Connect with us

National

മധുര തനിഷ്‌ക് ജ്വല്ലറിയിലെ കവര്‍ച്ച; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ മീനാക്ഷി അറസ്റ്റില്‍, മുഖ്യ പ്രതി നിഷാന്തിനായി തിരച്ചില്‍

നിഷാന്തിന്റെ പിതാവ് അശോകിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് മധുരയിലെ തനിഷ്‌ക് (Tanishq) ഷോറൂമില്‍ നിന്ന് ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രധാന പ്രതിയായ നിഷാന്തിന്റെ അടുത്ത സുഹൃത്തും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ മീനാക്ഷിയെ മധുര സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. നിഷാന്തിന്റെ പിതാവ് അശോകിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള നിഷാന്തിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്.

സാങ്കേതിക ഉത്പന്നങ്ങളെ കുറിച്ചുള്ള വീഡിയോ റിവ്യൂകള്‍ പങ്കുവെക്കുന്ന മീനാക്ഷിക്ക് സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. പത്ത് ലക്ഷം (1 മില്യണ്‍) ഫോളോവേഴ്സ് ഉള്ള ‘ടെക്‌ബോസ് ഇന്ത്യ’ (techbossIndia) എന്ന ഇന്‍സ്റ്റഗ്രാം പേജുമായും അവര്‍ക്ക് ബന്ധമുണ്ടായിരുന്നു. മീനാക്ഷിക്കൊപ്പമുള്ള വീഡിയോകളില്‍ നിഷാന്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യാത്രാ വീഡിയോകള്‍ പങ്കുവെക്കുന്ന മറ്റൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിഷാന്തിനുണ്ട്. കൂടാതെ ഇയാള്‍ വീഡിയോ എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

നിരവധി തവണ ജ്വല്ലറി ഷോറൂം സന്ദര്‍ശിച്ച ശേഷമാണ് നിഷാന്ത് മോഷണം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന് ലഭിച്ച വിവരം. മോഷ്ടിച്ച ആഭരണങ്ങള്‍ എവിടെയാണ് ഒളിപ്പിച്ചിരുന്നതെന്ന് മീനാക്ഷിക്ക് അറിയാമായിരുന്നു. മുഖംമൂടി ധരിച്ച ഒരാള്‍ തനിഷ്‌ക് ഷോറൂമില്‍ പ്രവേശിച്ച് ആഭരണങ്ങളുമായി കടന്നുകളയുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. അന്വേഷണം പുരോഗമിക്കവെ, കൂടുതല്‍ സി സി ടി വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചതില്‍ നിന്ന്, മോഷണത്തില്‍ മീനാക്ഷിക്കും അശോകിനും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

അറസ്റ്റിലായതിന് പിന്നാലെ, മോഷ്ടിച്ച ആഭരണങ്ങള്‍ എവിടെയാണ് ഒളിപ്പിച്ചിരുന്നതെന്ന് മീനാക്ഷി വെളിപ്പെടുത്തി. തുടര്‍ന്ന്, പ്രതികള്‍ കുഴിച്ചിട്ടിരുന്ന അഞ്ച് കിലോയിലധികം വരുന്ന ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു.

സെപ്തംബര്‍ നാലിന് രാത്രിയാണ് തനിഷ്‌ക് ഷോറൂമില്‍ നിന്ന് 10.5 കിലോ സ്വര്‍ണാഭരണവും ഒരുകിലോ വജ്രാഭരണവു മോഷ്ടിക്കപ്പെട്ടത്. കേസന്വേഷണത്തിനായി മധുര സിറ്റി പോലീസ് ഒമ്പത് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. ഷോറൂം അടുത്തിടെ ഉദ്ഘാടനം ചെയ്തതാണെന്നും അവിടെ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ, സ്ഥാപനത്തില്‍ സുരക്ഷാ വീഴ്ചകള്‍ ഉണ്ടായതായും പോലീസ് തിരിച്ചറിഞ്ഞു.

Content Highlights: Instagram influencer Meenakshi was arrested over the Madurai Tanishq jewellery robbery. Police identified her involvement during the ongoing investigation into the gold heist. A widespread search operation is currently underway to apprehend the main accused, Nishanth.

 

 

Latest