Connect with us

Editorial

മദ്‌റസകളിലെ "മന്‍ കി ബാത്ത്'

ബി ജെ പിയോടുള്ള മുസ്‌ലിംകളുടെ അകലം കുറയ്ക്കാന്‍ മദ്‌റസകളില്‍ "മന്‍ കി ബാത്ത്' വിതരണം നടത്തുകയല്ല, അവരെ ഈ രാജ്യത്ത് മാന്യമായി ജീവിക്കാന്‍ അനുവദിക്കുകയും പള്ളികളും മദ്‌റസകളും സ്ഥാപിച്ചു നടത്തുന്നതുള്‍പ്പെടെ മതപരമായ സ്വാതന്ത്ര്യം വകവെച്ചു നല്‍കുകയുമാണ് ബി ജെ പി നേതൃത്വവും ഭരണകൂടവും വേണ്ടത്.

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്ത്’ ഉറുദുവിലേക്ക് മൊഴിമാറ്റി മദ്‌റസകളില്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി നേതൃത്വം. 2022 ജനുവരി മുതല്‍ ഡിസംബര്‍ വരെ നടത്തിയ പന്ത്രണ്ട് പ്രസംഗങ്ങളുടെ ഉര്‍ദു ഭാഷാന്തരമാണ് ആദ്യ ഘട്ടത്തില്‍ പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് ഇവ മദ്‌റസകളിലും മുസ്‌ലിം പണ്ഡിതന്മാര്‍ക്കും മുസ്‌ലിം അധ്യാപകര്‍ക്കും വിതരണം ചെയ്യും. ഈ റമസാനില്‍ തന്നെ വിതരണം ചെയ്യാനാണ് പാര്‍ട്ടി തീരുമാനം. ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഉത്തര്‍ പ്രദേശിലാണ് പദ്ധതിക്ക് തുടക്കം. മുസ്‌ലിം സമൂഹത്തില്‍ നരേന്ദ്ര മോദിയോടും ബി ജെ പി സര്‍ക്കാറിനോടുമുള്ള അകല്‍ച്ച ഇല്ലാതാക്കുകയും സര്‍ക്കാര്‍ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് മുസ്‌ലിംകളില്‍ അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് ഉത്തര്‍ പ്രദേശ് ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് കുന്‍വര്‍ ബാസിത്ത് അലി മാധ്യമങ്ങളോട് പറഞ്ഞത്. പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ മുസ്‌ലിംകള്‍ കൂടി ഗുണഭോക്താക്കളാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വിജയം ഉറപ്പിക്കുക വഴി ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ആര്‍ എസ് എസ് തീരുമാനം. പ്രത്യക്ഷത്തില്‍ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ബി ജെ പിക്ക് അനുകൂലമാണെന്ന് തോന്നുമെങ്കിലും രാഷ്ട്രീയ അടിയൊഴുക്ക് മറിച്ചാണ്. മോദി ഭരണകൂടത്തിന്റെ ജനവിരുദ്ധവും ജനാധിപത്യ താത്പര്യങ്ങള്‍ക്ക് നിരക്കാത്തതുമായ നയങ്ങളില്‍ ഇന്ത്യന്‍ ജനത പൊതുവെ അസന്തുഷ്ടരും നിരാശരുമാണ്. ഹിന്ദുത്വ ഫാസിസ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ മത ന്യൂനപക്ഷങ്ങള്‍, വിശിഷ്യാ മുസ്‌ലിം ഇന്ത്യ കടുത്ത പ്രതിഷേധത്തിലുമാണ്. മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ വിള്ളലാണ് ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് തുണയാകാറുള്ളത്. മതേതര കക്ഷികളുടെ വിശാല മുന്നണി യാഥാര്‍ഥ്യമായാല്‍ ഉത്തരേന്ത്യയിലെ പല മണ്ഡലങ്ങളിലും ബി ജെ പിയുടെ നില പരുങ്ങലിലാകും. ഈ അടിയൊഴുക്കുകള്‍ മുന്നില്‍ കണ്ടായിരിക്കണം, അടുത്ത തിരഞ്ഞെടുപ്പിലെ വിജയം ബി ജെ പിയെ സംബന്ധിച്ചിടത്തോളം അത്ര ഈസിയായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിനിടെ പ്രവര്‍ത്തകരെയും താഴേക്കിടയിലെ നേതാക്കളെയും ഓര്‍മപ്പെടുത്തിയത്.

