Connect with us

Prathivaram

എഴുത്തിലെ ധ്യാനസൂക്തികൾ

Published

|

Last Updated

‘എന്നെ ഏറെ സ്വാധീനിച്ച എഴുത്തുകാരൻ ഏണസ്റ്റ് ഹെമിംഗ്‌വേയാണ്. എന്റെ രചനകളിലെ വാചകങ്ങൾ രൂപപ്പെടുത്താൻ ഞാൻ ആശ്രയിച്ചത് അദ്ദേഹത്തിന്റെ നോവലുകളാണ്. എഴുതിത്തുടങ്ങിയ കാലത്ത് വാചകങ്ങളുടെ ഘടന മനസ്സിലാക്കാൻ ഞാൻ ആ നോവലുകൾ ടൈപ്പ് ചെയ്തു നോക്കാറുണ്ടായിരുന്നു. കുറച്ചു വർഷം മുന്പ് ഒരു ക്ലാസ്സിൽ വെച്ച് ഹെമിംഗ് വേയുടെ “ആയുധങ്ങളോട് വിട’ എന്ന നോവൽ ഒരിക്കൽക്കൂടി വായിച്ചപ്പോൾ അതിലെ വാചകങ്ങളാണ് എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവന്നത്. നൂറ് ശതമാനം പൂർണതയുള്ള വാചകങ്ങളാണ് അദ്ദേഹത്തിന്റെത്. എത്ര ഋജുവാണവ. നിർവിഘ്നം ഒഴുകിനീങ്ങുന്ന നദിപോലെ, കരിങ്കൽ പ്രതലത്തിലെ തെളിനീരുറവ പോലെ…’

അമേരിക്കയിലെ മുൻനിര എഴുത്തുകാരിലൊരാളായ ജൊവാൻ ദിദിയൻ (Joan Didion) 2021 ഡിസംബർ 23ന് എൺപത്തിയേഴാം വയസ്സിൽ അന്തരിച്ചു. “അമേരിക്കയുടെ രാഷ്ട്രീയത്തെയും സംസ്കാരത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏറ്റവും ആദരണീയ വ്യക്തിത്വങ്ങളിൽ ഒരാൾ’ എന്നാണ് 2013ൽ നാഷനൽ ഹ്യൂമാനിറ്റീസ് മെഡൽ അവർക്ക് സമ്മാനിക്കുന്ന വേളയിൽ അന്നത്തെ പ്രസിഡന്റ്ബരാക്ക് ഒബാമ ദിദിയനെ വിശേഷിപ്പിച്ചിരുന്നത്. സമകാലിക അമേരിക്കൻ സമൂഹത്തിന്റെ സത്യസന്ധയായ ആഖ്യാതാവായിരുന്നു ദിദിയൻ. അനുപമമായ ശൈലിയും തെളിഞ്ഞ ഭാഷയും കൊണ്ട് അമേരിക്കയുടെ അക്ഷരലോകത്ത് സവിശേഷസ്ഥാനം നേടിയ അവരുടെ രചനകൾ തീക്ഷ്ണമായ ഉൾക്കാഴ്ചകളാൽ സമ്പന്നമായിരുന്നു.
1934 ഡിസംബർ അഞ്ചിന് കാലിഫോർണിയയുടെ തലസ്ഥാനനഗരിയായ സാക്രമന്റോയിൽ ജൊവാൻ ദിദിയൻ ജനിച്ചു. 1956ൽ കാലിഫോർണിയ സർവകലാശാലയിൽനിന്നും ബിരുദം നേടിയ അവർ ന്യൂയോർക്കിലെ പ്രശസ്തമായ “വോഗ്’ (Vogue) മാസികയുടെ എഡിറ്റോറിയൽ വിഭാഗത്തിൽ കുറേക്കാലം സേവനമനുഷ്ഠിച്ചു. 1964ൽ പത്രപ്രവർത്തകനും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജോൺ ഗ്രിഗറി ദൂണിനെ വിവാഹം കഴിച്ചതിനുശേഷം കാലിഫോർണിയയിൽ തിരികെയെത്തി. 2003ൽ ഭർത്താവിന്റെയും തുടർന്ന് മകളുടെയും ആകസ്മിക മരണം എഴുത്തുകാരിയുടെ വ്യക്തിജീവിതത്തിൽ വലിയ ദുരന്തങ്ങൾ സൃഷ്ടിച്ചപ്പോൾ അവയെ മറികടക്കാൻ അവർക്ക് തുണയായത് അക്ഷരങ്ങളായിരുന്നു.

