Connect with us

vani jayaram

പ്രായം ബാധിക്കാത്ത സ്വരമാധുരി

പ്രായം 80നോട് അടുത്തപ്പോഴും സ്വരമാധുരിയില്‍ കൗമാരത്തിന്റെ ചെറുപ്പം നിലനിന്നു.

Published

|

Last Updated

അന്യഭാഷയില്‍ നിന്നുവന്ന് മലയാളിയുടെ ഹൃദയം കവര്‍ന്ന അതുല്യ ഗായികയാണ് വാണി ജയറാമിന്റെ വേര്‍പാടിലൂടെ ഓര്‍മയാവുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ച അവരുടെ ശബ്ദമാധുരി ഒരു തലമുറയുടെ ഹൃദയത്തില്‍ അലയടിക്കുന്നു.

മലയാളസിനിമാ ഗാനമേഖലയില്‍ 1975-85 കാലഘട്ടത്തില്‍ നിറഞ്ഞു നിന്ന അവര്‍ നീണ്ട ഇടവേളക്കു ശേഷം ‘ഓലഞ്ഞാലി കുരുവി…’ എന്ന പ്രണയാര്‍ദ്ര ഗാനവുമായി മലയാളത്തില്‍ തിരികെയെത്തി. 1983 എന്ന ചിത്രത്തില്‍ ഗോപിസുന്ദറിന്റെ ഈണത്തില്‍ ആ സ്വരമാധുരി വീണ്ടും ഒഴുകിയെത്തുകയായിരുന്നു.
2017ല്‍ പുലിമുരുകന്‍ എന്ന ചിത്രത്തിലെ ‘മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ…’ എന്ന പാട്ടിലൂടെ അരനൂറ്റാണ്ടു മുമ്പു കേട്ട അതേ സ്വരമാധുരിയോടെ അവരുടെ ശബ്ദം മലയാളികള്‍ വീണ്ടും കേട്ടു.

പ്രായം 80നോട് അടുത്തപ്പോഴും സ്വരമാധുരിയില്‍ കൗമാരത്തിന്റെ ചെറുപ്പം നിലനിന്നു. 1945 നവംബര്‍ 30ന് തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് വാണി ജയറാമിന്റെ ജനനം. സംഗീതജ്ഞയായ അമ്മയില്‍ നിന്നു തന്നെ സംഗീതത്തിന്റെ ബാല പാഠങ്ങള്‍ പഠിച്ചു. അഞ്ചാം വയസ്സില്‍ ദീക്ഷിതര്‍ കൃതികള്‍ പഠിച്ചെടുത്തു. എട്ടാം വയസ്സില്‍ ആകാശവാണി മദ്രാസ് സ്റ്റേഷനില്‍ പാടിത്തുടങ്ങി.
വിവാഹ ശേഷം മുംബൈയില്‍ താമസമാക്കിയതോടെയാണു സിനിമാ സംഗീതത്തില്‍ എത്തിപ്പെട്ടത്. ‘ഗുഡി’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ശ്രദ്ധേയമായി.

പ്രശസ്ത സംഗീത സംവിധായകന്‍ വസന്ത് ദേശായി സിനിമാ ഗാന രംഗത്തിനു പരിചയപ്പെടുത്തിയ ആ ശബ്ദത്തെ പിന്നീട് നൗഷാദ്, മദന്‍ മോഹന്‍, ആര്‍.ഡി.ബര്‍മന്‍, ഒ പി നയ്യാര്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, കല്യാണ്‍ജി ആനന്ദ്ജി, ജയദേവ് തുടങ്ങിയ മുന്‍നിര സംഗീത സംവിധായകരൊക്കെ സ്വീകരിച്ചു. ചെന്നൈയിലേക്കു താമസം മാറ്റിയതോടെ ബോളിവുഡില്‍ നിന്ന് അകന്ന വാണിയെ മലയാളവും തമിഴും തെലുങ്കും വരവേറ്റു.

സലീല്‍ ചൗധരി വാണി ജയറാമിനെ മലയാളികള്‍ക്കു പരിചയപ്പെടുത്തി. പ്രവാഹത്തിലെ ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’, പിക്നിക്കിലെ ‘വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി’, തിരുവോണത്തിലെ ‘തിരുവോണപ്പുലരി തന്‍ തിരുമുല്‍കാഴ്ച കാണാന്‍’, സിന്ധുവിലെ ‘തേടി തേടി ഞാനലഞ്ഞു’തുടങ്ങി മരണമില്ലാത്ത പാട്ടുകളിലൂടെ അവര്‍ മലയാളികളുടെ ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഈ വര്‍ഷം രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ഗായിക മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു വാണിയുടെ ജനനം. കലൈവാണി എന്നാണ് മാതാപിതാക്കള്‍ ഇട്ട പേര്. ഹിന്ദി സിനിമയില്‍ പാടി തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ത്ത് അത് വാണി ജയറാം എന്നാക്കി. അച്ഛന്‍ ദൊരൈസ്വാമി കൊല്‍ക്കത്ത ഇന്‍ഡോ-ജപ്പാന്‍ സ്റ്റീല്‍സ് ലിമിറ്റഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇക്കണോമിക്‌സില്‍ ബിരുദം നേടിയ വാണിക്ക് എസ്ബിഐയില്‍ ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇന്‍ഡോ-ബല്‍ജിയം ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.

പ്രഫഷണല്‍ ഗായിക എന്ന നിലയിലുള്ള വാണിയുടെ വളര്‍ച്ചയ്ക്ക് താങ്ങുംതണലും വഴികാട്ടിയുമായത് സംഗീത സ്‌നേഹിയും സിത്താര്‍ വിദഗ്ധനുമായ ഭര്‍ത്താവ് ജയരാമന്‍ ആയിരുന്നു.

ആകാശവാണിയിലൂടെ ഒഴുകിവന്ന ആ സ്വരം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ മലയാളിയുടെ പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ ആ സ്വരമാധുരിയില്‍ ലയിച്ചിരുന്നു. പേരിനെ അന്വര്‍ഥമാക്കിയ അ സംഗീത ജീവിതം അസ്തമിച്ചെങ്കിലും അവര്‍പാടിയ പാട്ടുകള്‍ കാലാതിവര്‍ത്തിയായിരിക്കും.

 

Latest