ഇതായിരിക്കണം മുസ്‌ലിംകളെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്യാനും റമസാന്‍ ഗിഫ്റ്റായി മദ്‌റസകളില്‍ “മന്‍ കി ബാത്ത്’ ഉറുദു വിവര്‍ത്തനം വിതരണം ചെയ്യാനും ബി ജെ പി പദ്ധതി തയ്യാറാക്കിയതിനു പിന്നില്‍. പക്ഷേ, ചിത്രം വരക്കണമെങ്കില്‍ ചുമര് വേണമല്ലോ. മദ്‌റസാ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയുള്ള ബി ജെ പി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍, മദ്‌റസകളെ പ്രവര്‍ത്തിക്കാന്‍ ബി ജെ പിയും അവരുടെ ഭരണകൂടവും അനുവദിക്കേണ്ടതുണ്ട്. ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ മദ്‌റസകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അടച്ചുപൂട്ടുകയോ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു മാറ്റുകയോ ചെയ്തു കൊണ്ടിരിക്കുകയാണ്. അസമില്‍ ബി ജെ പി സര്‍ക്കാര്‍ ഇതിനകം 600 മദ്‌റസകളാണ് അടച്ചുപൂട്ടിയത്. ചില മദ്‌റസാ കെട്ടിടങ്ങള്‍ ഇടിച്ചു നിരപ്പാക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് കര്‍ണാടകയിലെ ബെലഗാവിയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെ അസം മുഖ്യമന്ത്രി തന്നെയാണ് സംസ്ഥാനത്ത് 600 മദ്‌റസകള്‍ അടച്ചുപൂട്ടിയ കാര്യം അറിയിച്ചത്. അവശേഷിക്കുന്ന മദ്‌റസകളും ഉടനെ പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. അസം ജനസംഖ്യയില്‍ 33 ശതമാനം മുസ്‌ലിംകളാണ്. സര്‍ക്കാറിന് യാതൊരു ബാധ്യതയുമില്ലാതെയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ പോലെ ഇവിടെയും മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. 3,000ത്തോളം മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഇവിടെ. അസമിനു പിന്നാലെ ഉത്തര്‍ പ്രദേശിലും മദ്‌റസകളെ തകര്‍ക്കാനുള്ള നീക്കം തുടങ്ങിയിരിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. യു പിയിലെ മദ്‌റസാ കെട്ടിടങ്ങള്‍ ഭൂരിഭാഗവും അനധികൃതമാണെന്ന് ആരോപിച്ചാണ് ഈ നീക്കം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ പരിശോധിച്ച് അംഗീകാരമില്ലാത്തവ കണ്ടെത്താനും പൊളിച്ചുനീക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. “അംഗീകാരമില്ലാതെ’ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്‌റസകളും പൊളിച്ചു നീക്കണമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബി ജെ പിയോടുള്ള മുസ്‌ലിംകളുടെ അകലം കുറയ്ക്കാന്‍ മദ്‌റസകളില്‍ “മന്‍ കി ബാത്ത്’ വിതരണം നടത്തുകയല്ല, അവരെ ഈ രാജ്യത്ത് മാന്യമായി ജീവിക്കാന്‍ അനുവദിക്കുകയും പള്ളികളും മദ്‌റസകളും സ്ഥാപിച്ചു നടത്തുന്നതുള്‍പ്പെടെ മതപരമായ സ്വാതന്ത്ര്യം വകവെച്ചു നല്‍കുകയുമാണ് ബി ജെ പി നേതൃത്വവും ഭരണകൂടവും വേണ്ടത്. മുസ്‌ലിംകള്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ് നിലവില്‍ രാജ്യത്ത്. ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുത്വര്‍ വാളോങ്ങുന്നത്. പശുവിനെച്ചൊല്ലി നിരവധി പേര്‍ വധിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തു. മുസ്‌ലിം കച്ചവട സ്ഥാപനങ്ങളും നിരന്തരം ആക്രമിക്കപ്പെടുന്നു. രണ്ട് ദിവസം മുമ്പാണ് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ കുതിരയുടെ പുറത്ത് സാധനങ്ങള്‍ വെച്ച് വഴിയോരക്കച്ചവടം നടത്തുകയായിരുന്ന ഡാനിയ എന്ന മുസ്‌ലിം യുവാവിനെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. കച്ചവടത്തിന് കുതിരയെ ഉപയോഗപ്പെടുത്തുന്നത് മൃഗത്തിനെതിരെയുള്ള ക്രൂരതയാണെന്നാരോപിച്ചായിരുന്നു മര്‍ദനം.

മുസ്‌ലിംകളുടെ ജീവനോപാധികള്‍ നശിപ്പിച്ച് അവരെ വഴിയാധാരമാക്കുകയാണ് ലക്ഷ്യം. പൗരത്വ വിഷയത്തില്‍ മുസ്‌ലിംകളെ മാത്രം വേറിട്ടു കാണല്‍, മുസ്‌ലിംകളുടെ ഒ ബി സി സംവരണം റദ്ദാക്കല്‍, കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കല്‍, ഹിജാബ് നിരോധനം, വിദ്വേഷ പ്രസ്താവനകള്‍ എന്നിങ്ങനെ മുസ്‌ലിം സമുദായം നിരന്തരം അനുഭവിക്കുന്ന പീഡനങ്ങളും വിവേചനവും “മന്‍ കി ബാത്ത്’ വായിച്ചത് കൊണ്ട് പരിഹൃതമാകുമോ?

Latest