ജൊവാൻ ദിദിയൻ ചെറുപ്പത്തിലേ എഴുതിത്തുടങ്ങിയെങ്കിലും എഴുത്ത് ജീവിതായോധനത്തിനുള്ള മാർഗമാക്കുന്നതിനെക്കുറിച്ച് അക്കാലത്തൊന്നും അവർ ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ഒരഭിമുഖത്തിൽ അവർ പറയുന്നത് നോക്കൂ. “ചെറുപ്പം മുതൽ ഞാൻ കഥകളെഴുതിയിരുന്നു. പക്ഷേ, അന്നൊന്നും ഒരെഴുത്തുകാരിയാകണമെന്ന മോഹമില്ലായിരുന്നു. ഒരഭിനേത്രിയാകണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ, രണ്ടും ഒരേ ചോദനയുടെ ഉത്പന്നങ്ങൾ തന്നെയാണെന്ന സത്യം എനിക്കറിയില്ലായിരുന്നു. രണ്ടിന്റെയും കൃത്യം വിശ്വസിപ്പിക്കുക എന്നതാണ്. രണ്ടും പ്രകടനമാണ്. ഒരു വ്യത്യാസം എന്താണെന്നുവെച്ചാൽ എഴുത്തുകാർ അത് ചെയ്യുന്നത് തനിച്ചാണെന്നു മാത്രം’.

നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരിയും തിരക്കഥാകൃത്തുമായിരുന്നു ജൊവാൻ ദിദിയൻ. ആദ്യ നോവൽ “Run River’ 1963 ലാണ് പുറത്തുവന്നത്. കാലിഫോർണിയയിലെ ഒരു കുടുംബത്തിന്റെ നിത്യജീവിത വ്യവഹാരങ്ങളുടെ ചിത്രങ്ങൾ അവർ അതിൽ അതീവ ഹൃദ്യമായി വരച്ചിട്ടു. വിവിധ മാസികകളിൽ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ “Slouching Towards Bethlehem’ (1968) അവരുടെ ജന്മനാടായ കാലിഫോർണിയയുടെ സാംസ്കാരിക സവിശേഷതകളെ വിശകലനം ചെയ്യുന്നതിനൊപ്പം അക്കാലത്ത് സാൻഫ്രാൻസിസ്‌കോയിലും മറ്റും ഉയർന്നുവന്ന ഹിപ്പിസംസ്കാരം പോലെയുള്ള സാമൂഹിക ജീവിത പരിഷ്കാരങ്ങൾക്കുപിന്നിലെ മാനസിക ഘടകങ്ങളെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കുകയും ചെയ്യുന്നു. Democracy, The Last Thing He Wanted, A book of Common Prayer തുടങ്ങിയവയാണ് ദിദിയന്റെ ശ്രദ്ധേയമായ നോവലുകൾ. അവരുടെ മറ്റൊരു പ്രധാന ഉപന്യാസസമാഹാരമാണ് The White Album (1970). “ജീവിക്കാൻ വേണ്ടിയാണ് നാം നമ്മോടുതന്നെ കഥകൾ പറയുന്നത് ‘ എന്ന ദിദിയന്റെ പ്രശസ്തമായ വരികൾ ഈ പുസ്തകത്തിലാണുള്ളത്. Salvador (1983), Miami (1987), After Henri (1992), Political Fictions (2001), Where I Was From (2003) എന്നിവ അവരുടെ മറ്റു പ്രധാന കൃതികളാണ്. വൈയക്തിക ദുഃഖങ്ങളും ധ്യാനസൂക്തികളും നിറഞ്ഞ “The Year of Magical Things’ എന്ന ഓർമകളുടെ സമാഹാരമാണ് അവരുടെ മാസ്റ്റർപീസ്. നാഷനൽ ബുക്ക്‌ അവാർഡ് നേടിയ ഈ പുസ്തകം പുലിറ്റ്സർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലും ഇടംനേടിയിരുന്നു.

