Connect with us

Kerala

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ്; കേസെടുത്ത് പോലീസ്

ചികിത്സാ പിഴവ് ആരോപിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരി നല്‍കിയ പരാതിയിലാണ് കേസ്.

Published

|

Last Updated

കല്‍പ്പറ്റ | മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പോലീസ്. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്തു നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തിലാണ് കേസെടുത്തത്.

ചികിത്സാ പിഴവ് ആരോപിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരി നല്‍കിയ പരാതിയിലാണ് കേസ്. മന്ത്രി ഒ ആര്‍ കേളുവിനും പോലീസിനുമാണ് പരാതി നല്‍കിയത്. മാനന്തവാടി എസ് ഐ. എം സി പവനനാണ് അന്വേഷണ ചുമതല. പോലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. യുവതിയുടെ ശരീരത്തിനകത്ത് നിന്ന് ലഭിച്ച തുണിക്കഷ്ണം അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒക്ടോബര്‍ 20നാണ് യുവതിയുടെ പ്രസവം നടന്നത്. 25ന് ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് ഇവര്‍ക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ കാണുകയും ചെയ്തു. എന്നാല്‍ വെള്ളം കുടിക്കാത്തതാണ് പ്രശ്നമെന്ന് പറഞ്ഞ് ഡോക്ടര്‍ മടക്കിയയച്ചു. എന്നാല്‍, വയറുവേദന മാറാതിരുന്നതോടെ വീണ്ടും ഡോക്ടറെ സമീപിച്ചെങ്കിലും വിശദമായ പരിശോധന നടത്താതെ തിരിച്ചയച്ചു. ഇതിനിടെ ഡിസംബര്‍ 29ന് ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തുവരികയും ദുര്‍ഗന്ധം അനുഭവപ്പെടുകയുമായിരുന്നു. രക്തസ്രാവം തടയാന്‍ വെക്കുന്ന തുണി പുറത്തെടുക്കാത്തതാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.