Editorial
ആസ്വാദ്യകരമാകട്ടെ സ്‌കൂള്‍ പഠനം
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു പാഠഭാരം കുറക്കണമെന്നത്. ഇതുസംബന്ധിച്ച് മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം കരിക്കുലം കമ്മിറ്റിയുടെ മുമ്പാകെ വെക്കുകയും കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിശിഷ്യാ എസ് എസ് എല്‍ സി ക്ലാസ്സുകാര്‍ക്ക് ആശ്വാസമേകുന്നതാണ് സ്‌കൂളിലെ പഠനഭാരം കുറക്കുമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രഖ്യാപനം. തേവലക്കരയില്‍ ഷോക്കേറ്റുമരിച്ച സ്‌കൂള്‍ വിദ്യാര്‍ഥി മിഥിന്റെ കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന ചടങ്ങിലായിരുന്നു പനഠഭാരം കുറക്കുന്നതിന് സിലബസിന്റെ 25 ശതമാനം ഒഴിവാക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി മന്ത്രി അറിയിച്ചത്. സിലബസിന്റെ വലിപ്പം കുറയുമെങ്കിലും പഠനഭാഗങ്ങളുടെ ഗുണനിലവാരത്തിലോ അടിസ്ഥാനപരമായ ഉള്ളടക്കത്തിലോ കുറവ് വരികയില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു പാഠഭാരം കുറക്കണമെന്നത്. ഇതുസംബന്ധിച്ച് മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം കരിക്കുലം കമ്മിറ്റിയുടെ മുമ്പാകെ വെക്കുകയും കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. അടുത്ത വര്‍ഷത്തെ പാഠപുസ്തകങ്ങളില്‍ തന്നെ ഈ മാറ്റങ്ങള്‍ നിലവില്‍വരും.
അമിത സിലബസ്, നിരന്തര പരീക്ഷകള്‍, ടെസ്റ്റുകള്‍, അസൈന്‍മെന്റുകള്‍, പ്രൊജക്ടുകള്‍, ട്യൂഷന്‍ എന്നിവയെല്ലാം ചേര്‍ന്ന് സ്‌കൂള്‍ പഠനം വിദ്യാര്‍ഥികള്‍ക്ക് ഭാരമായി മാറിയിരിക്കുകയാണ്. ഓരോ അധ്യാപകനും തന്റെ വിഷയത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി നല്‍കുന്ന ഹോംവര്‍ക്കുകള്‍ കുട്ടികളുടെ വിശ്രമസമയും കവര്‍ന്നെടുക്കുന്നു. കേന്ദ്രീകൃത മൂല്യനിര്‍ണയ രീതി കുട്ടികളില്‍ മാനസിക ഭാരം വര്‍ധിപ്പിക്കുകയും ആത്മവിശ്വാസം നഷ്ടമാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന മാര്‍ക്കും ഗ്രേഡുമാണ് വിജയത്തിന്റെ മാനദണ്ഡമെന്ന ധാരണ രക്ഷിതാക്കളിലും സമൂഹത്തിലും രൂഢമൂലമാകുമ്പോള്‍ സ്‌കൂള്‍ സമയത്തിനപ്പുറം കോച്ചിംഗ് സെന്ററുകളില്‍ പോകാനും വൈകുന്നേരം പഠനമുറികളില്‍ പങ്കെടുക്കാനും കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. ഇതെല്ലാം ചേര്‍ന്ന് കുട്ടികളുടെ ബാല്യം കവരുകയും ചെയ്യുന്നു.
വേണ്ടതും വേണ്ടാത്തതുമായ കുറേ പാഠഭാഗങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും കുത്തിനിറക്കുകയും ചെയ്യുന്നതിനു പകരം കുട്ടികള്‍ക്ക് അത്യാവശ്യം വേണ്ട ജീവിത നൈപുണികളും പ്രായോഗിക അറിവുകളും തിരഞ്ഞെടുക്കുന്ന രീതിയിലേക്ക് പാഠ്യപദ്ധതി മാറേണ്ടതുണ്ട്. ഹോംവര്‍ക്കുകള്‍ക്ക് നിയന്ത്രണം വേണം. പഠനത്തെ ജീവിതവുമായി ബന്ധിപ്പിക്കാതെ വെറും മാര്‍ക്ക് സമ്പാദനത്തിനുള്ള ഉപാധിയായി കാണുമ്പോഴാണ് പഠനഭാരം അസഹനീയമായി മാറുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ കുട്ടികള്‍ക്ക് കളിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കണം.