സമകാലിക സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെ വ്യക്തിജീവിതാനുഭവങ്ങളുമായി കൂട്ടിയിണക്കുന്ന അന്യാദൃശമായ ഗദ്യശൈലിയാണ് ദിദിയന്റെ രചനകളെ ഇത്രമേൽ ആകർഷകമാക്കുന്നത്. “അനാവശ്യമെന്നു തോന്നുന്ന ഒരു വാക്യംപോലും ഈ എഴുത്തുകാരിയുടെ രചനകളിൽ കാണാനാകില്ല’ എന്നാണ് പ്രശസ്ത നിരൂപകനായ ജോൺ ലിയോനാർഡ് പ്രസ്താവിക്കുന്നത്. സവിശേഷമായൊരു വായനാനുഭവം സൃഷ്ടിക്കുന്നവയാണ് അവരുടെ നോവലുകൾ. വായനയെ മുറിവേൽപ്പിക്കാതെ കഥാഗതിയെ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് ഒരു നോവലിസ്റ്റിന്റെ പ്രധാന കർത്തവ്യവും വെല്ലുവിളിയുമെന്നും ഈ എഴുത്തുകാരി വിശ്വസിച്ചിരുന്നു. ഒരഭിമുഖത്തിൽ ഇക്കാര്യം വ്യക്തമായിത്തന്നെ ദിദിയൻ അവതരിപ്പിച്ചിട്ടുമുണ്ട്. “നോവലെഴുത്ത് ഒരു സൂക്ഷ്മപ്രക്രിയ ആയിരിക്കണമെന്നാണ് ഞാൻ കരുതുന്നത്. എണ്ണൂറ് പേജുള്ള ഒരു നോവൽ എല്ലാ ഘടകങ്ങളെയും ഉൾപ്പെടുത്തി എവിടെയും പൊട്ടിപ്പോകാതെ, കണ്ണികൾ നഷ്ടപ്പെടാതെ, വായനയുടെ ഒഴുക്ക് മുറിഞ്ഞുപോകാതെ സൂക്ഷ്മതയോടെ രചിക്കണം. കാരണം നോവൽ ഒറ്റയിരുപ്പിന് വായിച്ചു തീരണമെന്നാണ് എന്റെ പക്ഷം. ദിവസങ്ങളെടുത്തുള്ള വായന അതിന്റെ രസച്ചരട് പൊട്ടിച്ചുകളഞ്ഞേക്കാം’.

കടന്നുപോയ വർഷം അമേരിക്കയുടെ അക്ഷരലോകത്തുണ്ടാക്കിയ നഷ്ടങ്ങൾ ഏറെയാണ്. പ്രശസ്തരായ നിരവധി എഴുത്തുകാരാണ് ഈ കാലയളവിൽ ആ രാജ്യത്തുനിന്നും എഴുത്തിന്റെയും ജീവിതത്തിന്റെയും അരങ്ങൊഴിഞ്ഞത്. ആ നഷ്ടങ്ങളിൽ എടുത്തുപറയേണ്ടതാണ് ജൊവാൻ ദിദിയന്റെ നിര്യാണവും. സമകാലിക അമേരിക്കൻ സാഹിത്യത്തിൽ ഈ എഴുത്തുകാരിയുടെ വിയോഗം സൃഷ്‌ടിച്ച ശൂന്യത വളരെ വലുതാണ്.

Latest