Kerala
മലേഷ്യൻ പരമോന്നത പുരസ്കാരം: കാന്തപുരം തിരിച്ചെത്തി; വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ സുന്നീ പ്രവർത്തകർ ഉസ്താദിനെ ഹൃദയപൂർവം വരവേറ്റു.

കരിപ്പൂർ | ഇന്ത്യൻ മലേഷ്യൻ സർക്കാറിന്റെ പരമോന്നത പുരസ്‌കാരം സ്വീകരിച്ച് തിരിച്ചെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ഊഷ്മള വരവേൽപ്പ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ സുന്നീ പ്രവർത്തകർ ഉസ്താദിനെ ഹൃദയപൂർവം വരവേറ്റു. മലേഷ്യൻ സർക്കാറിന്റെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ രാവിലെ 8.17നാണ് കാന്തപുരം ഉസ്താത് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്.
പുലർച്ചെ ആറ് മണി മുതൽ തന്നെ കാന്തപുരം ഉസ്താദിനെ വരവേൽക്കാൻ വൻ ജനാവലി വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനമിറങ്ങി എമിഗ്രേഷൻ നടപടികൾക്ക് ശേഷം ഒൻപത് മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ അദ്ദേഹത്തെ ജനം തക്ബീർ ധ്വനികൾ മുഴക്കി സ്വീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളായ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‍ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുർറഹ്മാൻ സഖാഫി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് കാന്തപുരത്ത വിമാനത്താവളത്തിൽ സ്വീകരിച്ചത്. തുടർന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ കോഴിക്കോട് നഗരത്തിലേക്ക് ആനയിച്ചു.
ശേഷം കാരന്തൂർ മർകസിൽ അദ്ദേഹത്തിന് ഇപ്പോൾ പൗര സ്വീകരണം നൽകുകയാണ്. മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ഉൾപ്പടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്.
സാമൂഹിക വൈജ്ഞാനിക മേഖലകളിൽ മികച്ച സേവനങ്ങൾ നൽകുന്ന മതപണ്ഡിതർക്ക് ഹിജ്‌റ വർഷാരംഭത്തിൽ മലേഷ്യൻ സർക്കാർ നൽകുന്ന പുരസ്‌കാരം കഴിഞ്ഞ ദിവസമാണ് മലേഷ്യൻ രാജാവ് അൽസുൽത്താൻ അബ്ദുല്ല സുൽത്താൻ അഹ്‌മദ് ഷാ കാന്തപുരത്തിന് സമ്മാനിച്ചത്.ലോക ഇസ്‌ലാമിക വേദികളിലെ സ്ഥിരം സാന്നിധ്യമായ കാന്തപുരത്തിന്റെ ആറ് പതിറ്റാണ്ട് നീണ്ട സാമൂഹിക പ്രവർത്തനത്തിനുള്ള അംഗീകാരമാവുകയാണ് ഈ പുരസ്‌കാരം.