാസർകോട്