Connect with us

KERALA BUDGET

കേരളത്തില്‍ ആഭ്യന്തര ഉല്‍പ്പാദനം ഉയര്‍ത്താന്‍ മെയ്ക്ക് ഇന്‍ കേരള

ഈ വര്‍ഷം 100 കോടി രൂപ മാറ്റിവെക്കും

Published

|

Last Updated

കോഴിക്കോട് |  കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനവും തൊഴില്‍ സംരംഭവും നിക്ഷേപ അവസരങ്ങളും വര്‍ധിപ്പിക്കാന്‍ സൗകര്യമൊരുക്കുന്ന ബൃഹത്ത് പദ്ധതിയായ മെയ്ക്ക് ഇന്‍ കേരള സജ്ജമാകുന്നു.
ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണു പദ്ധതി പ്രഖ്യാപിച്ചത്.

മെയ്ക്ക് ഇന്‍ കേരളക്കായി പദ്ധതി കാലയളവില്‍ 1000 കോടി രൂപ അധികമായി അനുവദിക്കും. ഈ വര്‍ഷം 100 കോടി രൂപ മാറ്റിവെക്കും. മെയ്ക്ക് ഇന്‍ കേരളക്കായി വിശദമായ പഠനം നത്തിയിട്ടുണ്ട്. കേരളത്തിലേക്ക് 2021-22 വര്‍ഷം ഏകദേശം 1,28,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതിചെയ്തത്. ഇതില്‍ 92 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. ഇക്കാലയളവില്‍ സംസ്ഥാനത്തിന്റെ കയറ്റുമതി ഏകദേശം 74,000 കോടി രൂപയുടേതായിരുന്നു. ഇതില്‍ 70 ശതമാനവും ഇതര സംസ്ഥാനങ്ങളിലേക്കായിരുന്നു.

കേരളത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയര്‍ന്നതാണ്. ഈ സാഹചര്യത്തില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യതയുള്ളവ കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ഉല്‍പ്പാദനക്ഷമത, കൂലി ചെലവ്, ലാഭം തുടങ്ങിയവ വിശകലനം ചെയ്ത് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും ഉല്‍പ്പാദനത്തിന് പിന്തുണ നല്‍കാനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

ശാസ്ത്രസാങ്കേതിക സംരംഭക ഗവേഷണ ഗ്രൂപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണു പദ്ധതിയുടെ രൂപീകരണം നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പും ഇതര വകുപ്പുകളും ചേര്‍ന്ന് വിപുലമായ പ്രായോഗിക പദ്ധതി രൂപീകരിക്കും.

കാര്‍ഷിക-മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കും മെയ്ക്ക് ഇന്‍ കേരളയിലൂടെ പിന്തുണ നല്‍കും. സംരംഭങ്ങള്‍ക്കുള്ള മൂലധനം കണ്ടെത്താന്‍ പലിശയിളവ് ഉള്‍പ്പെടെയുളള സഹായങ്ങള്‍ അനുവദിക്കും.

വ്യവസായ വകുപ്പ് നടത്തുന്ന സംരംഭകവര്‍ഷം പദ്ധതി, സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയോട് കേരളത്തിലെ യുവ സംരംഭക സമൂഹം നടത്തുന്ന പ്രതികരണം മെയ്ക്ക് ഇന്‍ കേരള എന്ന ബൃഹദ് പദ്ധതി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കിയെന്നാണു ധനമന്ത്രി പറയുന്നത്.