Connect with us

pravasi

ജീവിതം ലളിതമാക്കുക, വരുന്നൂ സാമ്പത്തിക മാന്ദ്യം

അവർക്കറിയില്ല, ഗൾഫിൽ ജോലി ചെയ്യുന്ന കുടുംബനാഥന്റെ അല്ലെങ്കിൽ നാഥയുടെ ശമ്പളം വർധിച്ചിട്ടില്ലെന്ന്. സംരംഭകരുടെ വരുമാനം കുറഞ്ഞെന്ന്.

Published

|

Last Updated

ലോകത്ത് ജീവിതച്ചെലവ് നാൾക്കുനാൾ കൂടിവരികയാണ്. സമ്പന്ന രാജ്യങ്ങളായിരുന്നിട്ടും ഗൾഫിലും ഇതിന്റെ പ്രതിഫലനമുണ്ട്. നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിക്കുന്നതാണ് പ്രധാന പ്രശ്നം. ഗൾഫ് രാജ്യങ്ങൾ വലിയ തോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്നവയാണ്. അരി, പഞ്ചസാര, മുട്ട എന്നിങ്ങനെ മിക്കവയും പുറത്തു നിന്ന് വരണം. ഉത്പാദക രാജ്യങ്ങളിൽ വില കയറുമ്പോൾ സ്വാഭാവികമായും ഗൾഫിലും ജീവിതച്ചെലവ് കൂടും. ഇന്ധന വില കയറുന്നതും ഡോളർ ശക്തിപ്പെടുന്നതും ഇതിനെ ത്വരിതപ്പെടുത്തും. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ഏവർക്കും പേടിപ്പെടുത്തുന്ന ഓർമയാണ്. ധനവിനിമയ സ്ഥാപനങ്ങൾ പോലും അന്ന് തകർന്നു. ഉത്പന്നങ്ങൾ കിട്ടാതായി.

ഇന്ന് രണ്ട് പ്രതിസന്ധികൾ കൂടി ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. വാടക വർധനയും താങ്ങാനാകാത്ത വിദ്യാഭ്യാസച്ചെലവും. യു എ ഇ, ഖത്വർ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കാല ശേഷം വാടക വർധിക്കുന്നു. യു എ ഇയിൽ വടക്കൻ എമിറേറ്റുകളിൽ ഏതാനും മാസം മുമ്പ് വരെ 12,000 ദിർഹത്തിന് ഒറ്റമുറി ലഭ്യമായിരുന്നു. അധികം അംഗസംഖ്യ ഇല്ലാത്ത കുടുംബത്തിന് ഇത് മതിയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ വാടക 50 ശതമാനം കൂടി. വേനലവധി കഴിഞ്ഞു മടങ്ങിയെത്തുന്ന കുടുംബങ്ങൾ, വാടക പുതുക്കാറായിട്ടുണ്ടെങ്കിൽ ചിലപ്പോൾ ഇരട്ടി കൊടുക്കേണ്ടി വരും. കെട്ടിട ഉടമകളെ കുറ്റപ്പെടുത്താനും വയ്യ. അറ്റകുറ്റപ്പണിക്ക് ചെലവ് കൂടിയിരിക്കുന്നു. വാടകക്കാരെ പിഴിയുന്നത് അതുകൊണ്ടാണ്. വിദ്യാലയങ്ങൾ വീണ്ടും തുറക്കാൻ അധിക ദിവസങ്ങളില്ല. മികച്ച വിദ്യാലയങ്ങൾ ആണെങ്കിൽ അതിനനുസരിച്ചാകും ചെലവ്. പ്രാഥമിക വിദ്യാലയ പഠനത്തിന് പോലും മാസം 2,000 ദിർഹം കരുതണം. പുതിയ ബേഗ്, യൂനിഫോം എന്നിങ്ങനെ പ്രാരംഭച്ചെലവുകൾ വേറെ.