ഒരേ വിഷയത്തില്‍ ഒന്നിലധികം പാഠപുസ്തകങ്ങളും പാഠഭാഗങ്ങളിലെ ആവര്‍ത്തനങ്ങളും ഒഴിവാക്കല്‍, പ്രയോജനരഹിതമായ ഉള്ളടക്കം പുനഃക്രമീകരിക്കല്‍, ടേം അടിസ്ഥാനത്തിലുള്ള പുസ്തകവിഭജനം, ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍, ഇ-ലേണിംഗ് സംവിധാനങ്ങള്‍, വര്‍ഷാവസാന പരീക്ഷയുടെ അമിത പ്രാധാന്യം കുറച്ച് തുടര്‍ച്ചയായുള്ള സമഗ്ര മൂല്യനിര്‍ണയ രീതി നടപ്പാക്കല്‍, ഹോംവര്‍ക്കുകള്‍ നിയന്ത്രിക്കല്‍ തുടങ്ങിയവയാണ് പഠനഭാരം കുറക്കുന്നതിന് കരിക്കുലം കമ്മിറ്റി കണ്ടെത്തിയ മാര്‍ഗങ്ങളെന്നാണ് വിവരം. പഠനഭാരം കുറക്കുന്നതോടൊപ്പം സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കാനും അതുവഴി കുട്ടികളുടെ മാനസിക- ശാരീരിക സംരക്ഷണത്തിനും സഹായകമാണ് ഈ നിര്‍ദേശങ്ങള്‍. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം ബാഗില്ലാ ദിനങ്ങളായി മാറ്റുന്നതും കുട്ടികള്‍ക്ക് സ്‌കൂളിനോടുള്ള താത്പര്യം വര്‍ധിപ്പിക്കാന്‍ സഹായകമാകും. ഈ ദിവസങ്ങളില്‍ തൊഴില്‍ പരിശീലനം, സാമൂഹിക സേവനം, ഫീല്‍ഡ് ട്രിപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണ്.
പാഠഭാരം കുറക്കുന്നതിലും പഠനം ആസ്വാദ്യകരമായി മാറ്റുന്നതിലും അധ്യാപകരുടെ സമീപനത്തില്‍ കൂടി മാറ്റം അനിവാര്യമാണ്. മുന്പ് അധ്യാപകര്‍ മാത്രമായിരുന്നു അറിവിന്റെ സ്രോതസ്സെങ്കില്‍ ഇന്ന് ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ വിരല്‍തുമ്പിലുണ്ട്. പഠിപ്പിക്കുന്നതോടൊപ്പം വിദ്യാര്‍ഥികളെ ശരിയായ അറിവിലേക്ക് നയിക്കുന്ന ഒരു വഴികാട്ടിയും സുഹൃത്തുമായി മാറേണ്ടതുണ്ട് പുതിയ യുഗത്തില്‍ അധ്യാപകന്‍. സ്‌കൂളില്‍ നിന്നും ഇന്റര്‍നെറ്റ് തുടങ്ങിയ ഇതര സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്ന അറിവുകളില്‍ നല്ലതും ചീത്തതും വേര്‍തിരിച്ചു കൊടുക്കുകയും ജീവിതത്തില്‍ അവ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിനെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുകയും വേണം. പാഠപുസ്തകങ്ങളിലെ അറിവുകള്‍ക്കപ്പുറം സാമൂഹിക പ്രതിബദ്ധത, പരസ്പര ബഹുമാനം, സഹജീവി സ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികളിലേക്ക് പകരുന്നത് അധ്യാപകന്റെ പെരുമാറ്റത്തിലൂടെയും ഇടപെടലിലൂടെയുമാണ്.
പഠനത്തെ ചൊല്ലി വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കുന്ന രക്ഷിതാക്കളുടെ നിലപാടിലും മാറ്റം വരണം. പരീക്ഷയിലെ ഉയര്‍ന്ന മാര്‍ക്കാണ് വിജയത്തിന്റെ മാനദണ്ഡമെന്ന രക്ഷിതാക്കളുടെ ചിന്താഗതിയും അയല്‍വീട്ടിലെ കുട്ടിയുമായുള്ള താരതമ്യവും തത്ഫലമായുള്ള സമ്മര്‍ദവും കുട്ടികളില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. പഠനത്തില്‍ പിന്നിലാകുന്ന കുട്ടികളെ പരാജിതരായി കാണുന്ന സമീപനം മാറ്റുക കൂടി ചെയ്തെങ്കിലേ പഠനഭാരക്കുറവ് എന്ന ലക്ഷ്യം യാഥാര്‍ഥ്യമാകുകയുള്ളൂ. എല്ലാ കുട്ടികള്‍ക്കും ഒരേ രീതിയില്‍ പഠിക്കാനാകില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്, തന്റെ കുട്ടിയുടെ കഴിവുകളും താത്പര്യങ്ങളും തിരിച്ചറിയുകയും അവരെ കേള്‍ക്കുകയും മനസ്സിലാക്കുകയുമാണ് രക്ഷിതാവ് വേണ്ടത്. മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാനസികാരോഗ്യത്തിലും സന്തുലിത വളര്‍ച്ചയിലും ശ്രദ്ധിക്കുന്ന രക്ഷാകര്‍തൃത്വത്തിന് പഠനഭാരം കുറക്കുന്നതില്‍ വലിയ പങ്ക് വഹിക്കാനാകും. അത്യാവശ്യമല്ലാത്ത ട്യൂഷനുകളും കോച്ചിംഗുകളും ഒഴിവാക്കി വിശ്രമത്തിനും കളിക്കും വായനക്കും മറ്റും ഇടം നല്‍കുമ്പോള്‍ പഠനം സന്തോഷകരമായ അനുഭവമായി മാറും.


