Connect with us

Uae

മലയാളം മിഷന്‍ അബുദാബി ചാപ്റ്റര്‍ മാതൃഭാഷാ ശൃംഖലയുടെ അതിശക്തമായ കണ്ണി - മുരുകന്‍ കാട്ടാക്കട

ഭൂപരിഷ്‌കാരം വഴിയും, സേവന വേതന രംഗത്തും, വിദ്യാഭ്യാസ പരിഷ്‌കരണത്തിലും, ആരോഗ്യപരിരക്ഷയിലും ലോകത്തിനു മാതൃകയായിട്ടുള്ള കേരളത്തിന്റെ പുതിയൊരു കയ്യൊപ്പ് കൂടിയാണ് മലയാളം മിഷന്‍ പ്രവര്‍ത്തനം

Published

|

Last Updated

അബുദാബി | മലയാളം മിഷന്‍ അബുദാബി ചാപ്റ്റര്‍ മാതൃഭാഷാ ശൃംഖലയുടെ അതിശക്തമായ കണ്ണിയാണെന്നും ഇത്രയും സമൃദ്ധമായി ഭാഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രദേശങ്ങള്‍ പ്രവാസലോകത്ത് കുറവാണെന്നും മുരുകന്‍ കാട്ടാക്കട. മലയാളം മിഷന്‍ അബുദാബി ചാപ്റ്ററിനു കീഴില്‍ സംഘടിപ്പിച്ച ആറാമത് പഠനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മലയാളം മിഷന്‍ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകന്‍ കാട്ടാക്കട

ഭൂപരിഷ്‌കാരം വഴിയും, സേവന വേതന രംഗത്തും, വിദ്യാഭ്യാസ പരിഷ്‌കരണത്തിലും, ആരോഗ്യപരിരക്ഷയിലും ലോകത്തിനു മാതൃകയായിട്ടുള്ള കേരളത്തിന്റെ പുതിയൊരു കയ്യൊപ്പ് കൂടിയാണ് മലയാളം മിഷന്‍ പ്രവര്‍ത്തനം.ലോകം മുഴുവന്‍ ഒരുമിച്ച് കൈകോര്‍ത്ത് നില്‍ക്കുന്ന വലിയൊരു കുടുംബമായി മാറിയിരിക്കുന്ന ആഗോള കൂട്ടായ്മയായ മലയാളം മിഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.50 രാജ്യങ്ങളിലും കേരളത്തിന് പുറത്ത് 25 സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന മലയാളം മിഷന്‍ 100 ചാപ്റ്റര്‍ തികഞ്ഞ ചരിത്രമുഹൂര്‍ത്തത്തിലാണ് മലയാളം മിഷന്‍ അബുദാബി ചാപ്റ്റര്‍ പഠനോത്സവം സംഘടിപ്പിച്ചരിക്കുന്നത്.മാത്രമല്ല, പത്താം ക്ലാസിനു തത്തുല്യമായ നീലക്കുറിഞ്ഞി പരീക്ഷ ആദ്യമായി എഴുതിയതിന്റെ ഫലം പ്രഖ്യാപിച്ച സന്ദര്‍ഭവും കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്‍, അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കായാനയില്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി ഹിദായത്തുള്ള, മലയാളം മിഷന്‍ കെഎസ്സി കോര്‍ഡിനേറ്റര്‍ പ്രജിന അരുണ്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മലയാളം മിഷന്‍ അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് വി പി കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും അബുദാബി സിറ്റി മേഖല കോര്‍ഡിനേറ്റര്‍ ധനേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, ബദാസായിദ്, റുവൈസ് എന്നിവിടങ്ങളിലായി നടന്ന പഠനോത്സവത്തില്‍ 204 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

കണിക്കൊന്നയില്‍ 96 വിദ്യാര്‍ത്ഥികളും, സൂര്യകാന്തിയില്‍ 73 വിദ്യാര്‍ത്ഥികളും, ആമ്പലില്‍ 35 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. യുഎഇയില്‍ ആദ്യമായാണ് ആമ്പല്‍ പഠനോത്സവം നടന്നതെന്ന പ്രത്യേകതയും ഈ പഠനോത്സവത്തിനുണ്ട്. ചെണ്ടമേളത്തോടു കൂടി ആരംഭിച്ച പഠനോത്സവത്തില്‍ കവിതകള്‍ ചൊല്ലിയും ഗാനങ്ങള്‍ ആലപിച്ചും അക്ഷരാര്‍ത്ഥത്തില്‍ ഉത്സവാന്തരീക്ഷം തീര്‍ത്തു.

 

Latest