Ongoing News
മദീന ബസ് ദുരന്തം: രക്ഷപ്പെട്ട മുഹമ്മദ് അബ്ദുല്‍ ശുഹൈബിനെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സന്ദര്‍ശിച്ചു
ശുഹൈബിന് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം നല്‍കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി.
മദീന | സഊദിയിലെ മദീനയിലുണ്ടായ ബസ് അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദ് അബ്ദുല്‍ ശുഹൈബിനെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി സന്ദര്‍ശിച്ചു. പരുക്കേറ്റ ശുഹൈബ് മദീനയിലെ സഊദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ത്യയിലെ ഹൈദരാബാദ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് മദീനക്ക് സമീപം അപകടത്തില്‍ പെട്ടത്. ബസിലുണ്ടായിരുന്ന 46 തീര്‍ഥാടകരില്‍ 45 പേരും മരണപ്പെട്ടു. ശുഹൈബ് മാത്രമാണ് രക്ഷപ്പെട്ടത്. ശുഹൈബിനെ പരിചരിക്കുന്ന ആശുപത്രി അധികൃതരില്‍ നിന്ന് കോണ്‍സുല്‍ ജനറല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ശുഹൈബിന് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം നല്‍കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചതായി ഫഹദ് അഹമ്മദ് ഖാന്‍ പറഞ്ഞു. ശുഹൈബ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് കോണ്‍സുലേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.


