From the print
സാര്‍ക്ക് ഹെറിറ്റേജ് ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി
അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ മ്യൂസിയോളജി വിഭാഗം ചെയര്‍മാനാണ് അബ്ദുര്‍റഹീം.

കോട്ടക്കല്‍ | സാര്‍ക്ക് ഹെറിറ്റേജ് ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിഷയാവതരണം നടത്തി മലയാളി അധ്യാപകന്‍. കോട്ടക്കല്‍ എടരിക്കോട് പുതുപറമ്പ് സ്വദേശി ഡോ. കെ അബ്ദുര്‍റഹീമാണ് ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സാര്‍ക്ക് ഹെറിറ്റേജ് ഫോറത്തില്‍ പങ്കെടുത്തത്. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ മ്യൂസിയോളജി വിഭാഗം ചെയര്‍മാനാണ് അബ്ദുര്‍റഹീം.
ലൈഫ് സയന്‍സില്‍ ബിരുദാനന്തര ബിരുദം, മ്യൂസിയോളജിയില്‍ പോസ്റ്റ് എം എസ് സി ഡിപ്ലോമ, മ്യൂസിയോളജിയില്‍ തന്നെ എം ഫിലും പി എച്ച് ഡിയും ജെ ആര്‍ എഫും നേടിയ ഡോ. അബ്ദുര്‍റഹീം 1987 മുതല്‍ തുടങ്ങിയതാണ് അലിഗഢിലെ ജീവിതം. ശേഷം അവിടെ തന്നെ ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് അസ്സോ. പ്രൊഫസറും പ്രൊഫസറും വകുപ്പ് മേധാവിയുമായി.
ലണ്ടന്‍ ആസ്ഥാനമായ ഓക്സ്ഫോര്‍ഡ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് അംഗം, യു പി എസ് സി ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം, എ ഐ സി ടി ഇ ദേശീയ വിദഗ്ധ സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദേശീയ അന്തര്‍ ദേശീയ സമ്മേളനങ്ങളില്‍ 45 പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും 40 പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര മ്യൂസിയം കൗണ്‍സില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം, ഇന്ത്യന്‍ മ്യൂസിയം അസ്സോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗം, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയ ഉപദേഷ്ടാവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പഠന കാലത്ത് നാട്ടില്‍ എസ് എസ് എഫിന്റെ നേതൃനിരയിലുണ്ടായിരുന്നു. എസ് എസ് എഫിന്റെ ദേശീയതലത്തിലെ സംഘടനാ സംവിധാനമായിരുന്ന എം എസ് ഒയുടെ 1991 മുതല്‍ 1995 വരെയുള്ള ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതുപറന്പിലെ പരേതനായ കോഴിക്കോടന്‍ പോക്കര്‍ ഹാജിയാണ് പിതാവ്. അലിഗഢ് ക്യാന്പസ് സ്‌കൂളിലെ അധ്യാപിക മുംതാസ് എലിക്കോട്ടിലാണ് ഭാര്യ. മക്കള്‍: മുഹമ്മദ് മന്‍സൂര്‍ (മലേഷ്യ), ആഇശ.