Kerala
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയില്‍
കോണ്‍ഗ്രസ്സ് നേതാക്കള്‍ അവഗണിച്ചതു കൊണ്ടാണ് ബി ജെ പിയിലേക്ക് പോയതെന്ന് മറിയക്കുട്ടി. വീടുവച്ച് തന്നതുകൊണ്ടു മാത്രം ഉത്തരവാദിത്വം ആകുന്നില്ല.

തൊടുപുഴ | ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മറിയക്കുട്ടി ബി ജെ പിയില്‍. അടിമാലി സ്വദേശി മറിയക്കുട്ടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചതായി ബി ജെ പി വൃത്തങ്ങള്‍ അറിയിച്ചു.
വികസിത കേരളം കണ്‍വെന്‍ഷന്റെ ഭാഗമായി ബി ജെ പി തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എത്തിയാണ് മറിയക്കുട്ടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നേരത്തെ, കെ പി സി സി മറിയക്കുട്ടിക്ക് വീട് നിര്‍മിച്ചു നല്‍കിയിരുന്നു.
പെന്‍ഷന്‍ മുടങ്ങിയതിനെതിരെ മണ്‍ചട്ടിയും പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു അടിമാലി ടൗണില്‍ മറിയക്കുട്ടി പ്രതിഷേധം നടത്തിയത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ അവഗണിച്ചതു കൊണ്ടാണ് ബി ജെ പിയിലേക്ക് പോയതെന്ന് മറിയക്കുട്ടി പറഞ്ഞു. വീടുവച്ച് തന്നതുകൊണ്ടു മാത്രം ഉത്തരവാദിത്വം ആകുന്നില്ല. നാളിതുവരെയായും ഒരു കോണ്‍ഗ്രസ്സുകാരനും തന്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. സി പി എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ പോലും കോണ്‍ഗ്രസ്സ് തിരിഞ്ഞുനോക്കിയില്ല. വീടി നിര്‍മിച്ചു നല്‍കിയത് കെ പി സി സി അല്ല, ജനപ്രതിനിധികളാണെന്നും മറിയക്കുട്ടി പറഞ്ഞു.