Connect with us

International

തായ്‌ലന്‍ഡ്-കംബോഡിയ സംഘര്‍ഷത്തിലെ മധ്യസ്ഥത: അന്‍വര്‍ ഇബ്‌റാഹീമിന്റെ ഇടപെടല്‍ മാനവിക മാതൃകയെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

'അതിര്‍ത്തി രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കാനും ജനങ്ങളുടെ സ്വസ്ഥജീവിതം സാധ്യമാക്കാനും സജീവമായ പങ്കുവഹിച്ച അന്‍വര്‍ ഇബ്റാഹീമിന്റെ ഇടപെടല്‍ മാനവിക മാതൃക.'

Published

|

Last Updated

കോഴിക്കോട് | തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയില്‍ കഴിഞ്ഞ അഞ്ചുദിവസമായി തുടര്‍ന്നുവന്നിരുന്ന സായുധ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച മലേഷ്യന്‍ പ്രധാനമന്ത്രിയും അസിയാന്‍ അധ്യക്ഷനുമായ അന്‍വര്‍ ഇബ്‌റാഹീമിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അതിര്‍ത്തി രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കാനും ജനങ്ങളുടെ സ്വസ്ഥജീവിതം സാധ്യമാക്കാനും സജീവമായ പങ്കുവഹിച്ച അന്‍വര്‍ ഇബ്റാഹീമിന്റെ ഇടപെടല്‍ മാനവിക മാതൃകയാണെന്ന് ഗ്രാന്‍ഡ് മുഫ്തി സന്ദേശത്തില്‍ പറഞ്ഞു.

പതിറ്റാണ്ടുകളായി അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന തായ്‌ലന്‍ഡും കംബോഡിയയും തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സായുധ-നയതന്ത്ര സംഘര്‍ഷം പുറപ്പെട്ടത്. ഇരുഭാഗത്തുമായി 36 പേര്‍ കൊല്ലപ്പെടുകയും രണ്ടുലക്ഷത്തോളം പേര്‍ അതിര്‍ത്തികളില്‍ നിന്ന് പലായനം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യം തുടരുന്നതിനിടെയാണ് മലേഷ്യന്‍ ഭരണ തലസ്ഥാനമായ പുത്രജയയില്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമിന്റെ മധ്യസ്ഥതയില്‍ തായ്ലന്‍ഡ് ആക്ടിങ് പ്രധാനമന്ത്രി ഫുംതാം വെചായ്ചായും കമ്പോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റും തമ്മില്‍ സമാധാന ചര്‍ച്ച നടന്നത്.

കാരുണ്യ ദര്‍ശനത്തോടെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ നന്മയും നീതിയും പ്രചരിപ്പിക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു. അന്‍വര്‍ ഇബ്‌റാഹീമുമായി അടുപ്പം പുലര്‍ത്തുന്ന ഗ്രാന്‍ഡ് മുഫ്തി മലേഷ്യന്‍ മതകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വാര്‍ഷിക ഹദീസ് പാരായണ സദസ്സിലെ മുഖ്യാതിഥിയാണ്. 2023 ജൂലൈയില്‍ മതപണ്ഡിതര്‍ക്കുള്ള മലേഷ്യന്‍ ഭരണകൂടത്തിന്റെ പരമോന്നത ബഹുമതിയും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയെ തേടിയെത്തിയിരുന്നു.

 

Latest