Kerala
മെമ്മറി കാര്‍ഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്
മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് സംഘടനയുടെ വിലയിരുത്തല്‍.
കൊച്ചി | സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്. വിഷയവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട അന്വേഷണ സമിതിയാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്.
2018ല്‍ സിനിമയിലെ മീ ടു വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ വനിതാ അംഗങ്ങളില്‍ ചിലരില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും ഇത് ഒരു മെമ്മറി കാര്‍ഡില്‍ റെക്കോര്‍ഡ് ചെയ്തിരുന്നുവെന്നും അന്വേഷണ സമിതി സ്ഥിരീകരിച്ചു. ഈ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കെ പി എ സി ലളിതക്ക് കൈമാറിയിരുന്നുവെന്നും അന്വേഷണ സമിതി കണ്ടെത്തി.
മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് സംഘടനയിലെ ഏതെങ്കിലും അംഗങ്ങള്‍ക്ക് നിയമനടപടി ആവശ്യമുണ്ടെങ്കില്‍ സ്വന്തം നിലക്ക് മുന്നോട്ടു പോകുന്നതിന് തടസ്സം ഇല്ലെന്നും നേതൃത്വം വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന സംഘടനാ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം പ്രസിഡന്റ് ശ്വേതാ മേനോനും ജോയി മാത്യുവുമാണ് ഇക്കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.
ദിലീപ് നിലവില്‍ സംഘടനയില്‍ അംഗമല്ലെന്നും അംഗത്വം ആവശ്യമുണ്ടെങ്കില്‍ അപേക്ഷ നല്‍കിയ ശേഷം ആലോചിക്കാമെന്നും ചോദ്യത്തിന് മറുപടിയായി ഭാരവാഹികള്‍ പറഞ്ഞു.