ജനങ്ങളുടെ ദുരിതം കുറക്കാൻ ഭരണകൂടങ്ങൾ ഇടപെടുന്നുണ്ട്. യു എ ഇ ഇന്ധന വില ഗണ്യമായി കുറച്ചു. പൗരന്മാർക്ക് അവശ്യ സാധനങ്ങൾക്ക് അലവൻസ് ഏർപെടുത്തി. കമ്പോളത്തിൽ ഇടപെടൽ തുടരുന്നു. സഹകരണ മേഖലയിലെ ഹൈപ്പർമാർക്കറ്റുകളിൽ അവശ്യ സാധനങ്ങൾ യഥേഷ്ടം ലഭ്യമാക്കുകയും വില നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു. മലയാളികളെ സംബന്ധിച്ച് ഓണക്കാലമാണ് വരുന്നത്. ഗൾഫിലാണ് ലോകത്ത് ഏറ്റവും ഗംഭീരമായി മലയാളികൾ ഓണം ആഘോഷിക്കാറുള്ളത്. ഓണക്കോടിക്കും സമൃദ്ധമായ സദ്യയൊരുക്കലിനും അടക്കം വലിയ ചെലവ് പിന്നാലെ വരുന്നുണ്ട്. മാന്ദ്യകാലം എന്ന് കരുതി മുണ്ട് മുറുക്കിയുടുക്കാൻ ആരും തയാറല്ല. “കടം വാങ്ങിയെങ്കിലും ഓണം സമൃദ്ധമായിരിക്കണം.’ ഇത്തവണ സംഘടനകളും അരയുംതലയും മുറുക്കിയിട്ടുണ്ട്. കൊവിഡ് ഒതുങ്ങിയതിന്റെ ആവേശമാണ്.

നാട്ടിലും ചെലവ് കുത്തനെ ഉയർന്നിട്ടുണ്ട്. കുടുംബത്തിന് അയച്ചുകൊടുക്കേണ്ട തുക പോര. അവിടെ ജീവിതശൈലി മാറിയത്, ഗൾഫിനെ ആശ്രയിച്ചു കുടുംബം പുലർത്തുന്നവരെ കുഴക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം വഴിയരികിൽ പുതിയ വിഭവങ്ങളുടെ ഉത്സവമാണ്. സ്വാഭാവികമായും ഇതിലേക്ക് ആകർഷിക്കപ്പെടും. വീട്ടിൽ അടുക്കള എന്നേക്കുമായി പൂട്ടിയവരുമുണ്ട്. അവർക്കറിയില്ല, ഗൾഫിൽ ജോലി ചെയ്യുന്ന കുടുംബനാഥന്റെ അല്ലെങ്കിൽ നാഥയുടെ ശമ്പളം വർധിച്ചിട്ടില്ലെന്ന്. സംരംഭകരുടെ വരുമാനം കുറഞ്ഞെന്ന്.

എല്ലാം കൊണ്ടും ഊർധ്വശ്വാസം വലിക്കുകയാണ് ആളുകൾ. ആഡംബരം ലഘൂകരിക്കുകയേ നിവർത്തിയുള്ളൂ. കൊവിഡ് വേളയിൽ മിക്കവർക്കും വരുമാനം നഷ്ടപ്പെട്ടിരുന്നെങ്കിലും വിവാഹം, പാല് കാച്ചൽ, അടിയന്തിരം എന്നിങ്ങനെ ചടങ്ങുകൾ മിതമായിരുന്നു. ആൾക്കൂട്ട ബഹളങ്ങൾ, “ഇറച്ചിയേറ്’ ആളുകൾ ഉപേക്ഷിച്ചിരുന്നു. ആരൊക്കെയോ ചേർന്ന് അതിനെയൊക്ക പൊക്കിയെടുത്തു തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. ജീവിതം ലളിതമാക്കുക മാത്രമേ പരിഹാരമായുള്ളൂ. ആഗസ്റ്റ് 15ന് രാഷ്ട്രപിതാവ് ഗാന്ധിജിയെ ഓർക്കുമ്പോൾ ആ ജീവിത സന്ദേശം കൂടി ഉൾക്കൊള്ളുക, ലോകത്തിന്റെ ഏത് കോണിലായാലും എല്ലാ ഇന്ത്യക്കാരും.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest