International
ഗസ്സയിൽ നിലക്കാതെ കൂട്ടക്കുരുതി; 24 മണിക്കൂറിനിടെ 118 മരണം, ഒറ്റ രാത്രി കൊന്നത് 83 പേരെ
സഹായം തേടിയെത്തിയവരെ വെടിവെച്ചും ഉറങ്ങിക്കിടന്നവരെ ബോംബിട്ടും കൊലപ്പെടുത്തി

ഗസ്സ | ഫലസ്തീനികളെ കൂട്ടക്കുരുതി നടത്തി ഇസ്റാഈൽ അധിനിവേശ സേന. വെടിവെപ്പിലും വ്യോമാക്രമണങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 118 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 581 പേര്‍ക്ക് പരുക്കേറ്റു. ഗസ്സ മുനമ്പിലുടനീളം ഇസ്റാഈല്‍ വ്യാപക ആക്രമണമാണ് നടത്തിയത്. ഒറ്റരാത്രികൊണ്ട് 82 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയിൽ മാനുഷിക സഹായത്തിനായി കാത്തിരിക്കുന്നതിനിടെ 38 പേരെ വെടിവെച്ച് കൊന്നു. രാത്രിയിൽ വിവിധയിടങ്ങളിലായാണ് വെടിവെപ്പുണ്ടായത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങൾക്ക് പുറത്ത് അഞ്ച് പേരും ഗസ്സയിൽ മറ്റ് സ്ഥലങ്ങളിലായി സഹായ ട്രക്കുകൾക്കായി കാത്തിരിക്കുന്നതിനിടെ 33 പേരും കൊല്ലപ്പെട്ടുവെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.
തെക്കൻ ഗസ്സയിലെ അൽ മവാസി പ്രദേശത്തെ വിശാലമായ ടെന്റ് സിറ്റിയിൽ ഉറങ്ങിക്കിടന്ന 15 പേർ ഉൾപ്പെടെ രാത്രിയിൽ നടന്ന വ്യോമാക്രമണങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ അഭയാഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിന് നേരെ നടത്തിയ ബോംബ് ആക്രമണത്തിൽ 12 പേർ അഗ്നിക്കിരയായി.