Connect with us

National

പാർലിമെന്റി പരിചയത്തിന്റെ കരുത്തിൽ മല്ലികാർജുൻ ഖാർഗെ

കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഖാർഗെ 1962-ലാണ് കോൺഗ്രസിൽ ചേർന്നത്

Published

|

Last Updated

ന്യൂഡൽഹി| ലോക്സഭയിലേയും രാജ്യസഭയിലേയും നേതൃപാടവത്തിന്റെ പരിചയ സമ്പന്നതയുമായാണ് മല്ലിഖാർജുൻ ഖാർഗെ കോൺഗ്രസ് പാർട്ടിയുടെ അമരത്തെത്തുന്നത്. കർണാടകയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് ഖാർഗെ. ഏഴ് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, പത്ത് തവണ നിയമസഭാംഗം, രണ്ട് തവണ ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഖാർഗെ 2020 മുതൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ്.

കർണ്ണാടകയിലെ ബിടാർ ജില്ലയിലെ ഭൽക്കി താലൂക്കിലെ വാർവെട്ടി എന്ന ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിൽ മാപ്പന ഖാർഗയുടേയും സബാവയുടേയും മകനായി 1942 ജൂലൈ 21നാണ് ഖാർഗെയുടെ ജനനം. ഗുൽബെർഗിലുള്ള ന്യൂട്ടൺ വിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഗുൽബെർഗിലുള്ള ഗവ. കോളേജിൽ നിന്ന് ബിരുദവും ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി പഠനം പൂർത്തിയാക്കി. ജസ്റ്റീസ് ശിവരാജ് പാട്ടീലിൻ്റെ കീഴിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു.

കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഖാർഗെ 1962-ൽ കോൺഗ്രസിൽ ചേർന്നു. 1972-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗുർമിട്ക്കൽ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2008 വരെ തുടർച്ചയായി ഒൻപത് തവണ (1972, 1978, 1983, 1985, 1989, 1994, 1999, 2004, 2008) മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ഖാർഗെ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ രൂപീകൃതമായ മന്ത്രിസഭകളിൽ ഏഴ് തവണ കാബിനറ്റ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവർത്തിച്ചു.

മൂന്ന് തവണ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടെങ്കിലും കോൺഗ്രസ് വിജയിച്ച തിരഞ്ഞെടുപ്പുകളിൽ 1999-ൽ മുഖ്യമന്ത്രിയായ എസ്.എം.കൃഷ്ണയ്ക്ക് വേണ്ടിയും 2004-ൽ മുഖ്യമന്ത്രിയായ ധരംസിംഗിന് വേണ്ടിയും 2013-ൽ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയ്ക്ക് വേണ്ടിയും വഴിമാറുകയായിരുന്നു.

2009, 2014 വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഗുൽബർഗ് മണ്ഡലത്തിൽ നിന്ന് പാർലമെന്റ് അംഗമായി. 2014 മുതൽ 2019 വരെ ലോക്സഭയിലെ കോൺഗ്രസിന്റെ പാർലലിമെന്ററി പാർട്ടി നേതാവായി പ്രവർത്തിച്ചു. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുൽബെർഗിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയായ ഉമേഷ് ജി യാദവിനോട് പരാജയപ്പെട്ടു.

2020-ൽ കർണ്ണാടകയിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഖാർഗെ 2021 മുതൽ 2022 വരെ രാജ്യസഭയിലെ കോൺഗ്രസിൻ്റെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. ഒടുവിൽ കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിന് വേണ്ടി പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു.

Latest