Education
ജാമിഅതുല്‍ ഹിന്ദ് ഹാദി ബിരുദത്തിന് മൗലാനാ ആസാദ് നാഷണല്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരം
അറബി, ഉര്‍ദു, പേര്‍ഷ്യന്‍, എക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്സ്, ഇസ്‌ലാമിക് സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, വുമണ്‍ സ്റ്റഡീസ്, ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ പി ജിയും പി എച്ച് ഡിയും ചെയ്യാവുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്

കോഴിക്കോട്: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ ഹാദി ബിരുദത്തിന് ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റിയുടെ അംഗീകാരം. ഇതുവഴി ഇനി മുതല്‍ ഹാദി ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് മൗലാനാ ആസാദ് യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തര ബിരുദം (പി ജി) റഗുലറായും വിദൂര വിദ്യഭ്യസ സംവിധാനം വഴിയും പഠിക്കാനാകും. അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലെ പി ജിക്ക് പുറമെ എക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇസ്‌ലാമിക് സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, വുമണ്‍ സ്റ്റഡീസ്, ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളിലും പി ജിക്ക് പഠിക്കാന്‍ സാധിക്കും. ശേഷം സമാനമായ വിഷയങ്ങളില്‍ പി എച്ച് ഡിയും ചെയ്യാവുന്ന തരത്തിലുള്ള അംഗീകാരമാണ് ജാമിഅത്തുല്‍ ഹിന്ദ് നേടിയിരിക്കുന്നത്.
റഗുലറായി പി ജി പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഹാദി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചുതന്നെ യൂണിവേഴ്സിറ്റിയുടെ ഹൈദരാബാദ് അടക്കമുള്ള എല്ലാ കാമ്പസുകളിലും പഠിക്കാനാകും. വിദൂര വിദ്യഭ്യസ സംവിധാനം വഴി പഠിക്കാനുദ്ദേശിക്കുന്നവര്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് വഴി അപേക്ഷിക്കാനും കേരളത്തില്‍ കോഴിക്കോട് മര്‍കസുസ്സഖാഫത്തി സ്സുന്നിയ്യയില്‍ വച്ച് പരീക്ഷ എഴുതാനുമാകും. കൂടാതെ, കോണ്‍ടാക്ട് ക്ലാസ്സുകളും ലഭിക്കും. ഈ വര്‍ഷത്തെ പ്രവേശനത്തിനു വേണ്ടിയുള്ള അപേക്ഷാ സമര്‍പ്പണം തുടങ്ങി. അപേക്ഷിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കനായി മര്‍കസില്‍ പ്രത്യേകം ഹെല്‍പ് ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്. കൂടാതെ 9072500413 എന്ന നമ്പറില്‍ ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തനം ആരംഭിച്ചു.
ഹാദി ബിരുദം സ്വീകരിക്കുന്നതോടൊപ്പം പ്ലസ് ടു, ഡിഗ്രി പഠനം സാധ്യമാകാത്തവര്‍ക്കു കൂടി ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നതാണ് നിലവിലെ അംഗീകാരം. ഹാദി പഠനത്തിനു ശേഷം കാരന്തൂര്‍ മര്‍കസില്‍ മുത്വവ്വല്‍ പഠനം നടത്തുന്നവര്‍ക്ക് സഖാഫി കോഴ്സിനോടൊപ്പം തന്നെ മൗലാനാ ആസാദ് നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദാനന്തര ബിരുദവും ശേഷം പി എച്ച് ഡിയും എടുക്കാനാകുമെന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസവും സന്തോഷവും പകരുന്നതാണ്.
ഭാവിയില്‍ കൂടുതല്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ജാമിഅതുല്‍ ഹിന്ദിന് ലഭിക്കുമെന്നും വിദ്യാര്‍ഥികളെ ആഗോള പണ്ഡിത പ്രതിഭകളാക്കാനുള്ള ധാരാളം പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും ജാമിഅ വൈസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുന്ന ഈ അംഗീകാരത്തിന് യൂണിവേഴ്സിറ്റി പ്രതിനിധികള്‍ക്കും അതിനു വേണ്ടി ശ്രമിച്ച ജാമിഅ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും പ്രത്യേകം നന്ദിയും അദ്ദേഹം അറിയിച്ചു.